Saturday, 27th July 2024

സംസ്ഥാനത്തെ 64000 ത്തോളം വരുന്ന അതിദാരിദ്യ്രം നേരിടുന്നവരെ മുൻപന്തിയിലെത്തിക്കാൻ ക്ഷീരോൽപ്പാദന മേഖല വഴി സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ക്ഷീരവികസന രംഗത്ത് ശാസ്ത്രീയ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ക്ഷീരമേഖലയുടെ നട്ടെല്ലായ ക്ഷീരസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ണുത്തിയിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ൽ നിന്നും 2021 ൽ എത്തി നിൽക്കുമ്പോൾ കേരളത്തിന്റെ പാൽസംഭരണ വളർച്ച കേന്ദ്ര ശരാശരിയേക്കാൾ മികച്ച വേഗം പ്രാപിച്ചു. ശ്രദ്ധേയമായ ഈ നേട്ടത്തിലൂടെ അധികം താമസിയാതെ തന്നെ പാൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം ഉടൻ കൈവരിക്കാനാകുമെന്നാണ്   പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ ഗുണനിലവാരം ഉറപ്പാക്കാനും വില നിയന്ത്രിക്കാനുമായി കാലിത്തീറ്റ ആക്ട് നടപടികൾ അന്തിമഘട്ടത്തിലാണ്. ക്ഷീരമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഇത്തവണയും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ക്ഷീരകർഷകരുടെ എക്കാലത്തേയും ആവശ്യമായ കന്നുകാലികളുടെ ഭക്ഷണലഭ്യത ഉറപ്പാക്കുകയെന്നത് അവയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ അത്യാവശ്യമാണ്.  ഈ ആവശ്യത്തിന് മുൻഗണന നൽകി തീറ്റപ്പുൽ വികസനത്തിനായി മാത്രം 26 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. ഭക്ഷണ ലഭ്യത ഉറപ്പാക്കിയെങ്കിൽ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സാധിക്കുകകയുള്ളൂ. നവകേരളം സൃഷ്ടിക്കുന്നതിനായുള്ള ലക്ഷ്യത്തിൽ പങ്കാളിത്തം വഹിക്കാൻ ക്ഷീരസംഗമത്തിനും ഡെയറി എക്സ്പോയ്ക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ക്ഷീരസഹകാരി അവാ‍‍ർഡ് സ‍‍ജു എ. എസ് , മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വർഗീസ് കുര്യൻ അവാർഡിന് അർഹരായ മാനന്തവാടി ക്ഷീരോൽപ്പാദക സംഘം,  ഡിജിറ്റൽ ഇന്ത്യ അവാ‍ർഡ് നേടിയ ക്ഷീരവികസന വകുപ്പ്  ഐ.ടി വിഭാഗം  എന്നിവർക്കുള്ള ആദരവും  മുഖ്യമന്ത്രി  നിർവ്വഹിച്ചു.

കാലിത്തീറ്റ നിയമം കർശനമാക്കുന്നതിനൊപ്പം അതിർത്തി കടന്നു വരുന്ന പാലിന്റെ പരിശോധനയും കർശനമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.മലബാർ മേഖലാ ക്ഷീരസഹകാരി അവാ‍ർഡ് വിതരണം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവും എറണാകുളം മേഖലാ ക്ഷീരസഹകാരി അവാ‍ർഡ് വിതരണം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും തിരുവനന്തപുരം മേഖലാ ക്ഷീരസഹകാരി അവാ‍ർഡ് വിതരണം റവന്യൂവകുപ്പ് മന്ത്രി കെ.രാജനും ഡോ.വ‍ർഗീസ് കുര്യൻ ആപ്കോസ്, നോൺ ആപ്കോസ് വിഭാഗത്തിനുള്ള അവാ‍ർഡ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണിയും നിർവ്വഹിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട അച്ചടി-ദൃശ്യംമാധ്യമ വിഭാഗത്തിലെ അവാർഡ് വിതരണം മന്ത്രമാരായ കെ.രാജനും പി.പ്രാസാദും ചേർന്ന് നിർവ്വഹിച്ചു. തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ, കയ്പമംഗലം എം.എൽ.എ ടൈസൺ മാസ്റ്റർ, നാട്ടിക എം.എൽ .എ സി.സി മുകുന്ദൻ, മേയർ എം.കെ വ‍ർഗീസ്, കൗൺസിലർ രേഷ്മ ഹെമേജ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പുത്തൂ‍ർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, മിൽമ ചെയർമാൻ കെ.എസ് മണി, കേരള കർഷക ക്ഷേമനിധി ബോ‍ർഡ് ചെയർമാൻ വി.പി ഉണ്ണിക്കൃഷ്ണൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐഎ എസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ സ്വാഗതവും ക്ഷീരവികസന വകുപ്പ് തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടടർ സിനിലാ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *