Saturday, 27th July 2024

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന  ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്റെ  സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ  വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ നടത്താനും വാക്സിൻ പരീക്ഷണങ്ങൾക്കുമുള്ള അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിലവിൽ പേവിഷബാധയ്ക്കെതിരേയുള്ള വാക്സിനുകൾ സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിനായി വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.

കാലികളിൽ പടരുന്ന ചർമ്മ മുഴ നിയന്ത്രിക്കുവാനായി ഇന്നു മുതൽ ഒരു മാസക്കാലത്തേക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനായി  സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്തിടെ പന്നിപ്പനിയും പക്ഷി പ്പനിയും നിയന്ത്രിക്കുവാൻ വേണ്ടി കൊന്നൊടുക്കിയ വകയിലുള്ള പൂർണ്ണ നഷ്ടപരിഹാരം കർഷകർക്ക് നൽകിയതായും മന്ത്രി പറഞ്ഞു. പക്ഷിപ്പനി നഷ്ടപരിഹാരം ആയി നാല് കോടിയും പന്നിപ്പനി നഷ്ടപരിഹാരം ആയി 86 ലക്ഷം രൂപയും ഇത് വരെ നൽകിക്കഴിഞ്ഞു. നഗരത്തിലെ കർഷകർക്കായി നൽകുന്ന കോഴിയും കൂടും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ ഡാനിയൽ അധ്യക്ഷനായ ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷ നജിബത്ത്,  കൗൺസിലർ ബി.ഷൈലജ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജിലാസ്റ്റ്, പ്രോജക്ട് കോ_ ഓഡിനേറ്റർ ഡോ. സിന്ധു.എസ്, ഡോ.എസ്.പ്രിയ, ഡോ. ഡി. ഷൈൻ കുമാർ, ഡോ.ആർ.ഗീതാ റാണി, വി.സുകമാരൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *