Saturday, 27th July 2024

അമ്പലവയൽ: ആഗോള വിപണിയിൽ ഉയർന്ന ഡിമാന്റുള്ള പാഷൻ ഫ്രൂട്ടിന്റെ കൃഷിയിൽ വയനാട് ജില്ലക്ക് അനന്തസാധ്യതകളാണുള്ളതെന്ന് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന പാഷൻ ഫ്രൂട്ട് ബോധവൽക്കരണ ശില്പശാല അഭിപ്രായപ്പെട്ടു. പ്രത്യേക ഫലവർഗ്ഗ മേഖലയായി തിരഞെടുത്ത വയനാട് ജില്ലയിൽ പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടി എടവക , പടിത്താറത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് ബോധവൽക്കരണവും പ്രദർശനവും സംഘടിപ്പിച്ചത്.വയനാട്   ജില്ലാ കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടന്ന് കലക്ടർ പറഞ്ഞു. വയനാട്ടിൽ ഏറ്റവും അനുയോജ്യമായ ഫലവർഗ്ഗങ്ങളിൽ മുൻപന്തിയിലുള്ളത് പാഷൻ ഫ്രൂട്ടും അവക്കാഡോയും ആണന്നും സമ്മിശ്ര കൃഷിയാണ് ലാഭകരമെന്ന്  കർഷകർ   തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

  വയനാട്ടിൽ പത്ത് ഗ്രാമപഞ്ചായത്തുകളിൽ ഫലവർഗ്ഗകൃഷി നടത്തുമെന്നും കൃഷിക്കാവശ്യമായ തൈകൾ ഗ്രാമ പഞ്ചായത്തുകൾ ഉല്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടന്നും ഇരുപത് ലക്ഷം രൂപ ഇതിനായി അനുവദിച്ചുവെന്നും  ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.എച്ച്.മെഹർബാൻ പറഞ്ഞു. അവകാഡോ,ലിച്ചി, റമ്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയവയാണ് മറ്റിനങ്ങൾ. 
ചടങ്ങിൽ  അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത  വിജയൻ അധ്യക്ഷത വഹിച്ചു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി.രാജേന്ദ്രൻ ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി അലക്സ്, ഓർക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഊർമ്മിള പഥക് തുടങ്ങിയവർ പ്രസംഗിച്ചു. പാഷൻ ഫ്രൂട്ട് ആദായവും ആരോഗ്യവും എന്ന വിഷയത്തിൽ വിള പരിപാലനം, കീട രോഗനിയന്ത്രണം, വിപണി എന്നീ കാര്യങ്ങളെ കുറിച്ച് വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം മുൻ മേധാവി ഡോ: പി.പി. ജോയ് ക്ലാസ്സെടുത്തു. പാഷൻ ഫ്രൂട്ടിന്റെ വിവിധ ഫലവർഗ്ഗങ്ങളുടെയും പ്രദർശനവും ഉണ്ടായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *