
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളായ ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചശല്യം രൂക്ഷമാകുന്നു. വിവിധ ജനുസ്സില്‍പ്പെട്ട വെള്ളീച്ചകളുടെ കൂട്ടമാണ് തെങ്ങിന്‍ തോപ്പുകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്നത്. തൂവെള്ളനിറത്തില്‍ കാണപ്പെടുന്ന ഇത്തരം കീടങ്ങള്‍ ഇലയുടെ അടിയില്‍ വൃത്താകൃതിയിലോ അര്‍ദ്ധവൃത്താകൃതിയിലോ മുട്ടയിടുകയും വെള്ളപഞ്ഞിപോലുള്ള
ആവരണംകൊണ്ട് മുട്ടമൂടുകയും ചെയ്യുന്നു. കൂടാതെ, തെങ്ങോലകളുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുകയും മധുരശ്രവം വിസര്‍ജ്ജിക്കുകയും ചെയ്യും. ഈ വിസര്‍ജ്യങ്ങളെ ആകര്‍ഷിച്ചു എത്തുന്ന കരിംപൂപ്പലുകള്‍ തെങ്ങോലകളില്‍ വ്യാപിക്കുന്നു. തല്‍ഫലമായി തെങ്ങോലകള്‍ കറുത്തനിറത്തില്‍ കാണുകയും ഇത് പിന്നീട് പ്രകാശസംശ്ലേഷണത്തെ തടയുകയും ചെയ്യുന്നു. കീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സംരക്ഷണ ജൈവനിയന്ത്രണമാര്‍ഗ്ഗം വഴി ഈ കീടാക്രമണം കുറയ്ക്കാന്‍ സാധിക്കും. കീടബാധയേറ്റ തൈകള്‍ മറ്റൊരു കൃഷിസ്ഥലത്തേക്ക് കൊണ്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ധാരാളമായി ലഭിക്കുന്ന പ്രദേശങ്ങളില്‍ പശചേര്‍ത്ത് വളരെ ശക്തിയോടുകൂടി വെള്ളം ഓലകളില്‍ സ്‌പ്രേ ചെയ്തുകൊടുക്കുക വഴി കീടത്തിന്റെ വിവിധ വളര്‍ച്ചഘട്ടങ്ങളെ ഓലകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. മഴ കൂടുതലുള്ള സാഹചര്യങ്ങളില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ തന്നെ ഇവയുടെ ആക്രമണം കുറയുന്നതാണ്. മണ്ണ് പരിശോധന അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തോതില്‍ മാത്രം വളങ്ങള്‍
നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വെള്ളീച്ചകളുടെ സമാധിഘട്ടത്തെ തിന്നുനശിപ്പിക്കുന്ന മിത്രകീടങ്ങളായ പരാദങ്ങളാണ് എന്‍കാര്‍സിയ ജനുസ്സില്‍ പെടുന്നവ. ഈ മിത്രകീടങ്ങള്‍ ആക്രമിക്കുന്ന സമാധിഘട്ടങ്ങള്‍ കറുപ്പ് നിറത്തില്‍ കാണപ്പെടുന്നു. ഓലകളില്‍ രൂപപ്പെടുന്ന കരിംപൂപ്പലുകളെ നശിപ്പിക്കുന്നതിനായി നേര്‍പ്പിച്ച കഞ്ഞിവെള്ളം സ്‌പ്രേചെയ്യുന്നത് ഗുണകരമാണ്. കൂടാതെ കരിംപൂപ്പലുകളെ തിന്നുനശിപ്പിക്കുന്ന വണ്ടുകളും
പ്രകൃതിയില്‍ തന്നെ കാണപ്പെടുന്നവയാണ്. ആയതിനാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ ഈ പ്രാണികളെ നിലനിര്‍ത്തുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രാസകീടനാശിനികളുടെ ഉപയോഗം പാടെ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമായാല്‍ 0.5 % വേപ്പെണ്ണ അല്ലെങ്കില്‍ 5 % വേപ്പിന്‍കുരുസത്ത് അല്ലെങ്കില്‍ വേപ്പെണ്ണ (2%) + വെളുത്തുള്ളി (2%) + അന്നജം (1%) എന്ന മിശ്രിതം തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ച് കൊടുക്കുന്നത് അനുയോജ്യമാണ്.
Leave a Reply