Saturday, 25th March 2023

അനില്‍ ജേക്കബ് കീച്ചേരിയില്‍

സാബുവിന്‍റെ പൂന്തോട്ടത്തില്‍ പലതരത്തിലും, നിറത്തിലുമുള്ള ഓര്‍ക്കിഡ് പൂക്കളുടെ കലവറയാണ്. ആരും ഒരുനിമിഷം കണ്ണെടുക്കാതെ നോക്കിപ്പോകും. തന്‍റെ ജോലിക്കുശേഷം കിട്ടുന്ന സമയത്താണ് ഇത്രയും മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. യുവകര്‍ഷകനെ തേടി കേരളത്തിന്‍റെ പലഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. തന്‍റെ കുടുംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണകൊണ്ട് മാത്രമാണ് ഇങ്ങനൊരു നേട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സാബു പറയുന്നു.
പൂക്കളോടുള്ള അടുപ്പം കൂടുതല്‍ പ്രിയമായപ്പോള്‍ അവയില്‍ കൂടുതല്‍ സുന്ദരിയായവയെത്തന്നെ തിരഞ്ഞെടുത്തുകൊണ്ടായിരുന്നു അവയോടുള്ള ഇഷ്ടം നിലനിര്‍ത്തിയത്. ചെറിയ പൂന്തോട്ടത്തില്‍ ഏകദേശം രണ്ടായിരത്തിലധികം ചെടികളുണ്ട്. അവയില്‍ Phalaenopsis, Cattleya, Dendrobium, Oncidium, Vanda എന്നിവയുടെ അപൂര്‍വശേഖരം തന്നെയുണ്ട്. പല മേഖലകളില്‍ നിന്നും ചെടികള്‍ ശേഖരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ചെടിയുടെ ലഭ്യതയും വിലവര്‍ദ്ധനവും ഒരു പ്രധാന ഘടകമായി മാറി. എന്നിരുന്നാലും എല്ലാത്തരത്തിലുള്ള ഓര്‍ക്കിഡ് ചെടികളും ഒരു പരിധിവരെ തന്‍റെ പൂന്തോട്ടത്തിലെ അതിഥിയായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനാവശ്യക്കാര്‍ ഏറെയാണ്. പക്ഷെ അതിനനുസരിച്ചുള്ള ചെടിയുടെ കുറവ് വിതരണക്കാരില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഈ സമയത്ത് പുറം രാജ്യങ്ങളില്‍ നിന്ന് ചെടികള്‍ കൊണ്ടുവരാന്‍ വിതരണക്കാരന്‍ വലിയ തുക കൊടുക്കേണ്ടിവരുന്നു. ചെടിയുടെ ലഭ്യതയും വിലവര്‍ദ്ധനയുമാണ് പുതിയ കണ്ടുപിടുത്തത്തിലേക്ക് വഴിതിരിച്ചത്. ഈ പരിശ്രമങ്ങള്‍ക്കൊടുവില്‍ തന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയെന്നുറപ്പിച്ചു പറയുന്നു. Phalaenopsis, Dendrobium എന്നീ രണ്ടു ചെടികളിലും പ്രത്യേക രീതിയില്‍ പരാഗണം ചെയ്ത് അതിന്‍റെ വിത്തുല്‍പാദിപ്പിക്കുന്ന രീതിയാണ് ചെയ്തിരിക്കുന്നത്. ഇതുമൂലം ഒരു വിത്തില്‍ നിന്ന് നൂറുകണക്കിന് ചെടികള്‍ ഉല്‍പാദിപ്പിക്കാന്‍ പറ്റുമെന്നതാണിതിന്‍റെ ഗുണം. മാത്രവുമല്ല, ഇതുമൂലം പുതിയ രീതിയിലും നിറത്തിലുമുള്ള ചെടികള്‍ ഉല്‍പാദിപ്പിക്കാന്‍ പറ്റുമെന്നതാണിതിന്‍റെ പ്രത്യേകത. പരാഗണത്തിനായി ചെടിയുടെ പൂക്കളുടെയും പ്രായം, അവയുടെ പരാഗണം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ അണുവിമുക്തമാക്കല്‍, ചെടി വളരുന്ന പരിസ്ഥിതി, പരാഗണത്തിനു തിരഞ്ഞെടുക്കുന്ന സമയം ഇവയെല്ലാമാണ് ഇതിനു പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന് പറയുന്നു.
ഓര്‍ക്കിഡ് വിഭാഗത്തില്‍ പെടുന്ന ചെടികള്‍ക്ക് സ്വയം വിത്തുല്‍പാദനശേഷി ഇല്ലാത്ത ഒരു വര്‍ഗമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വിത്തുണ്ടായി കാണപ്പെടുന്നുവെന്ന് പറയുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായി കാണപ്പെടുന്ന ചെടികളിലും, വ്യത്യസ്ത നിറങ്ങളുള്ള ചെടികളിലും, ഇതേ രീതി ചെയ്യാന്‍ പറ്റുമെന്ന് അവകാശപ്പെടുന്നു. എന്നാല്‍ അഭിമുഖീകരിക്കുന്ന അടുത്ത വിഷയം ഇതിന്‍റഎ വിത്തിനു സ്വയമായി മുളച്ചുവരാന്‍ കഴിവില്ലാത്തതുകൊണ്ട് ഇതിനെ പ്രത്യേക രീതിയില്‍ വേണം മുളപ്പിക്കാന്‍. അതിനായി ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലുമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഓര്‍ക്കിഡ് എന്ന പ്രകൃതിയിലെ മനോഹര പൂക്കളെക്കുറിച്ചും ചെടികളെക്കുറിച്ചും പഠിക്കാന്‍ ഇനിയുമുണ്ടെന്ന് ഈ യുവകര്‍ഷകന്‍ പറയുന്നു. കേരളത്തില്‍ ഓര്‍ക്കിഡ് ചെടികള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. ഇതില്‍ പൂക്കളുടെ മനോഹാരിത, പരിചരണം ഇവയെല്ലാമാണ് ഈ ചെടികളോടുള്ള ആകര്‍ഷണതക്ക് മുന്‍തൂക്കം കൂട്ടുന്നത്.
വയനാട്ടിലെ അമ്പലവയലിലാണ് സാബുവിന്‍റെ ഓര്‍ക്കിഡ് പൂക്കളുടെ കലവറ സ്ഥിതിചെയ്യുന്നത്. ഫോണ്‍: 9747349061

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *