Tuesday, 19th March 2024
കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി.  വനം വന്യജീവി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പിന്‍റെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്‍ സംസ്കരിച്ച് ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കുകയാണ്.  അച്ചന്‍കോവില്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്ന ഔഷധമൂല്യമുളളതും അല്ലാത്തതുമായ കാട്ടുചെടികളുടെയും വന്‍വൃക്ഷങ്ങളുടെയും പുഷ്പങ്ങളില്‍ നിന്ന് കാട്ടുതേനീച്ചകള്‍ ശേഖരിച്ച തേനാണിത്.  ഔഷധമൂല്യവും ഒപ്പം പ്രത്യേക രുചിയുമുളള തേന്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെയും  വില്‍പ്പന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. 
അച്ചന്‍കോവില്‍ കാട്ടുതേനിന്‍റെ വിപണനോദ്ഘാടനം ഇന്ന് (03.06.2020) രാവിലെ 12 മണിക്ക് സെക്രട്ടറിയേറ്റ് ലയം ഹാളില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന് നല്‍കി നിര്‍വഹിക്കും. 
ഇതുകൂടാതെ തേന്‍, തേനധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ സമഗ്രമായ ഒരു പദ്ധതി കൃഷിവകുപ്പ് ആരംഭിക്കുന്നുണ്ട്. 
രോഗപ്രതിരോധത്തിന്‍റെ പ്രാധാന്യം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ സ്വാഭാവിക രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഔഷധതുല്യമായ പ്രകൃതിദായക ഭക്ഷണമായ തേന്‍, ഹോര്‍ട്ടികോര്‍പ്പിന്‍റെ څഅമൃത്ഹണിچ എന്ന ബ്രാന്‍ഡില്‍ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.  ഇതിന്‍റെ പ്രചരണത്തിനായി തേന്‍വണ്ടിയും ഹോര്‍ട്ടികോര്‍പ്പ് പദ്ധതിയിട്ടിട്ടുണ്ട്.  കര്‍ഷകരില്‍ നിന്നും കൂടുതല്‍ തേന്‍ സംഭരിക്കുന്നതിലൂടെ മാന്ദ്യം അനുഭവിക്കുന്ന ഈ ഘട്ടത്തില്‍ തേനീച്ചകര്‍ഷകര്‍ക്കും ഒരു കൈത്താങ്ങാകുന്നതായിരിക്കും.  തേന്‍ ശേഖരണവും വിപണനവും ശക്തിപ്പെടുത്തുന്നതിനായി څഹണിചലഞ്ച്چ എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.  കോവിഡ് പ്രതിരോധത്തിനുളള ധനശേഖരണത്തില്‍ ഹണിചലഞ്ചിനു പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്.  
തേനിച്ച കര്‍ഷകരെ സഹായിക്കുന്നതിനായി തേനീച്ച വളര്‍ത്തലും അനുബന്ധ വ്യവസായങ്ങളും ഏകീകരിക്കുന്നതിനായി സംസ്ഥാനത്തുടനീളം തേനീച്ച വളര്‍ത്തല്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുവാന്‍ ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചിരിക്കുകയാണ്.  40 മുതല്‍ 50 പേരടങ്ങുന്ന തേനീച്ചകര്‍ഷകരേയും സംരംഭകരേയും ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തിലോ, ബ്ലോക്ക് പഞ്ചായത്ത് തലത്തിലോ ആയിരിക്കും ക്ലസ്റ്ററുകള്‍ രൂപീകരിക്കുക.  തേന്‍ ഉത്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിനും കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് ലക്ഷ്യമിടുന്നുണ്ട്.  കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍, തേന്‍മെഴുക് തുടങ്ങിയവ ശേഖരിക്കുകയും മൂല്യവര്‍ദ്ധിത ഉത്പന്നമാക്കി തേനിച്ചവളര്‍ത്തല്‍, څക്ലസ്റ്റര്‍ – വിപണന ശൃംഖലകള്‍چ വഴി സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും വിപണനം നടത്തുന്നതായിരിക്കും.  തേനീച്ച കര്‍ഷകര്‍ക്ക് ആവശ്യമുളള തേനീച്ചകള്‍, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങള്‍, സംസ്കരണ സാമഗ്രികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ സാങ്കേതികവിദ്യ എന്നിവയും തേനീച്ച ക്ലസ്റ്ററുകള്‍ക്ക് ലഭ്യമാക്കുന്ന വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നത്.  വനം-വന്യജീവി വകുപ്പിന്‍റെ സഹകരണത്തോടെ ആദിവാസി വിഭാഗം ഗുണഭോക്താക്കള്‍ക്ക് പ്രത്യേക ക്ലസ്റ്ററും രൂപീകരിക്കുന്നതായിരിക്കും. (കാട്ടുതേന്‍ ഹോര്‍ട്ടികോര്‍പ്പ് ക്ലസ്റ്റര്‍)  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *