
ഡോ. മുഹമ്മദ് ആസിഫ്. എം
വേനല്‍ മാറി മഴയെത്തുമ്പോള്‍ ക്ഷീരമേഖലക്കത് സമൃദ്ധിയുടെ കാലമാണ്. വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് സങ്കരയിനം പശുക്കളില്‍ പാലുല്‍പാദനം വര്‍ധിക്കും . പാല്‍ കുടങ്ങള്‍ നിറയുന്നതിനൊപ്പം കര്‍ഷകന്റെ കീശയും നിറയും . മഴയില്‍ സമൃദ്ധമായി വിളയുന്ന തീറ്റപ്പുല്ലും ക്ഷീരമേഖലക്ക് അനുഗ്രഹമാണ്. അനുകൂലതകള്‍ ഏറെയുണ്ടെങ്കിലും മഴക്കാലത്ത് പശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം . തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം . തൊഴുത്തിലേക്കുള്ള വൈദ്യതിബന്ധങ്ങള്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം . തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്ത് നികത്തണം. സാധ്യമെങ്കില്‍ തറയില്‍ റബര്‍ മാറ്റ് വാങ്ങി വിരിക്കണം. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം കുമ്മായം, ബ്ലീച്ചിംങ് പൗഡര്‍, ഫിനോള്‍, കോര്‍സൊലിന്‍ തുടങ്ങിയ ഏതെങ്കിലും അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കണം.
കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങി പാര്‍പ്പിക്കാതിരിക്കണം. കിടാക്കൂടുകളില്‍ ഇന്‍കാന്റസന്റ് / ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ സജ്ജമാക്കി കിടാക്കള്‍ക്ക് മതിയായ ചൂട് ഉറപ്പാക്കണം.
മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിട് വീക്കത്തിനുള്ള സാധ്യത ഉയര്‍ന്നതാണ്. രോഗസാധ്യത കുറക്കാന്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവക്കാരന്റെയും കറവയന്ത്രങ്ങളുടെയും ശുചിത്വവും പ്രധാനം തന്നെ . പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിംങ് നല്‍കണം. കറവയ്ക്കു ശേഷം മുലക്കണ്ണുകള്‍ അടയുന്നത് വരെ ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്പം തീറ്റ നല്‍കാം . മൃഗാശുപത്രികളില്‍ നിന്നും തുച്ഛമായ നിരക്കില്‍ ലഭ്യമായ അകിടുവീക്കനിര്‍ണയ കിറ്റ് ( കാലിഫോര്‍ണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് കിറ്റ് ) ഉപയോഗിച്ച് ഇടക്ക് അകിട് വീക്ക നിര്‍ണയ പരിശോധന നടത്തുന്നത് ഉചിതമാണ് . ലക്ഷണങ്ങള്‍ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കം (സബ് ക്ലിനിക്കല്‍ മാസ്റ്റൈറ്റിസ് ) മുന്‍കൂട്ടി കണ്ടെത്താന്‍ ഈ ലളിതമാര്‍ഗം കര്‍ഷകരെ സഹായിക്കും. ട്രൈസോഡിയം സിട്രേറ്റ് പൊടി 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവില്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നത് നിശബ്ദ അകിട് വീക്കം തടയാന്‍ ഫലപ്രദമാണ് .
അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. തറയില്‍ കിടക്കുമ്പോള്‍ പാല്‍ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം . ഫോസ്ഫറസ് മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം . തനിയെ തറയില്‍ പാല്‍ ചുരത്തുന്ന അകിടുകള്‍ രോഗാണുക്കളെ മാടിവിളിക്കും . പാല്‍ തനിയെ ചുരത്തുന്ന പശുക്കളില്‍ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും . മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം . പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കറവ അവസാനിപ്പിച്ച് വറ്റുകാലത്തിലേക്ക് പോവുന്ന പശുക്കള്‍ ഉണ്ടാവാം . ഈ പശുക്കളില്‍ അകിടുവീക്കം തടയുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി വറ്റുകാല ചികിത്സ (ഡ്രൈ കൗ തെറാപ്പി ) ഉറപ്പാക്കണം.
ബാഹ്യ ആന്തര പരാദങ്ങള്‍ പെരുകാന്‍ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. മഴ ശക്തമാവുന്നതിന് മുന്‍പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. മുടന്തന്‍പനി അടക്കമുള്ള രോഗങ്ങള്‍ പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ് . ഈച്ചകളെ അകറ്റുന്ന ലേപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. ബാഹ്യ പരാദ നാശിനികളായ ലേപനങ്ങള്‍ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം . ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.
തീറ്റയൊരുക്കുമ്പോള്‍
മഴക്കാലത്തിന്റെ തുടക്കത്തില്‍ തളിര്‍ക്കുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും വയര്‍പെരുപ്പത്തിനും (ബ്ലോട്ട്) ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം അധിക അളവില്‍ അന്നജവും ജലാംശവും അടങ്ങിയതുമാണ് ഇതിന് കാരണം. ഇളം പുല്ല് വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയോ വൈക്കോലിനൊപ്പം ചേര്‍ത്തോ നല്‍കാന്‍ ശ്രദ്ധിക്കണം.
സൂക്ഷിച്ചുവച്ച തീറ്റയില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തു ജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം മനസ്സിലോര്‍ക്കണം. കാലിത്തീറ്റ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ചുമരില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളില്‍ സൂക്ഷിക്കണം. തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം . നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തൊഴുത്തിലും തീറ്റകള്‍ സംഭരിച്ച മുറികളിലും പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തീറ്റകള്‍ സുരക്ഷിതമായി അടച്ച് സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുകയും വേണം.
കരുതാം കുളമ്പുകള്‍
പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടണം. അധികമായി വളര്‍ന്ന കുളമ്പിന്റെ ഭാഗം വിദഗ്ധസഹായത്തോടെ മുറിച്ച് കളയുന്നതും ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം കുളമ്പുകള്‍ മുക്കി വച്ച് ഫൂട്ട് ഡിപ്പ് നല്‍കുന്നതും കുളമ്പുചീയല്‍ തടയാന്‍ ഫലപ്രദമാണ്.
രോഗങ്ങള്‍ സംശയിച്ചാല്‍
കാലാവസ്ഥയിലെ മാറ്റങ്ങള്‍ സങ്കരയിനം പശുക്കളില്‍ ശരീരസമ്മര്‍ദ്ദത്തിനും സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പന്‍ , മുടന്തന്‍ പനി , കുളമ്പുരോഗം , ചര്‍മ മുഴ രോഗം ,തൈലേറിയ, അനാപ്ലാസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. ന്യൂമോണിയ, കോക്‌സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങള്‍. പാലുല്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് , തീറ്റയെടുക്കാന്‍ മടി , പനി, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള പ്രയാസം , ആയാസപെട്ടുള്ള ശ്വാസോച്ഛാസം , വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വിദഗ്ധ സേവനം തേടണം. പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരള്‍ ഉത്തേജന മിശ്രിതങ്ങളും ധാതു ജീവക മിശ്രിതങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കുകയും വേണം.
മറക്കരുത് ഇന്‍ഷൂറന്‍സ്
എത്ര തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങള്‍ ഉണ്ടാവാം . വീണ്ടുമൊരു പ്രളയമെത്തുമെന്ന മുന്നറിയിപ്പും നമുക്ക് മുന്നിലുണ്ട്. ഇത്തരം അപകടങ്ങളില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം . കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പോളിസികള്‍ ആണെങ്കില്‍ യഥാസമയം പുതുക്കാന്‍ ക്ഷീരസംരംഭകര്‍ ശ്രദ്ധിക്കണം
Leave a Reply