
കെ.ജാഷിദ്
കേരളത്തിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകരുടെ തോട്ടങ്ങളിലേക്ക് പുതിയ അതിഥി വിരുന്നെത്തി. 'മിറാക്കിള്‍ ഫ്രൂട്ട്' എന്ന ആഫ്രിക്കന്‍ അത്ഭുത പഴച്ചെടിയാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ യഥാത്ഥത്തിൽ ഇത് ഒരു മിറാക്കിൾ അല്ലെങ്കിൽ യാദൃശ്ചികം നിറഞ്ഞ ഒരു തരം പഴമാണ് ,കാരണം എന്തെന്നാൽ ഈ പഴം കഴിച്ചു കഴിഞ്ഞ ശേഷം നാം കഴിക്കുന്ന ഭക്ഷണങ്ങളും വെള്ളവും മധുരമായി അനുഭവപെടുന്നു. .പുളിയും കയ്പ്പുമുള്ള ഭക്ഷണ പദാർത്ഥങ്ങളെ വരെ ഈ പഴം മധുരിപ്പിക്കുന്നു.മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നാവിൽ ഈ സവിശേഷത നില നിൽക്കും.
സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്.ജൈവവളങ്ങള്‍ നന്നായി ഇഷ്‌ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ വളര്‍ത്തുകയാണ് അഭികാമ്യം. ജലസേചനം ആവശ്യമാണ്.രോഗ-കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. കാര്യമായ വളപ്രയോഗത്തിന്റെ ആവശ്യവുമില്ല. ചെടികൾ പൂക്കുമ്പോൾ ധാരാളം ചെറു പ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്. ശാഖകളില്‍ വിരിയുന്ന കൊച്ചുപൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധമുണ്ട്. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്ന പ്രകൃതം.മിറക്കിള്‍ ബെറി ,സ്വീറ്റ് ബെറി എന്നും അറിയപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് വിത്തുമുളപ്പിച്ചെടുത്ത തൈകള്‍ കൃഷിചെയ്‌താല്‍ മൂന്നാലു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കി തുടങ്ങും. ഒരു പഴത്തിൽ ഒരു വിത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടാതെ കമ്പ് നട്ടും വിത്ത് കുഴിച്ചിട്ടും ഇത് വളർത്താം എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകത കൂടിയാണ് .പടിഞ്ഞാറൻ ആഫ്രിക്കയിൽ 18-ാം നൂറ്റാണ്ടു മുതൽക്കേ മിറക്കിൾ ഫ്രൂട്ട് ഉപയോഗിച്ചിരുന്നതായി യൂറോപ്യൻ സഞ്ചാരി ഷെവലിയർ ദ മാർകിസ് എഴുതിയിട്ടുണ്ട്.
ധാരാളം സവിശേഷതകൾ നിറഞ്ഞതാണ് മിറക്കിൾ ഫ്രൂട്ട് .അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നും പ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നും ചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നു.കൂടാതെ ഡയബറ്റിക്സിനും ഇത് നല്ലതാണ്.കഴിക്കുമ്പോൾ പുളിയും മധുരവും ചേർന്ന രുചിയാണ് മിറാക്കിൾ പഴത്തിന്.തൈകളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് ഇവയുടെ പ്രചാരണത്തിന് തടസ്സമാകുന്നത്.
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറികളിലും സ്വകാര്യ നഴ്സറികളിലും മിറാക്കിൾ ഫ്രൂട്ടിന്റെ തൈകൾ ലഭിക്കും. പ്രത്യേക കാർഷിക മേഖലയായി തിരഞ്ഞെടുത്ത വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പുഷ്പ- ഫല കർഷകർ ഈ ഇനം ചെടികൂടി ഇപ്പോൾ തോട്ടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
Leave a Reply