Saturday, 7th September 2024

സി.വി.ഷിബു
അകത്തള ചെടികളിലും അലങ്കാര ചെടികളിലും ഏറെ ആകര്‍ഷണമുള്ളവയാണ് കള്ളിച്ചെടികള്‍ അഥവാ കാക്റ്റസ്. ചെറിയ മുള്ളുകള്‍ ഉള്ളവയും മുള്ളുകള്‍ ഇല്ലാത്തവയും പുഷ്പിക്കുന്നവയും പുഷ്പിക്കാത്തവയും ഇക്കൂട്ടത്തില്‍ പെടും. പലതിനും പച്ചനിറവും ചാരനിറവുമാണെങ്കിലും പൂക്കള്‍ക്ക് പലതിനും പലനിറമാണ്. മരുഭൂമികളില്‍ വളരുന്നവയാണ് കള്ളിച്ചെടികള്‍. ഉഷ്ണകാലാവസ്ഥയിലും മിത ശിതോഷ്ണകാലാവസ്ഥയിലും കള്ളിച്ചെടികള്‍ നന്നായി വളരും. ഇപ്പോള്‍ മരുഭൂമികളില്‍ മാത്രമല്ല, ശൈത്യമേഖലയിലും അലങ്കാരച്ചെടികള്‍ക്കൊപ്പം കള്ളിച്ചെടികള്‍ വളര്‍ത്തുന്നുണ്ട്. വെള്ളവും മണ്ണും പരിചരണവും വളരെ കുറച്ചുമതി എന്നതാണ് കള്ളിച്ചെടികളുടെ പ്രത്യേകത. 30 രൂപ മുതല്‍ 3000 രൂപവരെ വിലയുള്ള കള്ളിച്ചെടികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
കേരളത്തില്‍ പല വീട്ടമ്മമാരും കള്ളിച്ചെടികളെ ഒരു സംരംഭമായി കൊണ്ടുനടക്കാറുണ്ട്. കൈനനയാതെ മീന്‍പിടിക്കാം എന്ന് പറഞ്ഞതുപോലെ ശരീരത്തില്‍ ചെളിപറ്റാതെ കൃഷിചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത്, വൈറ്റ് കോളര്‍ ജോലി ആഗ്രഹിക്കുകയും അത് കിട്ടാതെ വരികയും ചെയ്യുമ്പോള്‍ അതിന് സമാനമായ വരുമാനത്തില്‍ ഒരു സംരംഭം നടത്താമെന്നതാണ് കള്ളിച്ചെടി നേഴ്‌സറിയുടെയും സംരംഭത്തിന്റെയും പ്രത്യേകത.
കള്ളിച്ചെടികളുടെ ഗുണങ്ങള്‍
ഇതൊരു അലങ്കാരച്ചെടിയാണ്. അതിനാല്‍തന്നെ വീട്ടിനുള്ളിലും വീട്ടിന് പുറത്തും മുറികളിലും ഇടം മനോഹരമാക്കാന്‍ കള്ളിച്ചെടികളെ ഉപയോഗിക്കാം. വലിയ കള്ളിച്ചെടികള്‍ ഉപയോഗിച്ച് പ്രതിരോധ വേലികളും തീര്‍ക്കാം. ചില കള്ളിച്ചെടികള്‍ക്ക് ഔഷധഗുണമുള്ളതിനാല്‍ മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പോലുള്ളവ കള്ളിച്ചെടികളിലുണ്ടാകുന്ന പഴങ്ങളാണ്. ഇവ ഭക്ഷണത്തിനും ഉപയോഗിച്ചുവരുന്നുണ്ട്. മറ്റുചില കള്ളിച്ചെടികള്‍ കന്നുകാലികള്‍ക്കുള്ള തീറ്റയ്ക്കും ഉപയോഗിച്ചുവരുന്നു. കൂടാതെ വെട്ടിമാറ്റുന്ന കള്ളിച്ചെടികള്‍ ഉപയോഗിച്ച് ജൈവവളനിര്‍മ്മാണവും ചെയ്യാം.
കൊളസ്‌ട്രോളും രക്തത്തിലെ ഗ്ലൂക്കോസും കുറയ്ക്കുന്ന ആരോഗ്യകരമായ ധാതുക്കള്‍ കള്ളിച്ചെടികളില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും അര്‍ബുദവും കുറയ്ക്കാനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാനും വൃക്കയിലെ കല്ലുകള്‍ , കരള്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കും പരമ്പരാഗതമായി കള്ളിച്ചെടികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളുകള്‍ ഇല്ലാത്തവയാണ് കന്നുകാലികള്‍ക്ക് തീറ്റയായി ഉപയോഗിക്കുന്നത്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ക്രീമുകള്‍, ലോഷനുകള്‍ എന്നിവ നിര്‍മ്മിക്കുമ്പോള്‍ കള്ളിച്ചെടികളുടെ തണ്ടുകള്‍ അവയില്‍ ചേര്‍ക്കാറുണ്ട്. നാരുകളില്‍ അടങ്ങിയിരിക്കുന്ന പെറ്റിലിന്‍ എന്ന പദാര്‍ത്ഥമാണ് രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും കുറയ്ക്കുന്നത്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം,വിറ്റാമിനുകള്‍, കാത്സ്യം എന്നിവ കള്ളിച്ചെടിളില്‍ അടങ്ങിയിട്ടുണ്ട്. ഫിനോലിപ്‌സും ഫ്‌ളവറോയ്ഡുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ആരോഗ്യകരമായ കോശങ്ങള്‍ നിലനിര്‍ത്തുന്നതിന് കള്ളിച്ചെടികള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷ്യയോഗ്യമായ കള്ളിച്ചെടികളില്‍ ഏറ്റവും പ്രധാനം ഡ്രാഗണ്‍ ഫ്രൂട്ടാണ്. നൂറ് ഗ്രാം കള്ളിച്ചെടിയില്‍ നിന്ന് 16 കലോറി ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വായുശുദ്ധീകരണം
കാഴ്ചയ്ക്കുള്ള ഭംഗിയും മനോഹാരിതയും കൂടാതെ കള്ളിച്ചെടികളുടെ പ്രധാന പ്രത്യേകത വായുമലിനീകരണം തടയുന്നുവെന്നുള്ളതാണ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് ഓക്‌സിജനായി രൂപാന്തരപ്പെടുത്തി വായു ശുദ്ധീകരിക്കുന്നതില്‍ കള്ളിച്ചെടികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഐ.ടി.അധിഷ്ഠിത ജീവിതശൈലിയാണല്ലോ നമുക്കിപ്പോള്‍. ഇക്കാലത്ത് കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും അരികെ കള്ളിച്ചെടികള്‍ വച്ചാല്‍ സ്‌ക്രീനില്‍ നിന്നുള്ള വൈദ്യുത-കാന്തിക വികിരണത്തിന് തടസ്സമായി ഇവ പ്രവര്‍ത്തിക്കും.
പ്രധാന കള്ളിച്ചെടികള്‍
കേരളത്തിന്റെ കാലാവസ്ഥയില്‍ അമ്പതിലധികം ഇനം കള്ളിച്ചെടികള്‍ വ്യാപകമായി ഉണ്ട്. ഇവയില്‍ പ്രശസ്തമാണ് മങ്കി ടെയ്ല്‍ അഥവാ കുരങ്ങുവാലന്‍, റാറ്റ് ടെയ്ല്‍ അഥവാ എലിവാലന്‍, ഓര്‍ക്കിഡ് കള്ളിച്ചെടി, കാക്റ്റസ് ചിന്‍, ഈസ്റ്റര്‍ കള്ളിച്ചെടി, ക്രിസ്തുമസ് കള്ളിച്ചെടി, നിലക്കടല കള്ളിച്ചെടി തുടങ്ങി ഇവയുടെ പട്ടിക നീളുന്നു.
പരിചരണ മുറകള്‍
പ്രകൃതിദത്ത വെളിച്ചം നന്നായി ആവശ്യമുള്ളവയാണ് കള്ളിച്ചെടികള്‍. മണ്ണും വെള്ളവും കുറച്ചുമതി. മണ്ണ് ഉണങ്ങുമ്പോള്‍ മാത്രം ചെറിയ നനവ് കൊടുത്താല്‍ മതി. കള്ളിച്ചെടികളുടെ വേരുകള്‍ അധികം വെള്ളം വലിച്ചെടുക്കാറില്ല. ചരല്‍ കലര്‍ന്ന മണ്ണോ, ചെറിയ കല്ലുകളുള്ള പോട്ടുകളിലോ ഇവ വളര്‍ത്താം. കള്ളിച്ചെടികള്‍ മുറികള്‍ക്കുള്ളിലാണ് വയ്ക്കുന്നതെങ്കില്‍ ആകര്‍ഷണീയമായ പോട്ടുകളും തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സെറാമിക് പോട്ടുകളുടെ രൂപഭംഗിയും കള്ളിച്ചെടിയുടെ ഭംഗിയും കൂടിയാകുമ്പോള്‍ കാഴ്ചയ്ക്ക് ഇരട്ടി ആകര്‍ഷണീയത ഉണ്ടാകും. രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം ചെടികള്‍ മാറ്റിനടുന്നത് നല്ലതാണ്. വസന്തകാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഇവ നട്ടുപിടിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ശൈത്യകാലം മുതല്‍ വേനല്‍ക്കാലത്തിന്റെ അവസാനകാലം വരെയാണ് പല കള്ളിച്ചെടികളും പുഷ്പിക്കുക. എന്നാല്‍ എല്ലാ കള്ളിച്ചെടികളും പുഷ്പിക്കുന്നവയല്ല.
നിഷാറാണി : കള്ളിച്ചെടികളുടെ റാണി
കേരളത്തില്‍ പല വീട്ടമ്മമാരും കള്ളിച്ചെടികളെ ഒരു സംരംഭമായി വളര്‍ത്താറുണ്ടെങ്കിലും മലപ്പുറം തിരൂരിലെ വീട്ടമ്മയായ നിഷാറാണിയാണ് കള്ളിച്ചെടികളുടെ റാണി എന്നറിയപ്പെടുന്നത്. ചെറിയ രീതിയില്‍ ആരംഭിച്ച നിഷാറാണിയുടെ കള്ളിച്ചെടി സംരംഭം ഇപ്പോള്‍ വലുതായി വ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നും അകത്തുനിന്നും ധാരാളം പേര്‍ ഇവരില്‍ നിന്നും കള്ളിച്ചെടികളെക്കുറിച്ച് പഠിക്കുന്നുണ്ട്. ഏകദേശം 35ലധികം ഇനം കള്ളിച്ചെടികള്‍ നിഷാറാണി സ്ഥിരമായി വളര്‍ത്തിവലുതാക്കുന്നുണ്ട്.
ഹാര്‍വെസ്റ്റേ എക്‌സ്പീരിയന്‍സ് സെന്റര്‍
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിന് ഒരുങ്ങുന്ന ഹാര്‍വെസ്റ്റേ ഇത്തരക്കാര്‍ക്കുവേണ്ടി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഹാര്‍വെസ്റ്റേ ഓഫീസിന് സമീപമാണ് ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അമ്പത് എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ഹാര്‍വെസ്റ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ചെയര്‍മാനും എം.ഡി.യുമായ വിജീഷ് കെ.പി. പറഞ്ഞു.
ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വൈവിധ്യമാര്‍ന്ന കളക്ഷനുകളും പരിചരണ മുറകളുടെ പരിശീലനവും ഗാര്‍ഡനിംഗിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വിദഗ്ധരുടെ ഉപദേശവും ഈ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ലഭിക്കും.
നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വിലവരുന്നവ വരെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ അപൂര്‍വമായതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ ഇനങ്ങളും ഇപ്പോള്‍ കേരളത്തിലെ വീട്ടുമുറികളില്‍ എത്തിയിട്ടുണ്ട്. ഇവ ജനകീയമാക്കുന്നതില്‍ ഹാര്‍വെസ്റ്റേ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778429616

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *