Monday, 6th February 2023
belmond orchid

ഓര്‍ക്കിഡ് കൃഷിയെ ജനകീയമാക്കിയ ബെല്‍മോണ്ട് കുടുംബം

വിശ്രമ ജീവിതകാലത്ത് വിരസതകളെല്ലാമകറ്റുന്ന, മികച്ച വരുമാനം നല്‍കുന്ന ഈ ഓര്‍ക്കിഡ് കൃഷി നടത്തുന്നത് റിട്ടയര്‍ഡ് കെ.എസ്.ഇ. ബി. ഉദ്യോഗസ്ഥനായ ദേവസ്യയും ഭാര്യ മോളിയും ചേര്‍ന്നാണ്. ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ജോലിക്കും പഠിക്കുന്ന മക്കള്‍ സ്കൂളിലേക്കും പോയാല്‍ വീട്ടമ്മയായ മോളിയുടെ പകലുകള്‍ വിരസമായിരുന്നു. ബോറടി മാറ്റാന്‍ കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ് സുകളില്‍ തുടങ്ങിയതാണ് പൂച്ചെടികളോടുള്ള ഇഷ്ടം. ആ ഇഷ്ടം തൃക്കാക്കരയില്‍ സ്വന്തമായി ഒരു വീടുവച്ചപ്പോള്‍ ഒന്നുകൂടി വലുതായി. അപ്പോഴും അലങ്കാര ചെടികളാണ് കാര്യമായി വളര്‍ത്തിയിരുന്നത് എങ്കിലും ഓര്‍ക്കിഡുകളോട് പതുക്കെ പ്രണയത്തിലായി തുടങ്ങി മോളി.

90-കളില്‍ ഓര്‍ക്കിഡുകള്‍ പ്രചാരം നേടിവരുന്ന കാലത്ത് ഒരാളുടെ ശമ്പളം മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് ഒരു ഓര്‍ക്കിഡ് ചെടിക്ക് 150ഉം 200 രൂപ വിലകൊടുത്തു വാങ്ങുക എന്നു പറയുന്നത് സാഹസം തന്നെയായിരുന്നു. ഭര്‍ത്താവ് അറിയാതെ ഒന്നും രണ്ടും ചെടികള്‍ വീതം വാങ്ങി മോളി ഓര്‍ക്കിഡ് ശേഖരണം തുടങ്ങി. ആ സമയത്താണ് കൊച്ചി കേന്ദ്രമാക്കി വനിത-എവിറ്റി ഓര്‍ക്കിഡ് ക്ലബ്ബ് തുടങ്ങുന്നത്. ക്ലബ്ബില്‍ അംഗത്വം നേടിയ മോളി ഓര്‍ക്കിഡുകളെ കുറിച്ച് കൂടുതല്‍ അടുത്തറിഞ്ഞു. കൃഷി വിപുലമാക്കാന്‍ ക്ലബ്ബിന്‍റെ സഹായത്തോടെ വായ്പയെടുത്തു. അംഗങ്ങള്‍ക്ക് വേണ്ടി ക്ലബ്ബ് തായ്ലന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്ത 50 ചെടികള്‍ വാങ്ങിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഓര്‍ക്കിഡ് കൃഷിയിലേക്ക് മോളി പ്രവേശിക്കുന്നത്.

സോണിയയും എമ്മാവൈറ്റു പോലുള്ള ഡെന്‍ഡ്രോബിയം ഇനങ്ങളുമായിട്ടാണ് ഓര്‍ക്കിഡ് കൃഷി തുട ങ്ങിയതെങ്കിലും ഇന്ന് ഏറെ വിപുലമാണ് ബെല്‍മോണ്ടിലെ ഓര്‍ക്കിഡ് കൃഷി. ഓര്‍ക്കിഡിലെ താരമായ ഫെലനോപ്സിസ് അടക്കമുള്ള വിവിധ ഇനങ്ങള്‍. ഇനങ്ങളില്‍ തന്നെ നൂറുകണക്കിന് നിറഭേദങ്ങള്‍. ഓര്‍ക്കിഡിലെ വൈവിധ്യങ്ങള്‍ തേടി പഠനത്തിനും കാഴ്ചയ്ക്കുമായി രാവിലെ മുതല്‍ ആളുകള്‍ ബെല്‍മോണ്ടില്‍ എത്തും. ഇതിനിടയില്‍ നിത്യേന നല്‍കേണ്ട പരിചരണങ്ങള്‍. പിന്നെ സംസ്ഥാന ത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പുഷ്പമേളകളിലെ പങ്കാളിത്തം, അങ്ങനെ പൂക്കളുടെ ലോകത്ത് ഏറെ തിരക്കിലാണ് മോളിയും ദേവസ്യയും.

ഓര്‍ക്കിഡില്‍ തുടക്കം ഡെന്‍ഡ്രോബിയത്തിലായിരുന്നെങ്കിലും ഇരുവരും ഇന്ന് ഏറെ ശ്രദ്ധ പതിപ്പിക്കുന്നത് ഫെലനോപ്സിസിലാണ്. പൂക്കളുടെ രൂപഭംഗിയും വാടാതെ നാലു മാസത്തി ലേറെ ചെടിയില്‍ നിലനില്‍ക്കും എന്നതുമാണ് പ്രധാന കാരണം. പൂക്കള്‍ ഉല്‍പാദിപ്പിക്കുന്ന കാര്യത്തില്‍ ഡെന്‍ഡ്രോബിയത്തെ അപേക്ഷിച്ച് ഫെലനോപ്സിസ് പിശുക്കു കാണിക്കും. ഡെന്‍ഡ്രോബിയം ഇനങ്ങള്‍ അനുകൂല കാലാവസ്ഥയില്‍ വര്‍ഷം നാലോ അഞ്ചോ പൂങ്കുലകള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ഫെലനോപ്സി സ് രണ്ടിലൊതുക്കും. അതുകൊണ്ടു തന്നെ ഫെലനോപ്സിസ് ഇനങ്ങള്‍ക്ക് മറ്റു ഇനങ്ങളെ അപേക്ഷിച്ച് വില കൂടുതലുമാണ്.

നമ്മുടെ കാലാവസ്ഥയില്‍ ഡെന്‍ഡ്രോബിയവും ഫെലനോപ്സി സുമെല്ലാം പൂവിടുമെങ്കിലും തണുപ്പുള്ള കാലാവസ്ഥയിലാണ് ഓര്‍ക്കിഡുക ള്‍ ഏറ്റവും നന്നായി പൂക്കള്‍ ഉണ്ടാകുന്നത്. 18 മുതല്‍ 20 ഡിഗ്രി വരെയുള്ള താപനിലയിലാണ് ഫെലനോപ്സിസ് ഏറ്റവും നന്നായി പൂവിടുന്നത്. കേരളത്തിലെ സാഹചര്യങ്ങളില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാണ് ഏറ്റവും നല്ല പൂക്കാലം. അനുകൂലമായ കാലാവസ്ഥ ഒരുക്കാന്‍ ഷെയ്ഡ് നെറ്റുകള്‍ക്ക് കീഴിലാണ് ഓര്‍ക്കിഡ് കൃഷി. ഡെന്‍ഡ്രോബിയത്തിന് 80% വരെ വെയില്‍ ആകാം. എന്നാല്‍ ഫെലനോപ്സിസിന് 50% മാത്രമേ വെയില്‍ ആകാവൂ. ഇതിനനുസരിച്ചുള്ള ഷെയ്ഡ് നെറ്റ് ആണ് പന്തലിനുവേണ്ടി ക്രമീകരിക്കേണ്ടത്.
ടിഷ്യു കള്‍ച്ചര്‍ ചെയ്തെടുത്തിട്ടുള്ള ഫെലനോപ്സിസ് തൈകള്‍ വേഗ ത്തില്‍ പൂവിടുന്നതിനായും, പന്തലിനുള്ളില്‍ തണുപ്പ് കൃത്രിമമായി സൃഷ്ടി ക്കാനും വേണ്ടി രണ്ട് രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിടെ ക്രമീകര ിച്ചിട്ടുള്ളത്. ഗ്രീന്‍ ഹൗസിന്‍റെ ഒരു വശത്ത് വലിയ ഫാനും മറുവശത്ത് പേപ്പറുകള്‍ കൊണ്ട് നിര്‍മ്മിച്ച പാഡുമാണുള്ളത്. പാഡിലൂടെ നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കും. എതിര്‍വശത്ത് കറങ്ങികൊണ്ടിരിക്കുന്ന ഫാന്‍ പാഡിലെ ഈര്‍പ്പം വലിച്ചെടുത്ത് ഗ്രീന്‍ ഹൗസിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തും. ഇത് കൂടാതെ ചെടിച്ചട്ടികള്‍ വച്ചിരിക്കുന്ന തട്ടിന്‍റെ അടിഭാഗത്തായി പ്ലാസ്റ്റിക് ഷീറ്റിട്ട് അതിനു മുകളില്‍ ചെറിയ പി.വി.സി. പൈപ്പുകള്‍ അല്‍പം അകലത്തില്‍ നിരത്തി വെള്ളം ഒഴിക്കും. ഇതിനു മുകളിലായി പ്ലാസ്റ്റിക് മെഷിട്ട് ആണ് ചെടിച്ചട്ടികള്‍ വക്കുന്നത്. വെള്ളത്തില്‍ ചെടിച്ചട്ടി മുട്ടാത്ത ഈ സംവിധാനം ചെടികള്‍ക്ക് തണുത്ത അന്തരീക്ഷം സമ്മാനിക്കും.

ഓര്‍ക്കിഡ് ചെടികള്‍ നടാന്‍ വശങ്ങളില്‍ ദ്വാരമുള്ള മണ്‍ചട്ടികള്‍, പ്ലാസ്റ്റിക് ചട്ടികള്‍, പ്ലാസ്റ്റിക് കൊട്ടകള്‍ എന്നിവ ഉപയോഗിക്കാം. നനച്ചു കൊടുക്കുമ്പോഴുള്ള ജലാംശം പെട്ടെന്ന് വാര്‍ന്നുപോകാനാണ് ദ്വാരങ്ങളുള്ള ചട്ടികള്‍ വേണമെന്ന് പറയുന്നതിന്‍റെ കാരണം. വിറകിന്‍റെ കരിയാണ് ഓര്‍ക്കിഡ് വളരാനും പൂവിടാനും ഏറ്റവും നല്ല നടീല്‍ മാധ്യമം. കരിയും, ചകിരി ചിപ്സും പൊട്ടിയ മണ്‍പാത്ര കഷണങ്ങളും ചേര്‍ന്ന മിശ്രിതമാണ് ചെടിച്ചട്ടികള്‍ നിറക്കാന്‍ ഉപയോഗിക്കുന്നത്. തൈ നട്ട് നല്ല പരിചരണം നല്‍കിയാല്‍ ഒന്നുമുതല്‍ ഒന്നരവര്‍ഷം കൊണ്ട് പൂക്കളാകും. 5 മുതല്‍ 7 വര്‍ഷം വരെയാണ് ഓര്‍ക്കിഡ് ചെടികളുടെ ആയുസ്.

തായ്ലന്‍റില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഡെന്‍ഡ്രോബിയം ഇനങ്ങളുടെ തൈകള്‍ വാങ്ങി വളര്‍ത്തിയെടുത്താണ് ഡെന്‍ഡ്രോബിയം ഇനങ്ങളില്‍ പെട്ട ഓര്‍ക്കിഡിന്‍റെ വില്‍പ്പന നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ വളരെ അപൂര്‍വ്വമായ ഫെലനോപ്സിസ് ഇനത്തില്‍ പെട്ട ഓര്‍ക്കിഡ് ആണ് ബെല്‍മോണ്ട് ഓര്‍ക്കിഡ്സിന്‍റെ തുറുപ്പു ചീട്ട്. യൂറോപ്പിലും ഓസ്ട്രേലിയയിലുമുള്ള ആണ്‍മക്കളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അഞ്ചോ ആറോ അപൂര്‍വ്വയിനം ഫെലനോപ്സിസ് ചെടികളും കൂടെ കൊണ്ടുവരും. നാട്ടില്‍ വിശ്വാസ്യതയുള്ള ലാബില്‍ നല്‍കി ടിഷ്യുകള്‍ച്ചര്‍ ചെയ്ത്, ഈ മദര്‍ പ്ലാന്‍റുകളില്‍ നിന്ന് നൂറുകണക്കിന് ഗുണമേډയുള്ള തൈകള്‍ ഉല്‍പാദിപ്പിക്കുന്നു. ഇവ തൈകളായും വളര്‍ത്തി വലുതക്ക പൂവിട്ടു തുടങ്ങിയ ചെടികളായും വില്‍ക്കുന്നു. വില്‍പ്പനക്കുവേണ്ടി വീടിനോട് ചേര്‍ന്ന് ഒരു ഔട്ട്ലെറ്റും നടത്തുന്നുണ്ട് ഈ ദമ്പതികള്‍ സാമ്പത്തികമായി മികച്ച ലാഭം നല്‍കുന്ന ഒരു ബിസിനസ്സ് കൂടിയാണ് ഓര്‍ക്കിഡിന്‍റെ കൃഷി എന്ന് ഇവര്‍ പറയുന്നു.

സാമ്പത്തികമായി മികച്ച ലാഭം നല്‍കുമ്പോള്‍ അതിനനുസരിച്ചുള്ള പരിചരണവും ഓര്‍ക്കിഡിന് ആവശ്യ മാണ്. ജലസേചനം ആവശ്യമാണെ ങ്കിലും അതില്‍പോലും ഏറെ ശ്രദ്ധ വേണം. ദിവസവും രാവിലെയാണ് നനയ്ക്കേണ്ടത്. എന്നാല്‍ വേനലില്‍ രണ്ടുനേരം ജലസേചനം നടത്തണം. പൊതുവെ ജലസേചനം വളരെ കുറച്ചുമാത്രം ആവശ്യമുള്ള ചെടികളാണ് ഓര്‍ക്കിഡുകള്‍, പ്രത്യേകിച്ച് ഫെലനോപ്സിസ്.

പൂമൊട്ട് വിരിയുന്ന സമയത്ത് നീരൂറ്റി കുടിക്കുന്ന പ്രാണികള്‍, ഫംഗസ്, ഒച്ച് എന്നിവയാണ് ഓര്‍ക്കിഡിന്‍റെ പ്രധാന ശത്രുക്കള്‍. ഫംഗസ് ആക്രമണത്തിന് ആഴ്ചയിലൊരിക്കല്‍ ഫംഗിസൈഡ് ചെടികള്‍ക്കു നല്‍കണം. ഒച്ചിനെ പ്രതിരോധിക്കാന്‍ സ്നെയില്‍ കില്ലര്‍ എന്ന പ്രത്യേകതരം തിരിയാണ് ഉപയോഗിക്കുന്നത്.

ഡെന്‍ഡ്രോബിയത്തിനും ഫെലനോപ്സിസിനും പുറമെ ഓണ്‍സീഡിയം, ബാസ്കറ്റ് വാന്‍ഡകള്‍ കാറ്റ്ലിയ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ ഇവരുടെ ശേഖരത്തിലുണ്ട്. ആഫ്രിക്കന്‍ വയല റ്റ്സിലെ വൈവിധ്യമാണ് മറ്റൊരു കൗതുകം. ഒരു ചട്ടിയില്‍ തന്നെ ഒരുപാട് ചെടികളും പൂക്കളും വരുന്ന പോട്ട് ആന്തൂറിയം അടക്കമുള്ള വിപുലമായ ശേഖരമാണ് ആന്തൂറിയത്തില്‍ ഇവിടെയുള്ളത്. വിശ്രമ ജീവിതമാണെങ്കിലും രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഓര്‍ക്കിഡ് പരിപാലനം ആരോഗ്യ കാര്യങ്ങളിലടക്കം ഗുണം ചെയ്യുന്നുണ്ട് ഈ ദമ്പതികള്‍ക്ക്.

നിത്യവും കണ്‍മുന്നില്‍ നിറവസന്തം. എപ്പോഴും ഓര്‍ക്കിഡ് വാങ്ങാനും വളര്‍ത്തല്‍ രീതികള്‍ കണ്ട് മനസ്സിലാക്കാനുമെത്തുന്ന സന്ദര്‍ശകര്‍, മികച്ച വരുമാനം. മക്കള്‍ അടുത്തില്ലെങ്കിലും തെല്ലും വിരസതയില്ലാത്ത ദിവസങ്ങള്‍. ഓര്‍ക്കിഡിനെ ജീവിതത്തിന്‍റെ ഭാഗമായി കൂടെ കൂട്ടാന്‍ തീരുമാനിച്ച നാളുകള്‍ക്ക് നന്ദി പറയുകയാണ് ദേവസ്യയും മോളിയും.

എറണാകുളം അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആജീവനാന്ത മെമ്പര്‍മാരാണ് ഇരുവരും.
ഫ്ളാറ്റുകളിലും വില്ലകളിലും ഇത്തിരി വട്ടത്ത് താമസിക്കുന്നവര്‍ക്ക് യോജിച്ച പൂച്ചെടിയാണ് ഓര്‍ക്കിഡ്. വിശ്രമജീവിതം ഓര്‍ക്കിഡ് കൃഷിയി ലൂടെ ആനന്ദപ്രദമാക്കുന്ന ഈ ദമ്പതികളുടെ ഓര്‍ക്കിഡ് കൃഷിയെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ www.belmontorchids.org

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *