Saturday, 25th March 2023

ഡോ. പി.കെ.മുഹ്സിന്‍ താമരശ്ശേരി


മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്ന കോഴികളുടെ ജീവിതകാലത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. എട്ടാഴ്ച വരെയുള്ളകാലം, ഒമ്പത് മുതല്‍ ഇരുപത് ആഴ്ചവരെയുള്ള കാലം, ഇതുപത്തൊന്ന് ആഴ്ചയ്ക്ക് ശേഷമുള്ള കാലം എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ചിക്ക് മാഷ് അഥവാ ചിക്ക്സ്നൊര്‍ട്ടര്‍ തീറ്റ കൊടുക്കണം. ഇതില്‍ 20 ശതമാനം മാംസ്യം വേണം. രണ്ടാമത്തെ ഘട്ടത്തില്‍ വളരുന്ന കോഴികളുടെ തീറ്റ അഥവാ ഗ്രോവര്‍ തീറ്റയാണ് നല്‍കുന്നത്. ഈ തീറ്റയിലെ മാംസ്യത്തിന്‍റെ അളവ് 16 ശതമാനം മാത്രം മതി. മുട്ടയിടുന്ന കോഴികളുടെ തീറ്റയിലാവട്ടെ 18 ശതമാനം മാംസ്യം വേണം. മാംസ്യത്തിന് പുറമെ അന്നജവും, കൊഴുപ്പ്, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവയും തീറ്റമിശ്രിതത്തില്‍ ഉണ്ടാവണം. ചെറിയ കോഴിക്കുഞ്ഞുങ്ങളുടെ തീറ്റയിലും വളരുന്ന കോഴികളുടെ തീറ്റയിലും കുറച്ച് കാലത്തേക്ക് കോക്സിഡിയോസ്റ്റാറ്റ് കൊടുക്കണം. നാലാഴ്ച പ്രായമായാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്ല തളിര് പുല്ല്, ചീരയില എന്നിവ കൊടുക്കുന്നതുമൂലം കൂടുതല്‍ ജീവകങ്ങളും ധാതുലവണങ്ങളും ലഭ്യമാകുന്നു. തീറ്റ നന്നായി പൊടിഞ്ഞിരിക്കണം. ഒരു കോഴിക്കുഞ്ഞിന് എട്ടാഴ്ച പ്രായമാകുന്നത് വരെ ഒന്നര കിലോഗ്രാം തീറ്റ വേണം.
നല്ല ഉത്പാദനശേഷിയുള്ള കോഴികള്‍ 20 ആഴ്ച പ്രായമാകുമ്പോഴേക്കും മുട്ടയിടാന്‍ ആരംഭിക്കുന്നു. മുട്ടയിടാന്‍ തുടങ്ങിയാല്‍ അവയ്ക്ക് മുട്ടക്കോഴികളുടെ തീറ്റ കൊടുക്കണം.
മുട്ടയിടുന്ന കോഴികള്‍ക്ക് അവയുടെ തീറ്റയില്‍ ഉള്‍പ്പെടുത്തിയത് കൂടാതെ കക്ക പൊടിച്ച് കൂട്ടില്‍ ഒരു സ്ഥലത്ത് വെക്കണം. ഇത് ഭക്ഷിക്കുന്നതുമൂലം ഉറപ്പുള്ള മുട്ടത്തോട് ഉണ്ടാവുന്നു.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട കോഴികള്‍ക്ക് കൊടുക്കാവുന്ന തീറ്റ മിശ്രിതങ്ങളുടെ ചേരുവകള്‍ താഴെ കൊടുത്തിരിക്കുന്നു.
ചെറിയ കുഞ്ഞുങ്ങള്‍ക്ക് (0-8) ആഴ്ച വരെ
കടലപ്പിണ്ണാക്ക് 27%, മഞ്ഞച്ചോളം 38%, ഉപ്പില്ലാത്ത ഉണക്കമീന്‍ 10%, ഉണക്ക കപ്പ 5%, അരിത്തവിട് 18%, മിനറല്‍ മിശ്രിതം 2%, ആകെ 100%.
100 കിലോഗ്രാം തീറ്റയില്‍ താഴെ പറയുന്നവ കൂടി ചേര്‍ക്കണം.
ജീവകം എ, ബി2, ഡി3 ഇരുപത് ഗ്രാം, സാധാരണ ഉപ്പ് 25 ഗ്രാം,
വളരുന്ന കോഴികള്‍ക്കുള്ള തീറ്റ (9-20 ആഴ്ച വരെ)
കടലപ്പിണ്ണാക്ക് 20%, മഞ്ഞച്ചോളം 20%, അരിത്തവിട് 26%, ഉണക്കക്കപ്പ 20%, ഉപ്പില്ലാത്ത ഉണക്കമീന്‍ 12%, ധാതുലവണമിശ്രിതം 1.75%, സാധാരണ കറിയുപ്പ് 0.25%, ആകെ 100%
100 കിലോഗ്രാം തീറ്റയില്‍ ജീവകം എ, ബി2, ഡി3 ഇരുപത് ഗ്രാം എന്നിവയും ചേര്‍ക്കണം.
മുട്ടയിടുന്ന കോഴികള്‍ക്കുള്ള തീറ്റ (21 ആഴ്ചക്ക് ശേഷം)
കടലപ്പിണ്ണാക്ക് 25%, മഞ്ഞച്ചോളം 20%, അരിത്തവിട് 20%, ഉണക്കക്കപ്പ 20, ഉപ്പില്ലാത്ത ഉണക്കമീന്‍ 10%, മിനറല്‍ മിശ്രിതം 2.25%, സാധാരണ കറിയുപ്പ് 0.25%, കക്ക പൊടിച്ചത് 2.50%, ആകെ 100%.
എള്ളിന്‍ പിണ്ണാക്കും, തേങ്ങാപിണ്ണാക്കും 5 മുതല്‍ 10 ശതമാനം വരെ ചേര്‍ക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *