Tuesday, 19th March 2024

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


നാട്ടിന്‍ പുറങ്ങളില്‍ പഴയ കാലത്ത് പറമ്പുകളുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കുകയും പിന്നീട് മതിലിന്റെ ഉത്ഭവത്തോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ ചെമ്പരത്തി ഒരു പരോപകാരിയാണ്. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ പൂവിനുവേണ്ടി മാത്രമാണ് ചെമ്പരത്തി നട്ടുവളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളില്‍ 40 ഓളം ഇനങ്ങള്‍ കണ്ടു വരുന്നു. ഇതില്‍ കടുത്ത പച്ച നിറമുള്ള ഇലകളും 5 ഇതള്‍ പൂക്കള്‍ ഉള്ളതുമായ ചെമ്പരത്തിയാണ് ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ചെമ്പരത്തിക്കു രോഗ കീടങ്ങള്‍ കുറവാണ്. ഇപ്പോള്‍ ഇലചുരുട്ടിയുടെയും ഫംഗസുകളുടെ ആക്രമണങ്ങള്‍ കാണാമെങ്കിലും ചെമ്പരത്തി അതിനെയെല്ലാം അതിജീവിക്കുന്നു. ചെറിയ തോതില്‍ ജൈവവളവും നേരിയ നനവുമുണ്ടായാല്‍ എപ്പോഴും പുഷ്പ്പിണിയായിരിക്കും. ചെമ്പരത്തി ഇലകള്‍ താളി ഉണ്ടാക്കുന്നു. തലയിലെ താരന്‍ അകറ്റാന്‍ ഇത് സഹായിക്കുന്നു. പൂക്കള്‍ കൊണ്ട് എണ്ണ ഉണ്ടാക്കുവാനും സോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങള്‍ക്ക് കളര്‍ കൊടുക്കുവാനും ഉപയോഗിക്കുന്നു. കടകളില്‍ നിന്നു വാങ്ങുന്ന സ്‌ക്വാഷിനു പകരം ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുന്ന യാതൊരു രാസവസ്തുവിന്റെയും ചേരുവയില്ലാത്ത സ്‌ക്വാഷ് ചെമ്പരത്തി പൂവ് കൊണ്ടുണ്ടാക്കാം.
ചേരുവകള്‍
250 ഗ്രാം ചെമ്പരത്തി പൂവ് ഞെട്ടുകളഞ്ഞു കഴുകിയത്. 1 ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു നല്ലവണ്ണം തിളപ്പിക്കുക ശേഷം വെള്ളത്തില്‍ നിന്നും പൂവിന്റെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റിയതില്‍ 750 ഗ്രാം പഞ്ചസാരയിട്ട് 3-4 തവണ തിളപ്പിക്കുക. ഇതില്‍ 10 ഗ്രാം നന്നാറി (നറുനീണ്ടി) പൊടിച്ചിടുന്നു. ഇതിട്ടു തിളപ്പിച്ച ശേഷം തണുത്തു വന്നാല്‍ കുപ്പിയില്‍ സൂക്ഷിക്കാം. 2 ടീസ്പൂണ്‍ 1 ഗ്ലാസ് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ഏതു പ്രായക്കാര്‍ക്കും കുടിക്കാം. ഇത് ഓജസ്സ് വര്‍ധിവപ്പിക്കുകയും ഉന്മേഷം നല്കുകയും ചെയ്യും. തിളപ്പിച്ച വെള്ളത്തില്‍ നിന്നെടുത്ത പൂവിന്റെ അവശിഷ്ടം തക്കാളി, സവാള, പച്ച മുളക് എന്നിവയിട്ട് നല്ലൊരു കറിയുണ്ടാക്കുകയും ചെയ്യാം. ചെമ്പരത്തിപൂവ് വെളിച്ചെണ്ണയില്‍ ഇട്ട് വെയിലത്ത് വച്ച് ചൂടാക്കി ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ തടയാനും മുടി കറുപ്പ് നിറമാകുവാനും സഹായിക്കുന്നു. അതുപോലെ പൂവ് നെയ്യില്‍ വറുത്തു കഴിച്ചാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം നിലക്കുന്നതാണ്. ഇലകളും, പൂക്കളും, വേരും ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. പൂക്കളിട്ടുണ്ടാക്കുന്ന കഷായങ്ങള്‍ ജനനേന്ദ്രിയ രോഗങ്ങള്‍, ജലദോഷം, ശരീര വേദന, ശ്വാസകോശ വീക്കം, ചുമ എന്നിവയെ നിയന്ത്രിക്കും. തീ പൊള്ളിയാല്‍ ചെമ്പരത്തിപൂവിന്റെ നീര് പുരട്ടിയാല്‍ ശമനം കിട്ടും. ഇതിന്റെ ഇല നീരിനു വിരേചക ഗുണവും, മാര്‍ദ്ദവ ഗുണവും ഉള്ളതുകൊണ്ട് ലൈംഗിക രോഗങ്ങള്‍ക്ക് ചെമ്പരത്തി വേര് കാണപ്പെട്ട മരുന്നാണ്. ആയുര്‍വേദത്തില്‍ ചെമ്പരത്തിയാദി എണ്ണയും കഷായവും അറിയപ്പെടുന്നതാണ്. എല്ലാം കൊണ്ടും ചെമ്പരത്തി ഒരു കല്‍പക ചെടിയാണ്. കണ്ണിനും കരളിനും പൂക്കള്‍ നല്‍കുന്ന കുളിര്‍മ ഉപയോഗിച്ചാലും കിട്ടും എന്നത് കൊണ്ട് നമ്മള്‍ പ്രസ്തുത കൃഷിയെ പ്രോത്സാഹിപ്പിച്ച് നമ്മുക്ക് വേണ്ട ഔഷധങ്ങള്‍ക്കും ചെമ്പരത്തി നട്ടുപിടിപ്പിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *