Friday, 19th July 2024

കര്‍ഷക വരുമാനം 50 ശതമാനമെങ്കിലും വര്‍ദ്ധിപ്പിച്ച് കര്‍ഷകന് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. കാര്‍ഷികോത്പാദക കമ്പനികള്‍ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് സൂചിപ്പിച്ചു. ഓണം സീസണോടനുബന്ധിച്ച് കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 2000 കര്‍ഷക ചന്തകളുടെ ഉദ്ഘാടനം പാളയത്തെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ഇതിനകം തന്നെ 25 കാര്‍ഷികോത്പാദന കമ്പനികള്‍ രൂപീകരിക്കുന്നതിന് നടപടി ആയിട്ടുണ്ട്. ഉത്പന്നങ്ങള്‍ യഥാസമയം സംഭരിച്ച് വിപണനം ചെയ്യുന്നതിനായിരിക്കും വകുപ്പിന്‍റെ പദ്ധതികളിലും മുന്‍തൂക്കം. വിളവ് കൂടി എന്ന പ്രശ്നത്താല്‍ കര്‍ഷകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇനി നേരിടേണ്ടി വരില്ല. അതിനുള്ള ഇടപെടലുകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ഒരു ഇടപെടലാണ് ഓണം പോലുള്ള ഉത്സവ സീസണുകളില്‍ നടത്തുന്ന കര്‍ഷക ചന്തകള്‍. കര്‍ഷകരില്‍ നിന്നും അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ അധിക വില നല്‍കി സംഭരിച്ച് ഉല്‍പ്പാദകര്‍ക്ക് വിപണിവിലയെക്കാള്‍ 30 ശതമാനംവരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് കര്‍ഷക ചിന്തകളിലൂടെ നടത്തുന്നത്. ഓണസമൃദ്ധി 2021 എന്ന പേരില്‍ ആരംഭിക്കുന്ന 2000 കര്‍ഷക ചന്തകള്‍ ആഗസ്റ്റ് 17 മുതല്‍ 20 വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഉത്പാദന രംഗത്ത് സംസ്ഥാനം വളരെ മുന്‍പന്തിയിലാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. പഴം-പച്ചക്കറി മേഖലയിലെ പ്രധാന പ്രശ്നം വിപണനമാണ്. കിട്ടുന്ന വിലയ്ക്ക് കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ട്. ഇതിന് മാറ്റം വരുത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും അധ്യക്ഷന്‍ സൂചിപ്പിച്ചു. പ്രതിസന്ധിഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു പിടിച്ചുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളടക്കം എല്ലാവര്‍ക്കും കിറ്റു വിതരണം സര്‍ക്കാര്‍ നടപ്പിലാക്കുന്നു. രാജ്യത്തിന് മാതൃകയായുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും മന്ത്രി പറഞ്ഞു .കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദിപ്പിച്ച നാടന്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ഷക പ്രതിനിധിയായ ആനാട്ടെ കര്‍ഷകന്‍ പുഷ്കരന്‍ നായര്‍ മന്ത്രി ശിവന്‍കുട്ടിയ്ക്ക് കൈമാറുകയും ചെയ്തു. ഓണസമൃദ്ധി കര്‍ഷക ചന്തകളുടെ ആദ്യ വില്‍പന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉല്‍പ്പന്നങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സൗഹൃദ കൃഷിയിലൂടെ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കുളത്തൂരിലെ കര്‍ഷകനായ മോഹനനില്‍ നിന്നും കൃഷിമന്ത്രി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാര്‍ ,ഡെപ്യൂട്ടി മേയര്‍ പി കെ രാജു , ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ ജെ സജീവ് , വി.എഫ്.പി.സി.കെ സി.ഇ.ഒ ശിവരാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ കെ വാസുകി ഐഎഎസ് ചടങ്ങിന് സ്വാഗതവും കൃഷി അഡീഷണല്‍ ഡയറക്ടര്‍ അലിനി ആന്‍റണി നന്ദിയും അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *