Tuesday, 19th March 2024

ഇലക്കറികളും ആരോഗ്യവും
സുജിത് പിജി.
കൃഷിഓഫീസര്‍, കുഴൂര്‍

ലോകത്തില്‍ കാണപ്പെടുന്ന ഏതാണ്ട് ആയിരത്തോളം ഇനം ചെടികളുടെ ഇല ഭക്ഷ്യയോഗ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചില സസ്യങ്ങളുടെ ഇലകള്‍ മാത്രവും ചിലതിന്‍റെ ഇലയും തളിര്‍ഭാഗങ്ങളും ചിലപ്പോള്‍ പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഏറ്റവും പോഷകഗുണമുള്ള പ്രോട്ടീനുകള്‍ ഏറ്റവും ചിലവുകുറഞ് രീതിയില്‍ ലഭിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇലക്കറികളുടെ ഉപയോഗം. എല്‍.പി.സി. എന്നറിയപ്പെടുന്ന ഘലമള ജൃീലേശി ഇലിരലിൃമേശേീി ആണ് ഇതില്‍ പ്രധാനം. ഇലക്കറികളില്‍ ഊര്‍ജ്ജവും കൊഴുപ്പും കുറവാണെങ്കിലും നാരുകളടങ്ങിയ ഭക്ഷണത്തിന്‍റെ പ്രധാന സ്രോതസ്സ് ഇവയാണ്. ഇരുമ്പ്, കാല്‍സ്യം തുടങ്ങിയവയുടേയും കലവറയാണ് ഇലക്കറികള്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ലൂട്ടീന്‍, ഹോളിക് ആസിഡ് എന്നിവയുടെ ആവശ്യവും ഇലക്കറികളുടെ ഉപയോഗത്തിലൂടെ പരിഹരിക്കാം.
എല്ലിന്‍റേയും പല്ലിന്‍റേയും വളര്‍ച്ചയ്ക്കും ദൃഡതയ്ക്കും ഏറ്റവും അത്യന്താപേക്ഷിതമാണ് കാത്സ്യം. ഇലക്കറികളില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിനും തൊലിക്കും മൃദുത്വവും മിനുസവും വെളിച്ചവും നല്‍കുന്ന കരോട്ടിനും പച്ചിലയില്‍ സമൃദ്ധമായും കരോട്ടിന്‍ വിറ്റാമിന്‍ എയുടെ കുറവിനെ പരിഹരിച്ച് മാലക്കണ്ണ് പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കുന്നു. ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉപയോഗിച്ചാല്‍ മലബന്ധം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. വിളര്‍ച്ചയുള്ളവര്‍ക്ക് ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിളര്‍ച്ച മാറുന്നതായി കാണുന്നു. പച്ചിലയില്‍ അടങ്ങിയിട്ടുള്ള രിബോസ്ഫ്ളോവിന്‍ കടവായ് അഴുകുക, നാക്കിലെ തൊലി പോകുക മുതലായ രോഗങ്ങള്‍ ഇല്ലാതാക്കുന്നു.
ഇലകളിലെ പച്ചനിറം അവയുടെ പോഷകഗുണത്തെ കാണിക്കുന്നു. കടുത്ത പച്ചനിറം കൂടുതല്‍ പോഷകഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. വേവിക്കുമ്പോള്‍ ഈ പച്ചനിറം പോകുന്നുവെങ്കില്‍ അതിനര്‍ത്ഥം പോഷകഗുണവും കുറഞ്ഞിട്ടുണ്ടെന്നാണ്. കുറച്ചുസമയം വേവിച്ചോ ഉപയോഗിക്കണം. ഇലക്കറികള്‍ പാകം ചെയ്യുമ്പോള്‍ എണ്ണ ഉപയോഗിക്കുകയോ അല്ലാത്തപക്ഷം എണ്ണ ചേര്‍ത്തു പാകപ്പെടുത്തി മറ്റു വിഭവങ്ങളോടൊപ്പം ഇലക്കറികള്‍ ഭക്ഷിക്കുകയോ ചെയ്യേണ്ടതാണ്.
മുരിങ്ങയില, ചീരയിനങ്ങള്‍, തഴുതാമ, പയറില, തകരയില, ചേമ്പിന്‍താള്, മല്ലിയില, അഗസ്തി ചീര, പാവലിന്‍റെ ഇല, മത്തയുടെ തളിരില, ചേനയുടെ പൂവ്, മധുരചീര, കറിവേപ്പ് മുതലായവ നമ്മുടെ നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഇലക്കറികളാണ്. ശരീരത്തിന് രോഗപ്രതിരോധശക്തി നല്‍കുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന സംരക്ഷിതാഹാരങ്ങളുടെ കൂട്ടത്തില്‍ ഇലക്കറികളും പെടുന്നു. ഗര്‍ഭകാലത്തും പ്രസവാനന്തരവും കുട്ടികളുടെ വളര്‍ച്ചയ്ക്കു ഇലക്കറികള്‍ അത്യന്താപേക്ഷിതമാണ്.
കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഇലക്കറികളുടെ സവിശേഷതകള്‍ എന്താണെന്ന് നോക്കാം.
ചീര
ചോര ഉണ്ടാകുവാന്‍ ചീര എന്നതാണ് പഴഞ്ചൊല്ല്. മാംസം, മുട്ട എന്നിവ കഴിച്ചാല്‍ ലഭിക്കാവുന്ന പ്രോട്ടീന്‍ ചീരയില്‍ നിന്നും ലഭിക്കും. തുടര്‍ച്ചയായി ചീര ഉപയോഗിച്ചാല്‍ കുടല്‍ കോശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ശരിയായ ശോധന ലഭിക്കാന്‍ ചീര നല്ലതാണ്. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ക്കും ആശ്വാസമാണ്. പ്രസവാനന്തരമുള്ള ക്ഷീണം, വിളര്‍ച്ച തുടങ്ങിയവ അകറ്റാനും സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനും, മൂത്രനാളിയുടെ വീക്കം മാറുന്നതിനും, മഞ്ഞപ്പിത്തത്തിനും ഹെപ്പറൈറ്റിസ് ബിയ്ക്കെതിരെയും അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ, മൂത്രാശയക്കല്ല്, ആര്‍ത്തവ രോഗങ്ങള്‍ എന്നിവയ്ക്കെതിരെയും ചീര നല്ലൊരു ഔഷധമാണ്.
ചീരകള്‍ പലതരമുണ്ട്. ചുവന്ന ചീര, പച്ചച്ചീര, മധുരചീര, സാമ്പാര്‍ ചീര, അഗത്തിചീര, സൗഹൃദചീര തുടങ്ങിയ നാടന്‍ ഇനങ്ങളും തണുപ്പു പ്രദേശങ്ങളില്‍ കാണുന്ന പലക് (സ്പൈനാക്ക്) എന്നിവയും വളരെ പോഷകസമൃദ്ധമാണ്. ഇതില്‍ ചെക്കുര്‍മാനിന്‍ എന്നറിയപ്പെടുന്ന മധുരച്ചീര വീട്ടില്‍, തൊടിയുടെ അതിരുകളിലും മറ്റും വേലിച്ചെടിപോലെ വളരുന്നു. 40-50 ഗ്രാം മധുരച്ചീര കഴിക്കുന്നത് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
മറ്റുപല ഇലച്ചെടികളേയുംപോലെ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇതിലുള്ള ചില ആല്‍ക്കലോയ്ഡുകളും ഓക്സലേറ്റുകളും ആന്‍റി ന്യൂട്രീഷണല്‍ ഘടകങ്ങളും ശരീരത്തിന് അത്ര നന്നല്ല. മള്‍ട്ടി വിറ്റമിന്‍, മള്‍ട്ടി മിനറല്‍ വിഭാഗത്തില്‍പ്പെടുന്ന ചെടികളിലൊന്നാണ് മധുരച്ചീര. മറ്റു പല ഇലക്കറികളേക്കാള്‍ ധാരാളമായി ഇരുമ്പുസത്തും മാംസ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. അഗത്തിച്ചീരയുടെ ഇല കയ്പ്പ്, എരിവ്, മധുരം ഈ രസങ്ങളോടുകൂടിയതാണ്. വിഷമജ്വരം, രക്തപിത്തം, വിഷം, കൃമി, ചൊറി, മാലക്കണ്ണ് മുതലായവയെ ശമിപ്പിക്കും.
മുരിങ്ങയില
ഏറ്റവും ഔഷധഗുണമുള്ള ഒരു ചെടിയാണ് മുരിങ്ങ. മുരിങ്ങയില, അഗത്തി തുടങ്ങിയവ മറ്റു ഇലക്കറികളില്‍ നിന്നും വ്യത്യസ്തമായി ചെറിയ മരങ്ങളായി വളരുന്നു. മുരിങ്ങയിലയില്‍ ധാരാളം കരോട്ടിനും അസ്കോര്‍ബിക്കാസിസും അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യം, ഫോസ്ഫറസ്, അയേണ്‍, കോപ്പര്‍, അയോഡിന്‍ തുടങ്ങിയ മൂലകങ്ങളും വിറ്റമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. മുരിങ്ങയില മഞ്ഞപ്പിത്തം, മുറിവുകള്‍, ബ്ലഡ് പ്രഷര്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കാം. മുരിങ്ങയിലത്തോരന്‍ വാതപിത്തങ്ങളേയും കൃമിയേയും ശമിപ്പിക്കും. കണ്ണിനും മുരിങ്ങയില നല്ലതാണ്. ധാതുപുഷ്ടി കുറഞ്ഞവര്‍ പതിവായി മുരിങ്ങയിലത്തോരന്‍ ഉപയോഗിച്ചാല്‍ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാം.
പാവയ്ക്ക ഇല
പാവയ്ക്ക ഇല മഞ്ഞപ്പിത്തത്തിനും കരളിന്‍റേയും പ്ലീഹയുടേയും സുഖക്കേടുകള്‍ക്ക് ഉപയോഗിക്കുന്നു.
കറിവേപ്പില
കറികള്‍ക്ക് മണവും ഗുണവും കൊടുക്കുന്ന കറിവേപ്പില മിക്ക കറികളുടേയും അവിഭാജ്യ ഘടകമാണ്. കറിവേപ്പിലയില്‍ വിറ്റമിന്‍ എ കൂടുതലായുള്ളതിനാല്‍ നേത്രരോഗങ്ങള്‍ക്ക് നന്ന്. അതിനുപുറമെ വിറ്റമിന്‍ ബി, ബി2, ഡി, കാത്സ്യം, ഇരുമ്പ് എന്നിവയുമുണ്ട്. വളരെയധികം ശരീരപോഷക വസ്തുക്കളടങ്ങിയ ഇതിന്‍റെ ഇലകള്‍ നാം നിത്യോന ഉപയോഗിച്ചാല്‍ ബുദ്ധിയും ബലവും ആയുസ്സും വര്‍ദ്ധിക്കും. പനി, രക്തദോഷം, കഫം, വാതം, കുഷ്ഠം, കൃമി, കൈവിഷം, അര്‍ശസ്, ഗ്രഹണി, വീക്കം, കണംരോഗം, ജ്വരം, മേദസ്സ്, വയറുവേദന, ശരീരവേദന, ശരീരശോഷം എന്നിവയെ ശമിപ്പിക്കാന്‍ കറിവേപ്പിലയില ഉത്തമമാണ്. ആധുനിക വൈദ്ഗവേഷകډാര്‍ കറിവേപ്പിലയില്‍ നിന്ന് എട്ട് പുതിയ ആല്‍ക്കലോയിഡുകള്‍ വേര്‍തിരിച്ച് ഇവയെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ ശ്രമിച്ചുവരുന്നു.
പുതിനയില
പുതിനയില ഉണങ്ങിയത് ശരീരത്തില്‍ പ്രയോഗിച്ചാല്‍ ആ ഭാഗത്തുള്ള സൂഷ്മനാഡികളെ ചുരുക്കി വിളര്‍ച്ചയെ ഇല്ലാതാക്കും. വായുക്ഷോഭം, വായ്പുണ്ണ്, അജീര്‍ണ്ണം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് നല്ല ഔഷധമാണ്. വയറുവേദന, തലവേദന, ദന്തവേദന തുടങ്ങിയവയെ ശമിപ്പിക്കുന്നു. മരുന്നുകളില്‍ ഇത് ഒരു പ്രധാന ഘടകമാണ്. ശ്വാസകോശ സംബന്ധമായ സുഖക്കേടുകള്‍ക്കും ഛര്‍ദ്ദിക്കും വിരകോപത്തിനും പുറമെ ഒരു കുടുംബാസൂത്രണ ഔഷധമായും ഇത് ഉപയോഗിക്കുന്നു.
മല്ലിയില
ഇതിന്‍റെ ഇല കറികള്‍ക്ക് മണം കിട്ടുന്നതിനും വായുക്കളുടെ ശമനത്തിനും ഉപയോഗിക്കുന്നു. വിറ്റമിന്‍ സിയുടെ കുറവിന് ഇതിന്‍റെ ഇല ധാരാളമായി ഉപയോഗിക്കുന്നു. രക്തദോഷം, ചൂട്, മെലിച്ചില്‍, കൃമി, ജ്വരം, വാതം, പിത്തം, കഫം, ചുട്ടുനീറ്റല്‍, ഛര്‍ദ്ദി, അര്‍ശസ്സ്, ചുമ, വായുക്ഷോഭം ഇവയെ ശമിപ്പിക്കുന്നു. മലശോധനയും രുചിയും ഉണ്ടാക്കും. സ്വരം നന്നാക്കാനും മൂത്രത്തെ പെരുപ്പിക്കാനും ഇതുപയോഗിക്കുന്നു.
ചേമ്പില
മൂക്കാത്ത കരിംചേമ്പിലയാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും പച്ചനിറത്തിലുള്ള ചേമ്പിലയ്ക്കും ഭക്ഷണമേډയുണ്ട്. ചൊറിച്ചിലുണ്ടാക്കുന്ന കാത്സ്യം ഓക്സലേറ്റ് ലവണങ്ങള്‍ ചേമ്പിലയിലുണ്ട്. കൃത്യമായി പാചകം ചെയ്ത് ഈ ചൊറിച്ചില്‍ ഒഴിവാക്കാം. ഹൃദ്രോഗം തടയാന്‍ കഴിവുള്ള ഒമേഗ 3-ഫാറ്റി ആസിഡ് ചേമ്പിലയുടെ പ്രത്യേകതയാണ്. മറവിരോഗത്തെ ചെറുത്ത് ഓര്‍മ്മശക്തിയെ ഉദ്ദീപിപ്പിക്കാനും ഇതിനു കഴിയും. വൃക്കകള്‍ക്കു തകരാറുള്ളവരും വൃക്കരോഗബാധിതരും ചേമ്പില കഴിക്കരുത്. കാത്സ്യം ഓക്സലേറ്റ് ലവണം വൃക്കയ്ക്ക് ദോഷം ചെയ്യും.
ഇംഗ്ലീഷ് ഇലക്കറികള്‍
ബ്രാസിക്ക എന്ന ജനുസ്സില്‍പെട്ട പച്ചക്കറികളില്‍ പ്രധാനികളാണ്. ശീതകാല പച്ചക്കറികള്‍ ഇതില്‍ ഇലക്കറിയായി ഉപയോഗിക്കുന്നവയാണ്. കാബേജ്, ബ്രസല്‍സ് സ്പൗട്ട് എന്നിവ പൂവ് പച്ചക്കറിയായി ഉപയോഗിക്കുന്നവയാണ്. കോളിഫ്ളവര്‍ ബ്രോക്കോളസെലറി എന്ന ഒരു ശീതകാല ഇലകളും ഇലക്കറിയായി ഉപയോഗിച്ചു വരുന്നു. ശീതകാല ഇലക്കറികള്‍ പ്രധാനമായും പച്ചയായിതന്നെ സലാഡ് രൂപത്തില്‍ അരിഞ്ഞ് ഉപയോഗിക്കുന്നതാണ് സാധാരണ രീതി. വിറ്റമിന്‍ എ, ബി, സിയുടെ പ്രധാന സ്രോതസ്സായ കാബേജ് കണ്ണിന്‍റെ കാഴ്ചശക്തി ഉണ്ടാക്കുന്നതിനും, തലമുടി തഴച്ചു വളരുന്നതിനും നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് ഇതു കഴിക്കുന്നത് വിശേഷമാണ്. മൂത്രാശയ കല്ലുള്ളവര്‍ കാബേജ് ഒഴിവാക്കുകയോ ഉപയോഗം കുറക്കുന്നതോ നന്ന്.
തഴുതാമ ഇല
മൂത്രരോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കുമെതിരെ ഫലപ്രദമാണ്.
മത്തങ്ങ ഇല
ഇല രക്തധാതുവിനെ വര്‍ദ്ധിപ്പിക്കുന്നു. മത്തന്‍റെ തളിരിലയും പൂവും തോരന്‍ വയ്ക്കാന്‍ ഉപയോഗിക്കുന്നു. ദഹനത്തിനും വായുകോപത്തിനും വിശപ്പില്ലായ്മയ്ക്കും ഇത് നല്ലതാണ്.
ചേനപ്പൂവ്
വളരെ പോഷകസംപുഷ്ടമായ ഈ പച്ചക്കറി ഇറച്ചി പാകം ചെയ്യുംപോലെ മസാലയും മറ്റും ചേര്‍ത്ത് പാചകം ചെയ്യാം.
വെള്ളരിയില
വെള്ളരിയില വേവിച്ച് ജീരകവും കൂട്ടി വറുത്ത് പൊടിയാക്കി ശര്‍ക്കരയില്‍ കുഴച്ച് ഉപയോഗിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും. വെള്ളരിയിലച്ചാറും തേനും കൂടി ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ചുമപ്പ്, പഴുപ്പ്, ചൊറിച്ചില്‍ ഇവ ശമിക്കും.
ഇലക്കറികളായി അത്ര പ്രചാരമില്ലെങ്കിലും ഔഷധപ്രാധാന്യമുള്ള ഇലകളാണ് എള്ളില, വഴുതന ഇല, ഉലുവ ഇല തുടങ്ങിയവ. ഇതില്‍ ഉലുവ ഇല വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇലക്കറിയാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റേയും അളവ് കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ മേത്തി എന്ന പേരിലറിയപ്പെടുന്ന ഉലുവ ഇലകള്‍ ഇന്ന് കേരളത്തിലും പ്രചാരത്തിലായിട്ടുണ്ട്. കേശസമൃദ്ധിക്ക് എള്ളിന്‍റെ ഇലച്ചാറ് വളരെ ഫലപ്രദമാണ്. ആസ്തമയ്ക്ക് വഴുതനങ്ങയുടെ ഇലച്ചാറ് ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തത്തിനെതിരെയും വഴുതന ഇല മറ്റു മരുന്നുകള്‍ക്കൊപ്പം ഉപയോഗിച്ചുപോരുന്നു.
വിദേശരാജ്യങ്ങളില്‍ ഒരുപാട് ചെടികള്‍ ഇലക്കറികളായും സലാഡ്, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ഇതില്‍ താരതമ്യേന പുതിയതായി ഉപയോഗിക്കുന്ന ഒരു ഇലച്ചെടിയാണ് കറ്റാര്‍ വാഴ. മാംസളമായ ഇതിന്‍റെ പച്ചനിറമുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസ് വിവിധതരം പാനീയങ്ങളില്‍ ഔഷധഗുണം കൂട്ടുന്നതിനായി ഉപയോഗിക്കുന്നു. മുറിവുണക്കാനുള്ള കഴിവും, ഹൃദ്രോഗം, പ്രമേഹം, അള്‍സര്‍, വായുക്ഷോഭം, കാന്‍സര്‍, വാതം എന്നിവയ്ക്കെതിരെ ഫലപ്രദമായ ഇതിന്‍റെ നീര് വിദേശികള്‍ മദ്യം മുതല്‍ പഴച്ചാറുകളില്‍വരെ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതായാണ് പുതിയ വിവരം.
പച്ചക്കറികളില്‍ ഔഷധഗുണങ്ങളും പോഷകമൂല്യ ഇലക്കറികളെ പ്രധാനികളാക്കുന്നു. ഇതുവരെ ഭക്ഷിച്ച ഇലക്കറികള്‍ മഹത്തരമാണെങ്കില്‍ അതിലും ശ്രേഷ്ഠവും രുചികരവുമാണ് ഇനി കഴിക്കാനിരിക്കുന്ന, ഒരുപക്ഷേ നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള മറ്റ് ഇലക്കറികള്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തി 40 ഗ്രാം ഇലക്കറി നിത്യേന കഴിക്കണം എന്നതാണ്. പച്ചക്കറി മാത്രം കഴിക്കുന്നവരില്‍ ബുദ്ധിയിലും, ആയുസ്സിലും ഇലക്കറികള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഇനിയുള്ള ഭക്ഷണക്രമത്തില്‍ ഇലക്കറികളെകൂടി ചേര്‍ക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *