Saturday, 27th July 2024
വി.ജി. കൃഷ്ണപ്രിയ
           കർഷികലോകത്തിൻറെ നിറവാർന്ന ലോകത്ത്  മനോജിന്റെ കൃഷിത്തോട്ടം ശ്രദ്ധയാകർഷിക്കുകയാണ് . വയനാട്, ബത്തേരി ,നൂൽപ്പുഴ പഞ്ചായത്തിലെ നാഗരംചാൽ ഗ്രാമത്തിൽ എടപ്പാട്ട് വീട്ടിൽ മനോജും കുടുംബവും കൃഷിയെ ജീവിത മാർഗ്ഗമാക്കി അതിലെ വൈവിധ്യങ്ങൾ തേടുകയാണ്. ഇഞ്ചി,ചേന,നെല്ല് തുടങ്ങിയവക്കു പുറമെ പച്ചമുളകും തക്കാളിയും വഴുതനങ്ങയും വെണ്ടയുമൊക്കെ തന്റെ വയലിൽ അദ്ദേഹം വിളയിപ്പിച്ചിരിക്കുന്നു. 
പത്തു സെന്റിൽ വിളയിപ്പിച്ചിരിക്കുന്ന ഈ പച്ചക്കറികൾക്കു ആവശ്യക്കാർ ഏറെയാണ്.രാസവളങ്ങളെ ആശ്രയിക്കാതെ തികച്ചും ജൈവരീതിയിൽ എങ്ങനെ മികച്ച  വിളവു നേടാം എന്നതിനു ഉത്തമ ഉദാഹരണമാണ് മനോജ്. അതുകൊണ്ടുതന്നെ അയൽവാസികൾക്കു പുറമെ മറു നാട്ടിൽ നിന്നു പോലും ആളുകൾ മനോജിനെ തേടിയെത്തുന്നു.
ന്യായമായ നിരക്കിൽ ഉത്തമ പച്ചക്കറികൾ ലഭിക്കുന്നതിനാൽ നാട്ടുകാർക്ക് ഇതൊരു കൗതുകമാണ്.
  തോടിനെയും കിണറിനെയുമാണ് ഇവർ കൃഷിക്കായി ആശ്രയിക്കുന്നത്.
സ്കൂൾ കഴിഞ്ഞ് മക്കൾ അക്ഷയ,അനന്യയും വീട്ടമ്മയായ ഭാര്യ ലില്ലിയും ഇദ്ദേഹത്തെ സഹായിക്കാനായി കൃഷിയിടത്തിൽ എത്താറുണ്ട്.ഇത്രയും കുറഞ്ഞ കാലയളവിൽ പതിനായിരം രൂപയോളം പച്ചക്കറികൾ വിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മനോജ് സന്തോഷത്തോടെ പറയുന്നു .
നാട്ടുകാർക്കും ബന്ധുക്കൾക്കും തന്റെ പച്ചക്കറികൾ നൽകുമ്പോൾ മനസ്സിന്റെ സംതൃപ്തി അദ്ദേഹത്തിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാൻ നമുക്കു കഴിയുന്നു.തൊണ്ണൂറ്റി അഞ്ച് സെന്റ് പാട്ടത്തിനെടുത്തിട്ടാണെങ്കിൽ പോലും ആ നിലത്തിൽ നെല്ല് ,വാഴ, ഇഞ്ചി തുടങ്ങി ഒട്ടേറെ വിളകൾ ഇടം പിടിക്കുകയും കൂടാതെ സ്വന്തമായിട്ടുള്ള കരയിൽ താൻ ഒട്ടു മിക്ക വിളകൾ കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. മുപ്പത്തി അഞ്ചു വർഷത്തോളം വരുന്ന കാർഷിക ജീവിതത്തിന്റെ ഒട്ടേറെ അനുഭവ കഥകൾ മനോജിനു പങ്കു വയ്ക്കാനുണ്ട്.
കൃഷി ചെയ്തുണ്ടാക്കുന്നതിനാൽ അരിയും ഒട്ടുമിക്ക പച്ചക്കറികളും വിപണിയിൽ നിന്നും ഇവർക്ക് വില കൊടുത്തു വാങ്ങേണ്ടി വരുന്നില്ല.മണ്ണിന്റെ മണമറിഞ്ഞ് മണ്ണിനെ സ്നേഹിക്കുന്ന ഈ കർഷകനൊപ്പം സർവ പിന്തുണയുമായി ഭാര്യയും മക്കളുമുണ്ട്. സ്വന്തമല്ലെങ്കിൽ കൂടിയും ഈ പത്തു സെന്റിൽ വിളഞ്ഞിരിക്കുന്ന വിഭവങ്ങളെ അതിലും കൂടുതലായി ഇനിയും അടുത്ത വർഷം തുടരെ ഈ വയലിൽ വിളയിക്കുമെന്ന് ഇദ്ദേഹം പറയുന്നു.വരും വർഷങ്ങളിൽ വ്യത്യസ്ത ഇനം പച്ചക്കറികൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായി കൃഷി ചെയ്യാനാണ് മനോജിന്റെയും കുടുംബത്തിന്റെയും തീരുമാനം. കാർഷിക മേഖലയെ ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്കു ചേക്കേറുന്ന ആളുകൾക്ക് ഒരു പാഠമാകട്ടെ മനോജ് എന്ന കർഷകനും അദ്ദഹത്തിന്റെ വിളഞ്ഞു കിടക്കുന്ന പാടങ്ങളും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *