Tuesday, 27th February 2024

സി.വി.ഷിബു

പാഷന്‍ ഫ്രൂട്ട് കൃഷിയുടെ വ്യാപനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകനാണ് എടവക പുതിയിടംകുന്നിലുള്ള കൊച്ചുകുടിയില്‍ വിന്‍ സെന്‍റ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാഷന്‍ ഫ്രൂട്ടിനെക്കുറിച്ച് കൃഷി ചെയ്തുകൊണ്ടുതന്നെ പഠനവും ഗവേഷണവും നടത്തിവരികയാണ് ഇദ്ദേഹം. സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും പാഷന്‍ ഫ്രൂട്ട് കൃഷിചെയ്തുവരുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍റ് വര്‍ദ്ധിച്ചതോടെ ഈ കൃഷിയില്‍ ആവേശത്തോടെയാണ് വിന്‍സെന്‍റ് ഇറങ്ങിത്തിരിച്ചത്. ഇതിനിടയ്ക്ക് ഉത്പാദനം വര്‍ദ്ധിക്കുകയും ചില സമയങ്ങളില്‍ തീരെ വില ലഭിക്കാതെ വരികയും ചെയ്തതോടെയാണ് പാഷന്‍ ഫ്രൂട്ടില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന ആലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും സംസ്ഥാന കൃഷിവകുപ്പും നടത്തിയ വിവിധ സെമിനാറുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ചു. ഒടുവില്‍ മൈസൂര്‍ ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എഫ്.ടി.ആര്‍.ഐയില്‍ നിന്ന് പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കി.
ആദ്യഘട്ടത്തില്‍ വീടിനടുത്തുതന്നെ ചെറിയ തോതില്‍ സ്ക്വാഷ്, ജാം, അച്ചാര്‍ എന്നിവ ഉണ്ടാക്കിത്തുടങ്ങി. പദ്ധതി വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് കേണിച്ചിറ താഴമുണ്ട സ്വദേശിയായ മാലിയില്‍ ജോര്‍ജ്ജ് സൈമണുമായി ചേര്‍ന്ന് ഉത്പന്ന നിര്‍മ്മാണം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇരുവരും ചേര്‍ന്ന് കേണിച്ചിറയില്‍ പുതിയൊരും സംസ്കരണകേന്ദ്രം തന്നെ ആരംഭിച്ചിട്ടുണ്ട്. ജ്യൂസ്, സ്ക്വാഷ്, അച്ചാര്‍, ജാം എന്നിവയാണ് കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ആറ് തൊഴിലാളികള്‍ ഇപ്പോള്‍ സംസ്കരണകേന്ദ്രത്തില്‍ ഇവരോടൊപ്പം ജോലിചെയ്തുവരുന്നു. പ്രതിദിനം അഞ്ഞൂറ് ലിറ്ററാണ് ഉത്പാദനം.
വരും നാളുകളില്‍ പ്രതിദിന ഉത്പാദനം അമ്പതിനായിരം ലിറ്റര്‍ ആക്കാനുള്ള ഒരുക്കത്തിലാണ് ജോര്‍ജ്ജും വിന്‍സെന്‍റും. പാഷന്‍ ഫ്രൂട്ട് കൃഷിചെയ്യുന്ന കര്‍ഷകരെ ഉള്‍പ്പെടുത്തി കൂട്ടായ്മ രൂപീകരിച്ച് നാല്‍പത് രൂപമുതല്‍ അമ്പത്തിയഞ്ച് രൂപവരെ കിലോയ്ക്ക് നല്‍കി പാഷന്‍ ഫ്രൂട്ട് സംഭരിച്ചുവരുന്നുണ്ട്.
മനുഷ്യശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പാഷന്‍ ഫ്രൂട്ടിന് നിര്‍ണായകമായ പങ്കുണ്ട്. കോവിഡ് എന്ന മഹാമാരി വന്നപ്പോള്‍ ആദ്യം ഒന്ന് പകച്ചെങ്കിലും പാഷന്‍ ഫ്രൂട്ടിന്‍റെ ഔഷധഗുണവും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍റും കണക്കിലെടുത്ത് കോവിഡ് കാലത്തുതന്നെ പുതിയ സംരംഭം ആരംഭിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കൃഷിവിജ്ഞാന്‍ കേന്ദ്രയുടെ മേധാവി ഡോ. അലന്‍ തോമസാണ് ഇവര്‍ക്ക് പിന്തുണയുമായി ആദ്യം രംഗത്തുവന്നത്. വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഹരി ഉടമകളാണ് വിന്‍സെന്‍റും, ജോര്‍ജ്ജും. വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെ റിച്ചി എന്ന പേരിലാണ് ഇവര്‍ പുതിയ ബ്രാന്‍റ് പുറത്തിറക്കുന്നത്. പെട്ടെന്നു തന്നെ ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും വിജയം കൊയ്യാനാകുന്നതാണ് റിച്ചി പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ എന്നതാണ് ഇവരുടെ പ്രതീക്ഷ.
രോഗപ്രതിരോധത്തില്‍ പാഷന്‍ ഫ്രൂട്ടിന്‍റെ പ്രാധാന്യം
പ്രത്യേകതകള്‍

നല്ല മണവും രുചിയും ഔഷധമൂല്യവും ഉള്ള ഫലമാണ് പാഷന്‍ ഫ്രൂട്ട്. ഏത് പഴജ്യൂസുമായി പാഷന്‍ ഫ്രൂട്ട് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ധാരാളം പൊട്ടാസ്യം, നിയാസിന്‍, ജീവകം സി, നാരുകള്‍ എന്നിവ പാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്നു. വിവിധ ആല്‍ക്കലോയ്ഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഗ്ലൂക്കണോയ്ഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ടിലെ പാസിഫ്ളോറിന്‍ എന്ന ഘടകം വേദന ശമിപ്പിച്ച് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. തലവേദന, ചുമ, ഉറക്കമില്ലായ്മ, മാനസിക സംഘര്‍ഷം എന്നിവ ശമിപ്പിക്കുന്നു. ദഹനക്കേടുകള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വിരശല്യം , ഹൃദയനാഡി രോഗങ്ങള്‍ എന്നിവയും ശമിപ്പിക്കും. രക്തത്തില്‍ കൗണ്ട് കൂട്ടി ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി , കുരങ്ങ്പനി, ചിക്കുന്‍ഗുനിയ, ക്യാന്‍സര്‍ മുതലായവ ശമിപ്പിക്കുന്നു. സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങള്‍, ഐസ്ക്രീം, കേക്ക്, സാലഡ്, ജാം, ജെല്ലി, പഞ്ച്, കാന്‍ഡി, വൈന്‍ മുതലായവ പാഷന്‍ഫ്രൂട്ടില്‍ നിന്ന് ഉണ്ടാക്കാം.
ദിവസവും ഒരു പാഷന്‍ഫ്രൂട്ട് ശീലമാക്കിയാല്‍ ഡോക്ടറെ കാണേണ്ട ആവശ്യം വരില്ല.
ലോകത്ത് പാഷന്‍ ഫ്രൂട്ട്
600ല്‍പരം ഇനങ്ങള്‍ ലോകവ്യാപകമായി കാണപ്പെടുന്നുണ്ട്. ഏറ്റവും പ്രധാന ഇനം പാഷന്‍ഫ്രൂട്ട് എഡുലിസ് സിന്‍സ് എന്നതാണ്. കേരളത്തില്‍ കാവേരി, 134 പി എന്നീ ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്തുവരുന്നത്.
കേരളം, തമിഴ്നാട്, കര്‍ണാടക, ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് ഉത്പാദിപ്പിച്ച് വരുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്‍റെ ജന്മദേശമായ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ ഉത്പാദനമുള്ളത്. ഓസ്ട്രേലിയ, കൊളമ്പിയ എന്നിവിടങ്ങളിലും പാഷന്‍ഫ്രൂട്ട് കൂടുതലായി കൃഷിചെയ്തുവരുന്നു.
നാട്ടറിവുകളുടെയും പരിചയസമ്പത്തിന്‍റെയും അടിസ്ഥാനത്തില്‍ പലരും പാഷന്‍ ഫ്രൂട്ടിന്‍റെ പ്രാധാന്യവും ഔഷധഗുണവും തിരിച്ചറിഞ്ഞ് വാമൊഴിയായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായും ആധികാരികമായും ഇത് സംബന്ധിച്ച പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായ പഠനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പൈനാപ്പിള്‍ റിസര്‍ച്ച് സ്റ്റേഷന്‍ മുന്‍ മേധാവിയും പാഷന്‍ ഫ്രൂട്ട് ഗവേഷകനുമായ ഡോ. പി.പി. ജോയി കൃഷിദീപത്തോട് പറഞ്ഞു.
കേരളത്തില്‍ പാഷന്‍ ഫ്രൂട്ടിന് അനന്ത സാധ്യതകളാണ് ഉള്ളത്. ഇവിടത്തെ കാലാവസ്ഥ തന്നെയാണ് ഇതിന്‍റെ പ്രത്യേകത. ഒരു ചെടിയില്‍ നിന്ന് പത്ത് കിലോ വരെ ഒരുപ്രാവശ്യം വിളവെടുക്കാം. ശരാശരി അഞ്ച് വര്‍ഷം മുതല്‍ എട്ട് വര്‍ഷം വരെ ചെടികള്‍ വിളവ് നല്‍കിക്കൊണ്ടിരിക്കും. കേരളത്തില്‍ പാഷന്‍ ഫ്രൂട്ട് കര്‍ഷകരുടെ ഒരു വാട്സ് ആപ് കൂട്ടായ്മ രൂപീകരിച്ച് അറിവുകള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്നുണ്ട്. ഡോ. പി.പി. ജോയി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *