Tuesday, 19th March 2024

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

കേരളത്തില്‍ വളര്‍ത്താവുന്നതും മൂല്യവര്‍ധനയ്ക്കു യോജിച്ചതുമായ ഏതാനും രാജ്യാന്തര ചക്കയിനങ്ങള്‍ പരിചയപ്പെടാം.
നമുക്കു സുപരിചിതവും മധുരവും സുഗന്ധവും രുചിയും പാകത്തിനു ചേര്‍ന്നതുമായ പഴമാണ് ചക്ക. ഏഷ്യയാണ് ജډദേശമെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഏതു പ്രദേശത്തും പ്ലാവുകള്‍ ഉണ്ട്.
പഴമായും മൂല്യവര്‍ധിത ഉത്പന്നങ്ങളായുമാണ് ചക്കയുടെ ഉപയോഗം. പ്ലാവിന്‍റെ ഏറ്റവും വിപുലമായ ജനിതക ശേഖരം കേരളത്തിലാണുള്ളതെങ്കിലും ലോകോത്തര നിലവാരമുള്ള മികച്ച ഇനങ്ങള്‍ ഉപയോഗപ്പെടുത്തി വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്ലാവുകൃഷിയില്‍ നമ്മെ വളരെ പിന്നിലാക്കി ബഹുദൂരം മുമ്പോട്ടുപോകുന്നു. ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ഏറ്റവും മുഖ്യമായ ചിപ്സ് വ്യവസായികമായി തയ്യാറാക്കാന്‍ പറ്റിയൊരിനം പോലും നമുക്കിപ്പോഴുമില്ല. ചക്ക ചിപ്സ് നിര്‍മാണം വന്‍കിട വ്യവസായമാക്കുന്നതിന് ഇവിടെ തടസ്സം ഒരേ ഇനം ചക്ക വന്‍തോതില്‍ ലഭ്യമല്ലാത്തതാണ്. വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ ഒരേ ഇനത്തിന്‍റെ വലിയ തോട്ടങ്ങളെപ്പറ്റി നമുക്കു ചിന്തിക്കാന്‍പോലും കഴിയുന്നില്ല.
കേരളത്തിലുടനീളം പതിനായിരക്കണക്കിന് പ്ലാവുകളുണ്ട്. ഓരോന്നും ഓരോ ഇനമാണെന്നു പറയാം. പല ഇനങ്ങളില്‍ നിന്ന് ഏകീകൃത നിലവാരമുള്ള മേല്‍ത്തരം ഉല്‍പന്നങ്ങള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഉണ്ടാകുന്ന ചക്കയുടെ നല്ല പങ്കും പാഴാകുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടില്‍ ലോകോത്തര നിലവാരമുള്ള പ്ലാവിനങ്ങള്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് പ്രസക്തിയേറുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിനു യോജ്യമെന്നു കണ്ടെത്തിയ ഏതാനും ലോകോത്തര ഇനങ്ങളെ പരിചയപ്പെടാം.
വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി
വിയറ്റ്നാമില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന മികച്ച ഇനമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ, വളരെ പെട്ടെന്ന് വളര്‍ന്നു കായ്ഫലം നല്‍കുമെന്നതാണ് ഇതിന്‍റെ പ്രധാന മേډ. വിയറ്റ്നാമില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനവും ഇതുതന്നെ. പ്ലാവിന്‍റെ സാധാരണ ഇനങ്ങളില്‍ തടി മൂത്ത് മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചക്കയുണ്ടാകുമ്പോള്‍ ഈ സവിശേഷയിനം തടി മൂക്കുന്നതിന് മുമ്പുതന്നെ കായ്ക്കുന്നു. മറ്റ് പ്ലാവിനങ്ങളെ അപേക്ഷിച്ച് ഇതിന്‍റെ ഇലയ്ക്ക് കനവും വലുപ്പവും പച്ചനിറവും കൂടും. സാധാരണ പ്ലാവിനങ്ങള്‍ 30 അടി അകലത്തില്‍ നടുമ്പോള്‍ അധികം പടര്‍ന്നു പന്തലിക്കാത്ത ഈ ഇനം 20 അടി അകലത്തില്‍ നടാം. അതിനാല്‍ നിബിഡകൃഷിക്ക് (ഹൈഡെന്‍സിറ്റി പ്ലാന്‍റിംഗ്) യോജിച്ചതാണ്. ചുളകള്‍ക്ക് നല്ല മഞ്ഞനിറവും, കട്ടിയുമുണ്ട്. പഴമായി കഴിക്കാനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുവാനും ഏറെ യോജിച്ചത്.
ജെ.33
മലേഷ്യന്‍ ഇനം ചക്കകള്‍ തൂക്കത്തിലും വലുപ്പത്തിലും മറ്റിനങ്ങളുടേതിനേക്കാള്‍ മുന്നില്‍. മഞ്ഞനിറത്തില്‍ വലുപ്പവും ദൃഢതയുമുള്ള ചുളകള്‍. പഴമായി കഴിക്കാനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാനും യോജിച്ചതായതിനാല്‍ രാജ്യാന്തര വിപണിയില്‍ ഏറെ പ്രിയമുള്ള ഇനം. ചുളകളുടെ എണ്ണത്തിലും ജെ.33 ഏറെ മുന്നില്‍തന്നെ.
ജാക്ക് ഡ്യാങ് സൂര്യ
വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ പറ്റിയത്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങള്‍ വളരെ ഒതുങ്ങി വളരുന്നതിനാല്‍ അകലം കുറച്ചു നടാം. ഇടത്തരം വലുപ്പമുള്ള ചക്കകള്‍ ധാരാളമുണ്ടാകുന്നു. ഇടത്തരം വലുപ്പമുള്ള ചുളകള്‍ക്ക് നല്ല ചുവപ്പുനിറവുമുണ്ട്. ടേബിള്‍ സ്നാക്കായി ഉപയോഗപ്പെടുത്താന്‍ ഏറ്റവും നല്ലത്.
കൃഷിയില്‍ ശ്രദ്ധിക്കേണ്ടത്
പ്ലാവ് ശ്സ്ത്രീയമായി കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തറനിരപ്പില്‍ നിന്നു മൂന്നടി ഉയരത്തിനുമേല്‍ മാത്രം ശാഖകള്‍ അനുവദിക്കുക. തായ്തണ്ടില്‍ത്തന്നെ ചക്കകള്‍ ഉണ്ടാകും. പിന്നീടുവരുന്ന ശാഖകള്‍ വളര്‍ന്നുപന്തലിക്കുമ്പോള്‍ ഒരു കുടപോലെ രൂപഭംഗി വരുത്തി ഏറെ സ്ഥലം നഷ്ടപ്പെടുത്താതെ ധാരാളം ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മരങ്ങളെ സജ്ജമാക്കാം. ആവശ്യമില്ലാത്ത കൊമ്പുകള്‍ കോതുന്നത് വായുവും വെളിച്ചവും യഥേഷ്ടം ലഭ്യമാകാനിടയാകും. ഒന്നുമുതല്‍ മൂന്നുവര്‍ഷംവരെ പ്രായമായ പ്ലാവിന് വര്‍ഷംതോറും നാലുതവണ വീതം 125 ഗ്രാം യൂറിയയും 150 ഗ്രാം രാജ്ഫോസും 25 ഗ്രാം പൊട്ടാഷും നല്‍കേണ്ടതാണ്. കൂടാതെ, പത്തോ ഇരുപതോ കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റും നല്‍കണം. പിന്നീട് ഓരോ വര്‍ഷവും പത്തുകിലോ വീതം കാലിവളം കൂടുതലായി നല്‍കണം. അഞ്ചാം വര്‍ഷം മുതല്‍ 50 കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ്. ഒന്നരകിലോ യൂറിയ, 750 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം. ഇവയെല്ലാം പാലിച്ചാല്‍ മികച്ച വിളവു പ്രതീക്ഷിക്കാം. ഒരു ഏക്കര്‍ പ്ലാവിന്‍തോട്ടത്തില്‍ നിന്ന് 25 ടണ്‍ മുതല്‍ 50 ടണ്‍ ചക്ക ലഭിക്കുമെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്.
മേയ് മുതല്‍ ഓഗസ്റ്റ് വരെ കാലയളവില്‍ ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴികളില്‍ മേല്‍മണ്ണും ട്രൈക്കോഡെര്‍മ സമ്പുഷ്ട വളക്കൂട്ടും കലര്‍ത്തി നിറച്ചു തൈകള്‍ നടാം.
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വേനല്‍ക്കാലത്തു നനയ്ക്കണം. തടങ്ങളില്‍ പുതയിടുന്നത് മണ്ണിനെ ജലാംശമുള്ളതാക്കും. വളര്‍ന്നുവരുന്ന ചക്കകള്‍ അടിവശം തുറന്ന രീതിയില്‍ പത്രക്കടലാസ് ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കുന്നത് വളരെ നന്ന്. കാര്യമായ കീട, രോഗബാധ ഇല്ലാത്തതിനാല്‍ കൃഷി അനായാസം ചെയ്യാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *