Saturday, 27th July 2024

നോഡല്‍ ഓഫീസര്‍, കേരള കാര്‍ഷിക സര്‍വകലാശാല, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍
നെല്‍കൃഷി
കുഴല്‍ പുഴു പാടത്തെ വെള്ളം 3 ദിവസം വാര്‍ത്തുകളയുക, 1 ഏക്കര്‍ സ്ഥലത്ത് 25 കിലോ അറക്കപൊടിയില്‍ 1 ലിറ്റര്‍ മണ്ണെണ്ണ കലര്‍ത്തി പാടത്ത് വിതറുക. കൈറ്റിന്‍ അധിഷ്ഠിത സ്യൂഡോമോണസ് 20 ഗ്രാം / 1 ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ അസാഡിറാകാറിന്‍ (വേപ്പ് അടങ്ങിയ കീടനാശിനി) 1% 750 മില്ലി (1 ഹെക്ടര്‍) തളിക്കുക. കളകള്‍ നിയന്ത്രിക്കുക.
തെങ്ങ്
ചെല്ലിയെ പ്രതിരോധിക്കാന്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലും ചേര്‍ത്ത് കൂമ്പിലകളുടെ കവിളുകളില്‍ ഇടുക. തെങ്ങിന്‍തോപ്പുകളില്‍ കുത്തുകിള നടത്തുന്നത് നല്ലതാണ്. കൂമ്പുചീയല്‍ രോഗത്തിനെതിരെ മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കുക. ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, ചെന്നീരൊലിപ്പ്, മഹാളി മുതലായവക്കെതിരെ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
കമുക്
കൂമ്പുചീയല്‍, മഹാളി മുതലായ രോഗങ്ങള്‍ക്കെതിരെ ബോര്‍ഡോമിശ്രിതം തളിക്കണം. റൊസില്‍സോഡ ചേര്‍ത്തു തളിച്ചാല്‍ മിശ്രിതം പൂങ്കുലുകളില്‍ പറ്റിപ്പിടിക്കും. കുരുത്തോലച്ചാഴിയുടെ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കുക. പുതിയ കമുക് തൈകള്‍ നടാന്‍ അനുയോജ്യമായ സമയം.
കുരുമുളക്
കുരുമുളകിന് വളപ്രയോഗം. ഒരു കൊടിക്ക് 75 ഗ്രാം യൂറിയ, 165 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 170 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ നല്‍കുക. ദ്രുതവാട്ടത്തെ ചെറുക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമശ്രിതം/ കോപ്പര്‍ ഓക്‌സിക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ തടത്തില്‍ ഒഴിച്ചുകൊടുക്കുക. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ് ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ വേപ്പിന്‍ പിണ്ണാക്കില്‍ കൂട്ടിക്കലര്‍ത്തി തടത്തില്‍ ചേര്‍ക്കാം. തടത്തില്‍ പുതയിടുന്നത് ദ്രുതവാട്ടത്തിന്റെ കുമിളുകള്‍ മണ്ണില്‍ നിന്ന് തണ്ടില്‍ എത്തുന്നത് തടയും.
വാഴ
നടീല്‍ വസ്തുക്കള്‍ കീടവിമുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി വാഴയുടെ മാണത്തിന്റെ പുറം ഭാഗത്തുകാണുന്ന വേരുകള്‍ ചെത്തിമാറ്റി ചാണകവും ചാരവും കലര്‍ത്തിയ കുഴമ്പില്‍ മുക്കി 3,4 ദിവസം തണലും നല്‍കണം. വേപ്പിന്‍ പിണ്ണാക്ക് ചെടിയൊന്നിന് ഒരു കിലോഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ത്തുകൊടുക്കുക.
ഇഞ്ചി
മൃദുചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡര്‍മ, സ്വീഡോമോണാസ് കള്‍ചറുകള്‍ ഉപയോഗിക്കുക. സ്വീഡോമോണാസ് കള്‍ചര്‍ 10-15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് തളിക്കുക, കൂടുതല്‍ ജൈവവളങ്ങള്‍, നല്ല നീര്‍വാര്‍ച്ച, രാസവളങ്ങള്‍ കുറഞ്ഞ തോതില്‍ പലതവണകളായി ചേര്‍ത്തുകൊടുക്കുക മുതലായവ രോഗം വരാതിരിക്കുന്നതിന് സഹായിക്കും. രോഗം പിടിപെട്ട ചെടികള്‍ നശിപ്പിക്കുകയും ചുറ്റുമുള്ള മണ്ണ് മാങ്കോസേബ് 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിച്ച് കുതിര്‍ക്കുകയും വേണം. തണ്ടുതുരപ്പന്റെ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കുക. നരപ്പന്‍ രോഗം കാണുകയാണെങ്കില്‍ തൈറാം 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു നിയന്ത്രിക്കാം.
ഏലം
വിളവെടുപ്പ് തുടരുന്നു. രണ്ടാംഘട്ട വളപ്രയോഗം നടത്താം. ഏക്കറിന് 33 കിലോഗ്രാം യൂറിയ, 75 കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 50 കിലോഗ്രാം പൊട്ടാഷ് തുടങ്ങിയ രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോമിശ്രിതം 500-1000 മില്ലി/ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. തണ്ട്/പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡെര്‍മ, സ്വീഡോമോണാസ് കള്‍ചറുകള്‍ ഉപയോഗിക്കുക. പുതിയ തൈകള്‍ നടാന്‍ അനുയോജ്യമായ സമയം. ഏലപ്പേനിനെതിരെ ജാഗ്രത പാലിക്കുക.
കാപ്പി
പോളിബാഗ് തൈകള്‍ നടാന്‍ അനുയോജ്യ സമയം. തണല്‍ ക്രമീകരിക്കുക. കായ്തുരപ്പന്‍, തണ്ട് തുരപ്പന്‍ കീടങ്ങള്‍ക്കെതിരെ ബുവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ (20 ഗ്രാം/1 ലിറ്റര്‍) ഉപയോഗിക്കാം. തണ്ടുതുരപ്പനെതിരെ ദ്വാരത്തിന് 2, 3 ഇഞ്ച് മുമ്പായി തണ്ട് മുറിച്ച് കത്തിച്ചുകളയുക.
കന്നുകാലികള്‍
കാലിത്തീറ്റ സംഭരിച്ചുവക്കുന്ന സ്ഥലങ്ങളില്‍ നനവ് ഇല്ലാതെ സൂക്ഷിക്കുന്നത് വഴി ഭക്ഷ്യവിഷബാധ ഒഴിവാക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *