അനിൽ ജേക്കബ് കീച്ചേരിയിൽ
ഗ്രോബാഗില്‍ ജൈവപച്ചക്കറി കൃഷി നഗരങ്ങളില്‍ വ്യാപകമായതുപോലെ പൂച്ചട്ടിയില്‍ കുരുമുളക് വളര്‍ത്തുന്നതിലൂടെ ജൈവകുരുമുളക് ഉല്‍പാദനത്തിന്‍റെ സാധ്യത മാട്ടില്‍ അലവി നമുക്ക് കാണിച്ചുതരുന്നു. പരീക്ഷണശാലയായ വീട്ടുമുറ്റത്ത് ചെടിച്ചട്ടികളില്‍ പൂക്കള്‍ക്ക് പകരം കായ്ച്ചു നില്‍ക്കുന്നത് പന്നിയൂര്‍, കരിമുണ്ട, ബാലന്‍കോട്ട, ഐംപീരിയല്‍ തുടങ്ങിയ കുരുമുളക് ഇനങ്ങള്‍.
ആധുനിക വിവരസാങ്കേതിക ഉറവിടമായ ഗൂഗിളില്‍ കുറ്റിക്കുരുമുളക് എന്ന് തിരയുമ്പോള്‍ ആദ്യം തെളിയുക മാട്ടില്‍ അലവിയുടെ പേരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും യു.കെ. , കാനഡ എന്നിവിടങ്ങളില്‍ നിന്നും കുറ്റിക്കുരുമുളകിനെക്കുറിച്ചറിയാന്‍ ആളുകള്‍ എത്തുന്നുണ്ട്. കൃഷിവകുപ്പ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കുരുമുളക് സമിതികള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശീലന പരിപാടിയിലൂടെ ജനങ്ങളിലേക്ക് കുറ്റിക്കുരുമുളക് ടെക്നോളജി എത്തിക്കുന്നുണ്ട്. കുറ്റിക്കുരുമുളക് ഉല്പാദനത്തിലെ മികവ് പരിഗണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ റിസര്‍ച്ച് ബാംഗ്ലൂരിന്‍റെ നാഷണല്‍ ഇന്നവേഷന്‍ അവാര്‍ഡ് 2013ല്‍ ലഭിച്ചു.
കുരുമുളകിനെപ്പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു സുഗന്ധവ്യഞ്ജനം വേറെ ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് നമ്മള്‍ കുരുമുളകിനെ സുഗന്ധവിളകളുടെ രാജാവ് എന്നും, കറുത്ത സ്വര്‍ണ്ണം എന്നെല്ലാം വിളിക്കുന്നതും.
600 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരുമുളക് ഒരു കാട്ടുചെടിയായിരുന്നു. ഇതിനെ നമ്മള്‍ തോട്ടവിളയായി കൃഷിചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ നഗരപ്രദേശങ്ങളിലും പ്രത്യേകിച്ച് ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കും, വര്‍ഷം മുഴുവന്‍ വിളവ് തരുന്ന കുറ്റിക്കുരുമുളക് കൃഷി ചെയ്യാം. കുറ്റിക്കുരുമുളകിന് തിരുവാതിരയോ ഞാറ്റുവേലയോ ആവശ്യം ഇല്ലാതെ നല്ല കുരുമുളക് ലഭിക്കും. സാധാരണ കുരുമുളക് മെയ്, ജൂണ്‍ മാസങ്ങളിലാണ് തിരിയിടുന്നത്. ആറു മുതല്‍ എട്ടുമാസം വരെ വേണം വിളവെടുക്കാന്‍. എന്നാല്‍ കുറ്റിക്കുരുമുളക് ഏതു സമയവും കായ്ഫലം തരും എന്നുള്ളതും ഇതിന്‍റെ പ്രത്യേകതയാണ്.
ഇതിന് താങ്ങുകാലുകള്‍ ആവശ്യമില്ല എന്നുള്ളതുകൊണ്ട് വിളവെടുക്കാന്‍ എളുപ്പമാണ്. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഈ കൃഷിയില്‍ സഹായിക്കാം. കൈയില്‍ ചെളിപുരളേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിലെ പൂച്ചെടികളെ പരിപാലിക്കുന്നതുപോലെ ഇതി നെ പരിചരിക്കാം. അമിതമായ രാസവളമോ കീടനാശിനികളുടെ ആവശ്യമോ തന്നെ കുറച്ചുമതി. ജൈവരീതിയില്‍ ആയാല്‍ നല്ല വിലയും കിട്ടും. തൊഴിലാളികളുടെ ആവശ്യവും കുറച്ചുമതി. താല്‍ക്കാലിക താമസ സ്ഥലത്താണ് കൃഷിചെയ്യുന്നുവെങ്കില്‍ മാറിപ്പോകുന്ന സമയത്ത് ചട്ടിയില്‍ വളര്‍ത്തിയ കുരുമുളക് മറ്റേതൊരു സ്ഥലത്തേക്കും കൊണ്ടുപോകാം.
അല്‍പം ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും ടെറസിനു മുകളിലും കുറ്റിക്കുരുമുളക് വളര്‍ത്താം. വളരെ ലളിതവും ആയാസരഹിതവുമാണ് ഇതിന്‍റെ കൃഷിരീതി.
നമ്മുടെ തോട്ടത്തിലെ നല്ല ഉല്പാദനം തരുന്ന ഇനം കുരുമുളക് വള്ളിയില്‍ നിന്നും കുറ്റിക്കുരുമുളക് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പന്നിയൂര്‍, കരിമുണ്ട, തേവം, പഞ്ചമി, പൗര്‍ണ്ണമി എന്നീ ഇനങ്ങള്‍ നല്ല ഉല്‍പാദനം ലഭിക്കുന്നവയാണ്. കുറ്റിക്കുരുമുളക് വേരുപിടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. സാധാരണ കുറ്റിക്കുരുമുളക് വേരുപിടിക്കാന്‍ പാര്‍ശ്വ ശിഖരങ്ങളാണ് ഉപയോഗിക്കുന്നത്. ഒരുവര്‍ഷം പ്രായമായ കണ്ണിത്തലകള്‍ (പച്ച തത്ത കളര്‍ ഉള്ളത്) ആണ് എടുക്കേണ്ടത്. രാവിലെയോ വൈകുന്നേര സമയങ്ങളിലോ ആണ് തിരഞ്ഞെടുക്കേണ്ടത്. കണ്ണിത്തലകള്‍ 3:4 മുട്ടോടുകൂടി കോപ്പര്‍ ഓക്സിഡ് ക്ലോറൈഡ് എന്ന കുമിള്‍നാശിനി ലായനിയില്‍ 20 മിനിറ്റ് നേരം മുക്കിവെയ്ക്കുക. അല്ലെങ്കില്‍ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മിനിറ്റ് നേരം കണ്ണിത്തലകള്‍ മുക്കിവെച്ചതിന് ശേഷം കെറാഡിക്സ് വേരു പിടിക്കാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ പൊടിയില്‍ മുക്കിയെടുത്തതിനുശേഷം മണ്ണ്, മണല്‍, ഉണങ്ങിയ ചായപ്പൊടി എന്നിവ 1:1:1 എന്ന അനുപാദത്തില്‍ 25ഃ10 വലുപ്പം വരുന്ന പോളിത്തീന്‍ ബാഗില്‍ നിറയ്ക്കുക. പോളിത്തീന്‍ ബാഗിന് 12 മുതല്‍ 14 വരെ ഓട്ടകള്‍ ഇടുക. രണ്ട് മുതല്‍ മൂന്ന് വരെ കണ്ണിത്തലകള്‍ വരെ ഒരു കവറില്‍ നടാം. നട്ടതിന് ശേഷം ചെറിയ പോളിഡെന്‍ഡിലേക്ക് മാറ്റുക. 60 ദിവസത്തിനുശേഷം വേരുകള്‍ പിടിച്ചുതുടങ്ങുമ്പോള്‍ പതിനഞ്ചു ദിവസത്തോളം തണലിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് ചെടികള്‍ തോട്ടത്തിലോ ചട്ടിയിലോ മാറ്റി നടാം. പൊടിച്ച ചാണകവും മണലും മണ്ണും 1:1:1 തുല്യ അനുപാതത്തിലെടുത്ത് അരിച്ചുവേണം ചട്ടിയില്‍ നിറയ്ക്കാന്‍. തൈകള്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സ്ഥലത്ത് വെയ്ക്കരുത്. എങ്കില്‍ വിളവ് കുറയും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഇലകള്‍ നനയത്തക്കവണ്ണം നനയ്ക്കണം. പെപ്പര്‍ കൊളഡ്രിനം എന്ന ബ്രസീലിയന്‍ തിപ്പലിയും ഹാമില്‍റ്റോണി കോട്ടയ്ക്കല്‍ എന്നീ ചെടികളിലും ഗ്രാഫ്റ്റ് ചെയ്ത് കുറ്റിക്കുരുമുളക് ഉണ്ടാക്കാം. ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കില്‍ എല്ലാ ചെടികളും മുളച്ചുകിട്ടുകയും കീടരോഗങ്ങളെ പ്രതിരോധിക്കാനുമുള്ള കഴിവുണ്ടാകും. ചട്ടിയില്‍ നടുന്ന ചെടികളില്‍ രണ്ട് മാസത്തിലൊരിക്കല്‍ രാസവളമോ, ജൈവവളമോ കൊടുക്കാം. രാസവളമാണെങ്കില്‍ യൂറിയ രണ്ടുഗ്രാം, പൊട്ടാഷ് മൂന്നുഗ്രാം, ഫോസ്ഫറസ് മൂന്നുഗ്രാം വീതത്തില്‍ കൂട്ടിക്കലര്‍ത്തി ചെടികളില്‍ ഉപയോഗിക്കാം. ജൈവവളമാണെങ്കില്‍ 30 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 15 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം ഉണക്കിപ്പൊടിച്ച ചാണകപ്പൊടി എന്ന അനുപാതത്തില്‍ ഉപയോഗിക്കാം. ഇങ്ങനെ കൊടുക്കുമ്പോള്‍ നന്നായി ചെടികളെ നനയ്ക്കണം. നിലത്തു നടുകയാണെങ്കില്‍ 5ഃ5 അടി അകലത്തില്‍ 40ഃ40 സെന്‍റീമീറ്റര്‍ സമചതുരത്തില്‍ കുഴികള്‍ എടുത്ത് മേല്‍മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടിയും ഇട്ട് കുഴി നിറച്ച് തൈകള്‍ നടുക. ഒരു ഹെക്ടറില്‍ 2600ഓളം തൈകള്‍ നടാം.
കുറ്റിക്കുരുമുളകിന് താരതമ്യേന കീടങ്ങള്‍ കുറവാണ്. എന്നാല്‍ ഇലപ്പേനും ശല്‍ക്കങ്ങളും ചെടികളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇതിന് വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. എന്നാല്‍ വ്യാപകമായ തോതില്‍ കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കില്‍ ഡൈമത്തോയ്റ്റ് 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്പ്രേ ചെയ്യുക. 15 ദിവസത്തിന് ശേഷം ഒരുതവണയും കൂടി തളിക്കണം. സുഡോമോണസ് പച്ച ചാണകതെളി ഇടയ്ക്ക് ഒഴിച്ച് കൊടക്കുന്നതും അക്കോമിന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒഴിച്ചുകൊടുക്കുന്നതും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. നല്ലവണ്ണം പരിപാലിച്ചാല്‍ ഒരു വര്‍ഷം 500 ഗ്രാം മുതല്‍ 1 കിലോ വരെ വിളവ് ലഭിക്കും. ഗ്രാഫ്റ്റിങ്ങിലൂടെ ഉല്‍പാദിപ്പിക്കുന്ന കുറ്റിക്കുരുമുളകിന് കൂടുതല്‍ രോഗപ്രതിരോധ ശേഷിയും ഉയര്‍ന്ന വിളവും കാലദൈര്‍ഘ്യ വും ഉള്ളവയാണ്.
വീടിന്‍റെ സിറ്റൗട്ടിലെ അലങ്കാരത്തിനൊപ്പം വീട്ടിലെ ആവശ്യങ്ങള്‍ക്കും വരുമാനം നേടിത്തരുന്നതാണ് കുറ്റിക്കുരുമുളക്. ഫ്ളാറ്റുകളിലും അടുക്കളത്തോട്ടങ്ങളിലും ഇടവിളയായും ഇത് കൃഷിചെയ്യാവുന്നവയാണ്. നഗരങ്ങളല്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ കുറ്റിക്കുരുമുളക് കൃഷി വ്യാപകമാക്കാവുന്നതാണ്.
Leave a Reply