Saturday, 20th April 2024

നെല്‍കൃഷി ഇല്ലാതാകുന്ന കേരളം
അരവിന്ദ് രാജ് പി.

കേരളത്തിന്‍റെ വയലുകളില്‍ നെല്‍കൃഷി ഇല്ലാതാകുന്നത് വളരെ ലാഘവത്തോടെയാണ് മലയാളി കാണുന്നത്. അതിന്‍റെ പിന്നിലെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. നെല്‍കൃഷി ഇല്ലെങ്കിലെന്താ നമുക്ക് അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുമല്ലോ എന്നാണ് ചിന്ത.
മലയാളിക്ക് ഒരുദിവസം ശരാശരി 7500 ടണ്‍ അരി വേണമെന്നാണ് കണക്ക്. ഇതിനായി മൂന്നുലക്ഷത്തോളം നെല്‍കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്നു. ഇതില്‍ 90 ശതമാനവും അന്യസംസ്ഥാനങ്ങളിലെ വയലുകളിലാണ്. അവര്‍ വയലില്‍ ഇറങ്ങിയില്ലെങ്കില്‍ നാം പട്ടിണി കിടക്കേണ്ടിവരുമെന്നതാണ് വസ്തുത.
കേരളത്തിന് സ്വന്തമായി നെല്ലറ ഒക്കെയുണ്ട്. 83000 ഹെക്ടര്‍ നെല്‍കൃഷിക്കുള്ള പാലക്കാടാണ് സംസ്ഥാനത്ത് 40 ശതമാനം അരി ഉല്പാദിപ്പിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാടും, തൃശൂര്‍ – പൊന്നാനിയിലും അരി ഉല്പാദിപ്പിക്കുന്നു. ഹെക്ടറിന് 4.5 ടണ്‍ ശരാശരി പാലക്കാടിന്‍റെ വകയാണ്. മറ്റു ജില്ലകളില്‍ ഇത് 2.7 ടണ്‍ മാത്രം. എന്നാല്‍ ഈ കണക്ക് ഇപ്പോള്‍ തകിടംമറിഞ്ഞുകൊണ്ടിരിക്കുന്നു. 1995 മുതല്‍ ഉല്പാദനച്ചെലവ് കൂടിയതോടെ നെല്‍കൃഷി ആദായകരമല്ലാത്ത സ്ഥിതിയായി. ഭൂരിപക്ഷം കര്‍ഷകരും നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങി. പലരും സ്വന്തം വയലുകളില്‍ മറ്റു കൃഷികള്‍ പരീക്ഷിച്ചു. ചിലര്‍ വയലുകള്‍ മണ്ണിട്ടു നികത്തി വീടും, കെട്ടിടങ്ങളും വെച്ചു. മറ്റുചിലര്‍ റോഡുകള്‍ നിര്‍മ്മിച്ചു.
വയലുകള്‍ മറ്റുതരത്തില്‍ രൂപാന്തരപ്പെടുത്തിയപ്പോള്‍ സൗകര്യപൂര്‍വ്വം നെല്‍കൃഷിയെ വിസ്മരിച്ചു. സര്‍ക്കാര്‍ നെല്‍കൃഷി സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുകയും പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് കര്‍ഷകരിലേക്ക് എത്തുന്നില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആറുലക്ഷത്തിലധികം വയലേലകളാണ് അപ്രത്യക്ഷമായത്. വയലുകള്‍ മണ്ണിട്ട് നികത്തിയപ്പോള്‍ ഭക്ഷ്യസുരക്ഷ പഴങ്കഥയായി. 1980 മുതല്‍ക്കാണ് വയലുകളുടെ കഷ്ടകാലം തുടങ്ങിയത്. 1955-56 കാലഘട്ടത്തില്‍ 760000 ഹെക്ടര്‍ നെല്‍പ്പാടങ്ങളുണ്ടായിരുന്നു. 1970-71ല്‍ അത് 880000 ഹെക്ടറായി കൂടി. 1965-66 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നെല്‍കൃഷി ഉല്പാദനം റെക്കോര്‍ഡ് കവിഞ്ഞു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് അത്ഭുതമായിരിക്കും. നെല്‍കൃഷിയെ അത്രമാത്രം സ്നേഹിച്ചിരുന്ന തലമുറയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്‍റെ കരുതല്‍ ഭക്ഷ്യശേഖരത്തിലേക്ക് 32 ശതമാനം വര്‍ധനയാണ് കേരളം സമ്മാനിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ 2010ലെ കേരള ഇക്കണോമിക് റിപ്പോര്‍ട്ട് പ്രകാരം മലയാളിക്കാവശ്യമായ 15 ശതമാനമാണ് കേരളത്തിലെ ഉല്പാദനം. ഒരുവര്‍ഷം 40 ലക്ഷം ടണ്‍ അരി വേണമെന്നാണ് കണക്കുകള്‍. എന്നാല്‍ ഉല്പാദിക്കുന്നതോ വെറും ആറുലക്ഷം ടണ്‍ മാത്രം.
അന്യസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അധ്വാനിക്കുന്നതുകൊണ്ടാണ് മലയാളി വിശപ്പറിയാതെ ജീവിക്കുന്നത്. മലയാളി വൈറ്റ് കോളര്‍ സംസ്ക്കാരത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുന്നതോടെ വെളിയില്‍ ഇറങ്ങാന്‍ മടിയായി. ഇപ്പോള്‍ നെല്‍കൃഷി എന്നത് നമ്മുടെ മണ്‍മറഞ്ഞ സംസ്കാരത്തിന്‍റെ ഭാഗമാണ്. ചിലയിടങ്ങളില്‍ നെല്‍കൃഷി ഫാഷന്‍പരേഡ്പോലെ ആഘോഷമാക്കുന്നു. പുതിയ തലമുറയ്ക്ക് നെല്‍കൃഷിയെക്കുറിച്ച് പഠിക്കാന്‍ എന്നതാണ് വസ്തുത. പക്ഷേ മലയാളിയെ ഊട്ടാന്‍ ആന്ധ്ര, മധ്യപ്രദേശ്, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകര്‍ മണ്ണിലിറങ്ങുന്നു. ഈ വസ്തുത നാം സൗകര്യപൂര്‍വ്വം മറക്കുകയാണ്.
ഒരു ക്വിന്‍റല്‍ നെല്ല് ഉല്പാദിപ്പിക്കാന്‍ സംസ്ഥാനത്ത് 522 രൂപയാണ് ചെലവ് വരുന്നത്. ആന്ധ്രയില്‍ 258, പശ്ചിമബംഗാളില്‍ 281, പഞ്ചാബില്‍ 183 രൂപവീതവും. ദേശീയ ശരാശരി 268 രൂപ ചെലവ് പ്രതീക്ഷിക്കുമ്പോഴാണ് കേരളത്തിലെ ഉയര്‍ന്ന ഉല്പാദനച്ചെലവ് കര്‍ഷകരെ കുഴയ്ക്കുന്നത്. 600-800 രൂപ ദിവസക്കൂലി കൂടിയതോടെ കേരളത്തില്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഓരോദിവസവും കൂടി. ഉല്പാദന ചെലവ് കൂടിയതാണ് കേരളത്തില്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ കാരണമായത്. കൂലി കൂടിയതിന് പരിഹാരമായി തദ്ദേശീയ കര്‍ഷകര്‍ക്ക് പകരം ബംഗാളികളെ പരീക്ഷിക്കുന്നതും വിരളമല്ല. ഒരേക്കര്‍ നട്ടുതീര്‍ക്കാന്‍ ഇവര്‍ക്ക് കുറഞ്ഞ സമയം മതി. നാലായിരം രൂപയാണ് ഒരേക്കറിലെ കരാര്‍ കൂലി. ഇതുചെയ്യുന്നത് നിവര്‍ത്തികേടുകൊണ്ടാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ തൊഴിലാളികള്‍ കളം മാറ്റിയതോടെയാണ് നെല്‍കൃഷിയുടെ കഷ്ടകാലം തുടങ്ങിയത്. സീസണില്‍ മാത്രം കൃഷിയുള്ള നെല്‍കൃഷിയില്‍ നിന്ന് മാറി നാണ്യവിളകളിലേക്ക് തൊഴിലാളികള്‍ മാറി. 2000-2001ല്‍ 60 ശതമാനം തൊഴിലാളികള്‍ വയലേലകളില്‍ പണിയെടുക്കാനുണ്ടായിരുന്നതായി നാഷണല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത് 2004-2005 ആയപ്പോഴേക്കും 35.5 ശതമാനമായി.
വസ്തുതകള്‍ ഇതൊക്കെയാണെങ്കില്‍ അരിയുടെ ഉപഭോഗം ഗണ്യമായി കുറയുകയും ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങള്‍ പിടിമുറുക്കിയതോടെ മലയാളി അരിയാഹാരം കുറയ്ക്കുകയും ഗോതമ്പിനെ ഇഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അരി അവശ്യ ഭക്ഷ്യമല്ലാതായി. അതോടൊപ്പം ഫാസ്റ്റ്ഫുഡ് സംസ്ക്കാരം കൂടിയായപ്പോള്‍ അരി ഔട്ടായി. നേരത്തെ അരി മുഖ്യഭക്ഷണമായിരുന്നു. ഇപ്പോള്‍ അത് ഒരുനേരം മാത്രമുള്ള ഭക്ഷണമായി. അതേസമയം ബിരിയാണിക്ക് പ്രിയംകൂടിയതോടെ ബസുമതി അരിയ്ക്ക് ഉപഭോഗം കൂടുകയും ചെയ്തു. ജീവിതനിലവാരം ഉയര്‍ന്നപ്പോള്‍ അരിയുടെ ആളോഹരി ഉപഭോഗം കുറഞ്ഞുവെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പറയുന്നത്.
കേരളത്തിലെ അരി ഉല്പാദനം ഓര്‍മയായിക്കൊണ്ടിരിക്കുമ്പോഴും ലോകത്ത് ഉല്പാദനം കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-2017ല്‍ ലോകത്ത് 481.08 മില്യന്‍ മെട്രിക് ടണ്ണായി അരി ഉല്പാദനം ഉയരുമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ റിപ്പോര്‍ട്ട് പറയുന്നത്. 2015-2016ല്‍ ഇത് 470.82 മില്ല്യന്‍ മെട്രിക് ടണ്ണായിരുന്നു. 2.18 ശതമാനമാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. പ്രധാന അരി ഉല്പാദക രാജ്യങ്ങളായ ചൈനയിലും ഇന്ത്യയിലും 10.26 മില്യണ്‍ ടണ്‍ വര്‍ധന പ്രതീക്ഷിക്കുന്നു.
2015-16ല്‍ എട്ടുമില്യന്‍ ടണ്‍ അരി നാം കയറ്റുമതി ചെയ്തു. ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ., ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. എന്നാല്‍ ഈ കണക്ക് കണ്ട് കേരളം ഞെളിയണ്ട. ഇവിടുത്തെഅരി ഇതില്‍ കാര്യമായില്ല. പശ്ചിമബംഗാളും ഉത്തരപ്രദേശും ആന്ധ്രയും പഞ്ചാബുമാണ് ആദ്യത്തെ മൂന്ന് അരി ഉല്പാദക സംസ്ഥാനങ്ങള്‍. ബസുമതി അരിയാണ് പ്രധാനമായും ഈ സംസ്ഥാനങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. അരി ഉല്പാദനത്തില്‍ മുന്‍നിരയിലുള്ള ആദ്യ പത്തുസംസ്ഥാനങ്ങളില്‍പോലും കേരളമില്ല.
വസ്തുത ഇതൊക്കെയാണെങ്കിലും പ്രതീക്ഷ കൈവിടാതെ കേരളം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. തൊഴിലാളികളെ കിട്ടാതെ കൃഷി ഉപേക്ഷിക്കുന്നവരെ സഹായിക്കാന്‍ യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കണം. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത അതൊന്നുമല്ല. കഷ്ടപ്പെട്ട് കൃഷിചെയ്ത നെല്ല് വിളഞ്ഞപ്പോള്‍ കൊയ്യാന്‍ കഴിയാതെ നശിച്ചുപോകുന്ന നാടാണ് കേരളം. 2015-16ല്‍ ഇത്തരം ധാരാളം സംഭവങ്ങളാണ് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തത്. ഈ സ്ഥിതി മാറാന്‍ നമ്മുടെ സംവിധാനം കാര്യക്ഷമമാക്കുകയാണ് വേണ്ടത്. അവശേഷിക്കുന്ന നെല്‍കര്‍ഷകരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമം വേണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *