Tuesday, 19th March 2024

പ്രിന്‍സ് ടി.കുര്യന്‍

വാഴകളില്‍ നേന്ത്രനാണ് പ്രധാന ഇനം, നേന്ത്രനില്‍തന്നെ വിവിധ ഇനങ്ങളുണ്ട്. നെടുനേന്ത്രന്‍, മഞ്ചേരി, കോട്ടയം, ആറ്റുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, കരുളായി എന്നിവ വിവിധ ഇനങ്ങളാണ്. ഇതിലോരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ഇതില്‍ തൃശൂര്‍ ജില്ലയിലെ, പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ് ചെങ്ങാലിക്കോടന്‍.
നേന്ത്രവാഴക്കുലകള്‍ തലപ്പിള്ളി താലൂക്കിന്‍റെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാ വിശേഷങ്ങള്‍ക്കും, ഉത്സവങ്ങള്‍ക്കും, കാരണവന്മാര്‍ക്ക് കാഴ്ചയായി നല്‍കാനും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന് കാഴ്ചക്കുലയായി സമര്‍പ്പിക്കുന്നതും ചെങ്ങാലിക്കോടന്‍ ഇനമാണ്. തിളങ്ങുന്ന സ്വര്‍ണ്ണനിറവും, കൂടുതല്‍ സ്വാദും ചെങ്ങാലിക്കോടനെ മറ്റിനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. പരിചരണത്തിലുള്ള വ്യത്യാസവും കാലാവസ്ഥയും ചെങ്ങാലിക്കോടനെ മറ്റിനങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു.
നടീല്‍കാലം
വരുംവര്‍ഷത്തെ ഓണം കണക്കാക്കിയാണ് വാഴ നടുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് സാധാരണ നിലയില്‍ കന്ന് നടുന്നത്. ഇതിനായി നല്ല വാഴക്കന്നുകള്‍ തിരഞ്ഞെടുത്ത്, ചാണകവെള്ളത്തില്‍ മുക്കി, തണലില്‍വെച്ച് ഉണക്കിയെടുക്കുന്ന പതിവുണ്ട്. ഇതുമൂലം കീടരോഗബാധകള്‍ കുറവാണെന്ന് കൃഷിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വളപ്രയോഗം
രാസവളത്തേക്കാള്‍, ജൈവവളത്തോട് കൂടുതല്‍ അനുകൂലമായി പ്രതികരിക്കുന്നതാണ് ചെങ്ങാലിക്കോടന്‍ ഇനത്തിന്‍റെ പ്രത്യേകത. കന്ന് വെക്കുമ്പോള്‍തന്നെ ചാണകവും പച്ചിലവളവും ഇടുന്നു. ചാരം, ആട്ടിന്‍കാഷ്ഠം, കോഴിവളം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് മുതലായവ വിവിധ ഘട്ടങ്ങളിലായി വാഴയ്ക്ക് നല്‍കുന്നു. ഏതാണ്ട് 25-50 കിലോ ജൈവവളമാണ് ഇങ്ങനെ നല്‍കുന്നത്. രാസവളവും പരിമിതമായ തോതില്‍ വാഴയ്ക്ക് നല്‍കുന്നു. ഇതില്‍ 500 ഗ്രാം രാജ്ഫോസ് അടിവളമായി നല്‍കുന്നു. മറ്റ് രാസവളങ്ങള്‍ അത്യാവശ്യമെങ്കില്‍ മാത്രം നല്‍കുന്നു.
ജലസേചനം
കാലവര്‍ഷവും തുലാവര്‍ഷവും പെയ്തൊഴിഞ്ഞാല്‍ വാഴയ്ക്ക് ജലസേചനം അത്യാവശ്യമാണ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നനയ്ക്കണം. ജലദൗര്‍ലഭ്യം കുലകളുടെ ഗുണമേന്മയില്‍ കുറവ് വരുത്തുന്നു.
വിള പരിപാലനം
രാസവളപ്രയോഗം താരതമ്യേന കുറവായതിനാല്‍, കീടരോഗാക്രമണം രൂക്ഷമാകാറില്ല. നേന്ത്രവാഴയില്‍ സാധാരണ കണ്ടുവരുന്ന പട്ടകരിച്ചില്‍, പിണ്ടിപ്പുഴു, മാണവണ്ട് എന്നിവ ഈ ഇനത്തിലും കണ്ടുവരുന്നുണ്ട്. അനുയോജ്യമായ രാസ-കീട-കുമിള്‍ നാശിനികള്‍ ഉപയോഗിച്ച് കീടരോഗബാധകള്‍ നിയന്ത്രിക്കാവുന്നതാണ്.
ഊന്നിടല്‍
ഈ ഇനത്തില്‍പ്പെട്ട വാഴക്കുലകളുടെ തൂക്കം പൊതുവെ കൂടുതലാണ്. അതിനാല്‍ ഊന്ന് നല്‍കുന്നത് അത്യാവശ്യമാണ്. ഇതിനായി മുള, ചുള(കാറ്റാടി) എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഊന്നിടുന്നത് മൂലം കാറ്റുമൂലമുള്ള നാശനഷ്ടങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
കുലസംരക്ഷണം
മറ്റിനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഴക്കുലകളുടെ കൂമ്പ് പൊട്ടിച്ചു കളയുന്നില്ല. കൂടാതെ കുലകള്‍ പൂര്‍ണ്ണമായും വിരിഞ്ഞ് കഴിഞ്ഞാല്‍ മുളിയിലകള്‍ (മറ്റിനം വാഴയിലകള്‍) കൊണ്ട് പൊതിയുന്നു. ഇതാണ് കുലകള്‍ക്ക് തിളങ്ങുന്ന സ്വര്‍ണവര്‍ണം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. സമയം തെറ്റിയുള്ള പൊതിച്ചില്‍, കുലകളിലെ നിറവ്യത്യാസത്തിന് കാരണമാകുന്നു. ഈ നിറവ്യത്യാസം വിപണിയില്‍ കായയുടെ വിലകുറയുന്നതിന് കാരണമാകുന്നു.
വിപണനം
ഓണക്കാലത്ത് വിപണനം പൊതുവെ എളുപ്പമാണ്. മറ്റ് നേന്ത്രവാഴയിനങ്ങളേക്കാള്‍ 5-7 രൂപ/കിലോ ചെങ്ങാലിക്കോടന് അധികമായി ലഭിക്കുന്നു. കൃഷിചിലവ് കൂടുതലാണെങ്കിലും, വിലയിലെ വ്യത്യാസംമൂലം വരുമാനം കൂടുതല്‍ ലഭിക്കുന്നു. കുലയൊന്നിന് ചിലവ് കഴിച്ച് 200 രൂപ കൃഷിക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകന്‍റെ നിധിയാണ് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴയിനം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *