Saturday, 27th July 2024

 
 
ആധുനിക യന്ത്രങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ്(ഇന്ത്യ)യുടെ നേതൃത്വത്തില്‍ 'ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള നൂതന യന്ത്രവത്ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
         കൃഷിക്ക് ആവശ്യമായ നിരവധി യന്ത്രങ്ങള്‍ വിപണിയിലുണ്ടെങ്കിലും ഉയര്‍ന്ന വില കേരളത്തിലെ ശരാശരി കര്‍ഷകന് ഇവ ഇപ്പോഴും അപ്രാപ്യമാക്കുകയാണ്. ഇവ കര്‍ഷകര്‍ക്ക് പ്രാപ്യമായ വിലയില്‍ നിര്‍മ്മിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ക്കുണ്ട്. ഇത്തരം സഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണെങ്കില്‍ കാര്‍ഷിക മേഖലയിലും കാര്‍ഷിക അനുബന്ധ മേഖലയിലും ധാരാളം ആളുകള്‍ കടന്നുവരുമെന്നും മന്ത്രി പറഞ്ഞു. ശില്പശാലയില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും ഏറ്റവും ഉപകാരപ്രദമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങളും വേണ്ട രീതിയില്‍ പഠിച്ച് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി അറിയിച്ചു. ശില്പശാലയില്‍ പ്രബന്ധം അവതരിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. 
 
       രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയില്‍ കാര്‍ഷികമേഖല, കാര്‍ഷിക അനുബന്ധമേഖല, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങടെ നിര്‍മ്മാണം, ജല-മണ്ണ് സംരക്ഷണം, കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും, കാര്‍ഷിക എന്‍ജിനീയറിംഗിന്റെ വിവിധ ശാഖകള്‍ എന്നീ വിഷയങ്ങളിലൂന്നി മുപ്പത്തിയഞ്ചോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 20 ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിനില്‍ പങ്കെടുത്തു. ഏകദേശം അഞ്ഞൂറോളം ആളുകളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നതിനും പ്രദര്‍ശനം കാണുന്നതിനുമായി എത്തിച്ചേര്‍ന്നത്. 
 
         ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ചെയര്‍മാന്‍ എന്‍ രാജ്കുമാര്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് സെക്രട്ടറി ഉദയകുമാര്‍ കെ എസ്, കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ജെയിംസ്, സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍ ബാബു എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *