Saturday, 2nd March 2024


തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ആശ്രയമായ പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃതവസ്തു വില്‍പന ലോബിയുടെ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു.


ഗുണമേ
ന്‍മ കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ നല്‍കിയതിന് ചില വിതരണക്കാരെ കമ്പനി ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കമ്പനിക്കെതിരെ വ്യാജപ്രചരണം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ മൂന്നു മാസമായി കേരള ഫീഡ്സ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2019-20 വര്‍ഷത്തില്‍ വിഭാവനം ചെയ്ത 500 കോടി വിറ്റുവരവ് എന്ന ലക്ഷ്യത്തില്‍ 495.85 കോടി രൂപയും നേടാന്‍ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തും കേരള ഫീഡ്സിനു കഴിഞ്ഞു. ഇക്കുറി 600 കോടിയാണ് ലക്ഷ്യം വച്ചിട്ടുള്ളത്. അത് നേടുക തന്നെ ചെയ്യും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ തകര്‍ക്കാന്‍ ചില കുബുദ്ധികള്‍കാട്ടുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ കേരള ഫീഡ്സ് മുട്ടു മടക്കില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരള ഫീഡ്സിന്‍റെ അതത് വര്‍ഷത്തെ നഷ്ടത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2012 മുതല്‍ 2017 വരെ കമ്പനിയുടെ സഞ്ചിത നഷ്ടം 73.40 കോടിയായിരുന്നെങ്കില്‍ 2016-17ലെ മാത്രം നഷ്ടം 37.68 കോടി രൂപയായിരുന്നു. എന്നാല്‍ 2017-18 ലെ നഷ്ടം 2.37 കോടിയായി കുറഞ്ഞു. ഒറ്റ വര്‍ഷം കൊണ്ട് 35.31 കോടി രൂപയാണ് നഷ്ടത്തില്‍ കുറവുണ്ടായത്. തുടര്‍ന്ന് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയമുണ്ടായ 2018-19 ല്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ നിരവധി ആനുകൂല്യങ്ങള്‍ കാരണം നഷ്ടം 15.43 കോടിയായി.

പ്രളയം രൂക്ഷമായ 7 ജില്ലകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ക്ക് സൗജന്യമായി കേരള ഫീഡ്സ് കാലിത്തീറ്റ നല്‍കി. സപ്തംബര്‍ മാസത്തില്‍ 50 കിലോയുടെ ചാക്കൊന്നിന് 100 രൂപ കുറച്ചാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതുമൂലം ഒറ്റമാസം കമ്പനിയ്ക്ക് 3 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഇതു കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി 'സ്നേഹസ്പര്‍ശം' പദ്ധതി കേരള ഫീഡ്സ് നടപ്പാക്കി. ക്ഷീരവികസന വകുപ്പ് തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് കാലീത്തീറ്റയും ധാതു മിശ്രിതമായ കേരമിനും പൂര്‍ണമായും സൗജന്യമായി കേരള ഫീഡ്സ് നല്‍കി.

ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല കേരളഫീഡ്സ്. 73 കോടി രൂപ സഞ്ചിത നഷ്ടമുള്ള കേരള ഫീഡ്സിന് അസംസ്കൃത വസ്തുക്കള്‍ നല്‍കാന്‍ വിതരണക്കാര്‍ വിമുഖത കാട്ടിയ അവസരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പുതിയ വിതരണക്കാരെ കണ്ടെത്തി.

രാജ്യത്തിന്‍റെ ഏതു സ്ഥലത്തു നിന്നും ഇ ടെന്‍ഡര്‍ വഴിയാണ് ഈ വിതരണക്കാര്‍ കേരള ഫീഡ്സിലേക്ക് അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത്. മാര്‍ഗ്ഗരേഖകള്‍ പാലിച്ചു കൊണ്ട് രാജ്യത്തെ ഏതൊരു വിതരണക്കാരനും ഇ-ടെന്‍ഡര്‍ വഴി കേരള ഫീഡ്സിലേക്ക് അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്യാവുന്നതാണ്. തികച്ചും സുതാര്യമായ ഈ സംവിധാനം ആര്‍ക്കും പരിശോധിക്കാം.

കമ്പനി ഗേറ്റ് മുതല്‍ ഉത്പാദന യൂണിറ്റ് വരെ നീളുന്ന നാല് ഘട്ടങ്ങളിലായുള്ള 
ഗുണമേന്‍മാ പരിശോധന, അത്യാധുനിക ബൈപ്പാസ് പ്രോട്ടീന്‍ പ്ലാന്‍റ്, എല്ലാ ജീല്ലകളിലുമുള്ള മികച്ച വിതരണ സംവിധാനം മുതലായവ കേരള ഫീഡ്സിന്‍റെ പ്രത്യേകതയാണ്.

കൊവിഡിന്‍റെ പ്രതികൂലാവസ്ഥയില്‍ രാജ്യത്തെ ഒട്ടു മിക്ക ഫാക്ടറികളും അടഞ്ഞു കിടന്നപ്പോഴും കേരള ഫീഡ്സ് ഷിഫ്റ്റുകള്‍ പുന:ക്രമീകരിച്ച് ഉത്പാദനം നടത്തി. അസംസ്കൃത വസ്തുക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടന്നപ്പോള്‍ ബഹുമാനപ്പെട്ട വനം-മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ്രീ കെ രാജു നേരിട്ടിടപെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസാരിച്ചാണ് ലോറികള്‍ സംസ്ഥാനത്തെത്തിച്ചത്. ലോക്ഡൗണ്‍ മൂലം കാലിത്തീറ്റ ലഭിക്കാതെ കര്‍ഷകര്‍ വിഷമിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് കമ്പനി നേരിട്ട് കാലിത്തീറ്റ എത്തിച്ചു നല്‍കി.

കാലിത്തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ വില കഴിഞ്ഞ രണ്ട് വര്‍ഷമായി 70 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.  കേരള ഫീഡ്സിന്‍റെ ഒരു കിലോ കാലിത്തീറ്റയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ 90 ശതമാനവും അസംസ്കൃത വസ്തുക്കള്‍ വാങ്ങാനാണ് ചെലവഴിക്കുന്നത്. ഇത്രയും ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലും കാലിത്തീറ്റയുടെ വില കൂട്ടി അധികഭാരം ക്ഷീരകര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേരള ഫീഡ്സ് തയ്യാറായിട്ടില്ല. മാത്രമല്ല, അനിയന്ത്രിതമായി സ്വകാര്യ കാലിത്തീറ്റക്കമ്പനികള്‍ വില കൂട്ടാതെ പിടിച്ചു നിറുത്തുന്നതും കേരള ഫീഡ്സിന്‍റെ സക്രിയമായ വിപണി ഇടപെടല്‍ കൊണ്ടാണ്.

കേരള ഫീഡ്സിന്‍റെ അസംസ്കൃത വസ്തുക്കളുടെ 99 ശതമാനവും സംസ്ഥാനത്തിന് വെളിയില്‍ നിന്നാണ് എത്തുന്നത്. ഇതിലെ പ്രധാന ഘടകമായ ചോളത്തിന്‍റെ വില വര്‍ധനവ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ ജില്ലാപഞ്ചായത്തുകളുമായി സഹകരിച്ച് ചോളകൃഷി തുടങ്ങാനുള്ള തീരുമാനം കമ്പനി കൈക്കൊണ്ടിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ സഹകരണത്തോടെയുള്ള ചോളകൃഷി ഉടന്‍ ആരംഭിക്കും. ആലപ്പുഴ ജില്ലയില്‍ സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ കോക്കനട്ട് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ(സിപിസിആര്‍ഐ) സാങ്കേതിക സഹകരണത്തോടെ ഓണാട്ടുകര വികസന ഏജന്‍സിയുടെ കീഴില്‍ ചോളകൃഷിയ്ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി.

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള ഫീഡ്സ്. കേവലം ലാഭം മാത്രമല്ല ഇതിന്‍റ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ കന്നുകുട്ടി പരിപാലന പദ്ധതിയിലേക്ക് ഏറ്റവുമധികം കാലിത്തീറ്റ നല്‍കുന്ന സ്ഥാപനമാണ് കേരള ഫീഡ്സ്. സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെ നിശ്ചിത തുകയില്‍ കൂടുതലുള്ള വില വര്‍ധന കേരള ഫീഡ്സില്‍ സാധ്യമല്ല. 

ഗുണമേډയുടെ കാര്യത്തില്‍ കേരള ഫീഡ്സ് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന കര്‍ക്കശ നിലപാടാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ചിലരുടെ കണ്ണിലെ കരടാക്കിയിരിക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ കേരള ഫീഡ്സിന്‍റെ തലയില്‍ കെട്ടി വയ്ക്കാമെന്ന രണ്ട് വിതരണക്കാരുടെ ലക്ഷ്യം നടക്കാതെ വന്നതിലുള്ള നിരാശയാണ് കുപ്രചരണങ്ങള്‍ക്ക് പിന്നില്‍. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ കാലിത്തീറ്റ നല്‍കുന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ മാത്രമേ ഇത്തരം പ്രചരണങ്ങള്‍ സഹായിക്കൂ. കുപ്രചരണങ്ങളില്‍ വീഴാതെ കേരള ഫീഡ്സില്‍ അര്‍പ്പിച്ച വിശ്വാസം ക്ഷീരകര്‍ഷകരും പൊതുജനങ്ങളും തുടരുമെന്ന ഉറച്ച പ്രതീക്ഷ കമ്പനിയ്ക്കുണ്ടെന്നും കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *