Saturday, 13th August 2022
grace orchids robin

ഓര്‍ക്കിഡ് കൃഷിയില്‍ ഏകാധിപതിയായി ഡോ.റോബിന്‍
എല്‍ബി ഐസക്ക്

കേരളത്തില്‍ ഓര്‍ക്കിഡ് കൃഷിയില്‍ തന്‍റെ ആധിപത്യം ഉറപ്പിക്കുകയാണ് തിരുവനന്ത പുരം കാട്ടാക്കട സ്വദേശിയായ ഡോ. റോബിന്‍. ഓര്‍ക്കിഡുകളെക്കുറിച്ച് എട്ട് വര്‍ഷത്തെ പഠനത്തിന് ശേഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓര്‍ക്കിഡുകളെക്കുറിച്ച് ഡോക്ടറേറ്റ് നേടിയത്. ഇപ്പോള്‍ മുഴുവന്‍ സമയ ഓര്‍ക്കിഡ് കര്‍ഷകനും വ്യാപാരിയുമാണ് ഡോ. റോബിന്‍. ഓര്‍ക്കിഡിന്‍റെ വിപണന സാധ്യത മനസ്സിലാക്കി കാട്ടാക്കടയിലെ ഒരേക്കര്‍ സ്ഥലത്ത് കഴിഞ്ഞ നാല് വര്‍ഷമായി കൃഷി നല്ലരീതിയില്‍ നടത്തിവരികയാണ്. തായ്വാന്‍, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഓര്‍ക്കിഡ് തൈകള്‍ രാജ്യം മുഴുവന്‍ വില്‍പ്പന നടത്തുന്നത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ ഗ്രെയ്സ് ഓര്‍ക്കിഡ്സാണ്.
പന്ത്രണ്ടായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ചുരുങ്ങിയ ചിലവില്‍ പോളി ഹൗസ് നിര്‍മ്മിച്ചാണ് കൃഷി നടത്തുന്നത്. ലാഭകരമായ കൃഷിയും വ്യാപാരവുമാണ് നടക്കുന്നതെന്ന് ഡോ.റോബിന്‍ പറയുന്നു. തിരുവനന്തപുരം ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ് നേടിയത്. ടിഷ്യൂ കള്‍ച്ചര്‍ തൈ വാങ്ങി വളര്‍ത്തിയും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തുമാണ് രാജ്യം മുഴുവന്‍ വിപണനം നടത്തുന്നത്.
ഓര്‍ക്കിഡ് ഇനങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യ മായ പത്തോളം ഗ്രൂപ്പില്‍പെട്ട ഇനങ്ങ ളാണ് കൃഷിചെയ്ത് വിപണനം നടത്തുന്നത്. ഡെന്‍ ഡ്രോബിയത്തിലെ മുഖ്യ ഇനമായ സിസാര്‍ പിങ്ക്, വൈറ്റ് കേവ് ഓറഞ്ച്, പിങ്ക് വാനില സോണിയ, യെല്ലോ പര്‍പ്പിള്‍ എന്നിവയും മൊക്കാറ യില്‍ വുഡാഞ്ച് റെഡ്, പിങ്ക് സ്പോട്ട്, കാലിക്സോ, ജംബോ, ജൈലാക് വൈറ്റ് എന്നിവയും ഡോ. റോബിന്‍റെ ശേഖരത്തിലുണ്ട്. സപ്നാര, ഹോള്‍ട്ട്മാറ, തഗ്വാര, ലിമാറ, ലിയാര എന്നീ ഇനങ്ങളും ഓര്‍സീഡിയും ഇനങ്ങ ളില്‍ ഗോള്‍ഡന്‍ സണ്‍സെറ്റ്, ലിന്‍റ് മുതലായവയും ഒറ്റത്തണ്ടായി വളരുന്ന ഫലനോപ്സിസില്‍, അമാബലീസ്, സാന്‍ഡ്രയാന, വയലേഷ്യ, പമീല തുടങ്ങിയ മികച്ച ഇനങ്ങളുമുണ്ട്.
തൊണ്ട് ചെറുകഷണങ്ങളാക്കി മുറിച്ചതും കരി, ഓട് കഷണം എന്നിവ നന്നായി കഴുകി പ്ലാസ്റ്റിക് ചട്ടികളില്‍ നിറച്ചുമാണ് തൈകള്‍ നടുന്നത്. രാവിലെ 8 മണിക്ക് മുമ്പായും വൈകുന്നേരം 8 മണിക്ക് ശേഷവും രണ്ട് തവണ മഞ്ഞ് തുള്ളികളായി നനയ്ക്കും. തായ്ലന്‍റില്‍ സ്വന്തമായി ഓര്‍ക്കിഡ് സെന്‍ററുള്ള ഡോ. റോബിന്‍ വര്‍ഷത്തില്‍ പലതവണ അവിടെ പോകാറുണ്ട്. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പുതിയയിനം ഓര്‍ക്കിഡുകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഓര്‍ക്കിഡ് തൈകള്‍ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം ഒന്നര മാസക്കാലം ക്വാറന്‍റയിന്‍ റൂമില്‍ വെച്ച് വെള്ളായനി കാര്‍ഷിക കോളേജിലെ പരിശോധനയ്ക്ക് ശേഷമേ വില്‍ക്കാറുള്ളൂ.
വര്‍ണ്ണവൈവിധ്യവും രൂപഭംഗിയുമാണ് ഓര്‍ക്കിഡ് പൂക്കളുടെ ആകര്‍ഷണീയത. ഏറെ നാള്‍ വാടാതിരിക്കുമെന്നതിനാല്‍ പുഷ്പാലങ്കാരത്തിന് കൂടുതലായി ഉപയോഗിക്കുന്നു. പൂക്കള്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്നതോ ടൊപ്പം അലങ്കാര സസ്യമെന്ന നിലയില്‍ പൂന്തോട്ടങ്ങളില്‍ ഓര്‍ ക്കിഡുകള്‍ പ്രൗഢിയോടെ നിലനില്‍ക്കുന്നു. പരിപാലനത്തിലെ സവിശേഷതകള്‍ കാരണം വൈദഗ്ധ്യം നേടിയവര്‍ മാത്രമേ ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെടാറുള്ളൂ. ഡെന്‍ഡ്രോ ബിയം, സിബീഡിയം, ഓണ്‍സിഡിയം തുടങ്ങിയ ഇനങ്ങള്‍ സിമ്പോഡിയ വിഭാഗത്തില്‍ പെടുന്നവയാണ്. റൈസോ എന്ന ഭൂകാണ്ഡങ്ങളില്‍ നിന്നും പാര്‍ശ്വങ്ങളിലേക്ക് വളരുന്നവയാണ് സിമ്പോഡിയല്‍ ഓര്‍ക്കിഡുകള്‍ അഥവാ ശാഖാ ഓര്‍ക്കിഡുകള്‍. മോണോപോഡിയലുകളാകട്ടെ അഗ്രമുകുളം വളര്‍ന്നുകൊണ്ടേയിരിക്കും. മുകളിലേക്ക് വളരുന്ന തിനാല്‍ പ്രധാന കാണ്ഡത്തില്‍ ഇലകളും വേരുകളും പ്രത്യേക രീതിയില്‍ വിന്യസിച്ചിരിക്കും. ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്തും മുകുളങ്ങള്‍ വളര്‍ന്ന് പൂങ്കുലകളായി മാറും. സിമ്പോ യിഡുകളേക്കാള്‍ മോണോപോഡിയലുകളാണ് പരിചരിക്കാന്‍ എളുപ്പം. വെള്ള, പിങ്ക്, വയലറ്റ്, മജന്ത, ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച്, മെറൂണ്‍ എന്നിങ്ങനെ നിറങ്ങളുടെ വന്‍വൈവിധ്യം തന്നെ മോണോപോഡിയയിലുണ്ട്.
വരുമാനമുണ്ടാക്കാന്‍
സെക്സി പിങ്ക്
ഓര്‍ക്കിഡ് കൃഷിയാണ് ഡോ.റോബിനെ പ്രശസ്തനാക്കിയതെങ്കിലും ഇപ്പോള്‍ സെക്സി പിങ്ക് എന്ന പൂക്കളുടെ പ്രധാന കര്‍ഷകനായാണ് ഡോ.റോബിന്‍ അറിയപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയിലെ എട്ടേക്കര്‍ സ്ഥലത്താണ് ഹൈ ബ്രീഡ് ഇനത്തില്‍ പെട്ട സെക്സി പിങ്ക് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഹെലിക്കോണിയ കുടുംബത്തില്‍ പെട്ട വരുമാനം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന പൂക്കളില്‍ പെടുന്ന താണ് സെക്സി പിങ്ക്. സിനിമാ നടി ഐശ്വര്യ റായ് തന്‍റെ കല്യാണത്തിന് കേരളത്തിലെ കൊല്ലത്ത് നിന്നും 35 ലക്ഷം രൂപയുടെ സെക്സി പിങ്ക് പൂക്കള്‍ കൊണ്ടു പോയിരുന്നു. ഇത് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞാണ് ഈ പൂക്കളെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്. കേരളത്തിന്‍റെ കാലാവസ്ഥയില്‍ സെക്സിപിങ്ക് പൂക്കള്‍ നന്നായി വളരുമെന്ന് കണ്ടതിനാല്‍ കൃഷി ആരംഭിച്ചു. ഡല്‍ഹി, ബാംഗ്ലൂര്‍, ബോംബെ എന്നിവിടങ്ങളിലെ വന്‍കിട വിവാഹങ്ങള്‍ക്കാണ് അലങ്കാരങ്ങ ള്‍ക്കായി ഈ പൂക്കള്‍ കൊണ്ടു പോകുന്നത്.
ഓര്‍ക്കിഡുകളുടെ മുഖ്യ പരിചാരകനാണെങ്കിലും മറ്റ് കാര്‍ഷിക വിളകളും പൂക്കളും പൂച്ചെടികളും പരിചരിക്കുന്ന കാര്യത്തിലും ഡോ.റോബിന്‍ പിന്നോട്ടല്ല. കോട്ടയത്ത് നാലേക്കര്‍ സ്ഥലത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈബ്രീഡ് ഇനങ്ങളാണ് കൂടുതലായി കൃഷിക്ക് ഉപയോഗിക്കുന്നതും വില്‍പ്പനയ്ക്കായി തയ്യാറാക്കു ന്നതും.
ഭാര്യ ഹിമ സിറിളും അമ്മ മാര്‍ഗരറ്റും തൊഴിലാളികളും സദാസമയം ഡോ. റോബിനോടൊപ്പം ഓര്‍ക്കിഡ് കൃഷിയില്‍ വ്യാപൃതരാണ്. രണ്ട് കുട്ടികളാണ് ഡോ.റോബിന്. അലക്സ് ജോസഫ് റോബിനും, അന്ന മരിയ റോബിനും.

ഫോണ്‍ : 9495333482

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *