Wednesday, 26th June 2024

പഴവര്‍ഗ്ഗ കൃഷി: കുരുവിള ജോസഫിനെ മാതൃകയാക്കാം

പഴവര്‍ഗ്ഗങ്ങളുടെ ഹബ്ബായി മാറാന്‍ ഏറെ സാധ്യതയുള്ള മലബാറില്‍ ഈ രംഗത്ത് നാല് പതിറ്റാണ്ടായി വിജയം കൊയ്യുകയാണ് മേപ്പാടിയിലെ തറപ്പേല്‍ കുരുവിള ജോസഫ് എന്ന കര്‍ഷകന്‍.
മാതൃകാ കാപ്പികൃഷിക്കാരനാണ് റോസ്ഗാര്‍ഡനിലെ കുരുവിള ജോസഫ്. ഉത്തരേന്ത്യയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയശേഷം ജോലിക്ക് ശ്രമിക്കാതെ കാര്‍ഷികവൃത്തിയില്‍ കമ്പംകയറി പൈതൃകമായി കിട്ടിയ ഭൂമിയിലേക്ക് അദ്ദേഹവും ഭാര്യയും കുടിയേറുകയായിരുന്നു. മിശ്രവിളയാണ് കുരുവിളയുടെ കൃഷിരീതിയുടെ പ്രത്യേകത. ഒരു വിളയെ മാത്രം ആശ്രയിച്ചുനിന്നാല്‍ കര്‍ഷകന്‍ പരാജിതനാകുമെന്നും ബഹുവിളയാണ് ആദായകരമെന്നും തന്‍റെ അനുഭവ ത്തിലൂടെ തിരിച്ചറിഞ്ഞതായി കുരുവിള പറഞ്ഞു. സ്വന്തമായുള്ള ഇരുപത് ഏക്കര്‍ ഭൂമിയിലും സഹോദരങ്ങളുടെ ഇരുപതേക്കര്‍ ഭൂമിയിലും ഒരുമിച്ചാണ് കൃഷി. ഒരു ഏക്കര്‍ കാപ്പിത്തോട്ടത്തില്‍ നിന്ന് ഒരു ടണ്ണോളം വിളവെടുക്കുന്ന കുരുവിള ജോസഫ് മറ്റ് കൃഷിക്കാര്‍ക്ക് എന്നും ഒരു മാതൃകയാണ്. തോട്ടം കിളക്കാറില്ല. അടിക്കാടുകള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം വെട്ടിത്തെളിക്കും. നന്നായി തണല്‍ ഒരുക്കും. മറ്റു കാപ്പികര്‍ഷകരെല്ലാം കവാത്തെടുക്കുമ്പോള്‍ കുരുവിള തന്‍റെ കൃഷിയിടത്തിലെ കാപ്പികള്‍ക്ക് കവാത്തെടുക്കാറില്ല. മനുഷ്യന് കയ്യോ കാലോ വെട്ടിമാറ്റുതുപോലെയാണ് കാപ്പിച്ചെടികള്‍ക്ക് കമ്പുകള്‍ വെട്ടി മാറ്റുന്നതെന്ന് കുരുവിളയുടെ പക്ഷം. കാപ്പിക്കുരു നന്നായി കായ്ക്കാനായി കൂടുതല്‍ കമ്പുകള്‍ ചെടിക്ക് ആവശ്യമുണ്ട്. അപ്പോള്‍ ഉണ്ടാകുന്ന കമ്പുകള്‍കൂടി വെട്ടിമാറ്റുത് ശരിയല്ല. ജൈവവളമാണ് കൂടുതലായും പ്രയോഗിക്കുന്നത്. മണ്ണിന്‍റെ ഘടന പരിശോധിച്ച് വല്ലപ്പോഴും മാത്രം രാസവളം പ്രയോഗിക്കും.
കാപ്പിക്ക് തണല്‍ ഒരുക്കി ഫലം കൊയ്തു.
കാപ്പിച്ചെടികള്‍ക്ക് നന്നായി തണല്‍ വേണം. ഇതിനായി തോട്ടത്തിലുടനീളം മാവ്, പ്ലാവ് എന്നിവ നട്ടു. മറ്റു മരങ്ങളും നടാനുണ്ടായിരുന്നു. കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 1977ല്‍ കുറച്ച് ഫലവൃക്ഷത്തൈകള്‍ വാങ്ങി തോട്ട ത്തില്‍ പലയിടത്തായി നട്ടു. കാപ്പിക്ക് നടത്തു വളപ്രയോഗത്തി ലൂടേയും ശുശ്രൂഷകളിലൂടെയും പഴവര്‍ഗ്ഗ ചെടികള്‍ക്ക് നല്ല പരിചരണം ലഭിച്ചു. മഴ കുറവുള്ളപ്പോള്‍ കാപ്പിച്ചെടികള്‍ക്ക് നന വേണം. കാപ്പിച്ചെടികള്‍ നനയ്ക്കുമ്പോള്‍ ഈ വെള്ളം ഫലവര്‍ഗ്ഗ ചെടികള്‍ക്കും ലഭിച്ചു. അങ്ങനെ അവ നന്നായി വളര്‍ന്നു. ഇന്ന് ധാരാളം ഫലങ്ങളും കൈനിറയെ വരുമാനവുമുള്ള കൃഷിയായി സാവധാനത്തില്‍ ഫലവര്‍ഗ്ഗകൃഷി മാറി. ലിച്ചി, മാംഗോസ്റ്റിന്‍, റമ്പൂട്ടാന്‍, പുലാസാന്‍, നാരകം ഇനങ്ങള്‍, പേര ഇങ്ങനെ ഒടട്ടനേകം ഫലവൃക്ഷങ്ങള്‍ ഇദ്ദേഹ ത്തിന്‍റെ തോട്ടത്തിലുണ്ട്. ഒരു മാംഗോസ്റ്റിന്‍ മരത്തില്‍ നിന്ന് അറുപത് കിലോയിലേറെ പഴങ്ങള്‍ ലഭിക്കും. കേരളത്തിലെ സമതലപ്രദേശങ്ങളില്‍ വേനലിന്‍റെ മധ്യത്തോടെ പൂത്ത് കായ്ച് ജൂണില്‍ വിളവെടുക്കാനാകും. കായ്ക്കുന്നസമയത്ത് കഠിനമായ ചൂടും മൂപ്പെത്തുന്ന സമയത്തെ തണുപ്പും തമ്മിലുള്ള വ്യത്യാസം കായയുടെ കാമ്പ് കല്ലിക്കാന്‍ കാരണമാകുന്നുണ്ട്. വയനാട് ജില്ലയില്‍ ഇടവപ്പാതി കഴിഞ്ഞശേഷമാണ് മാംങ്കോസ്റ്റിന്‍ പൂക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വിളവെടുക്കാം. അതിനാല്‍ കായ്കളില്‍ കല്ലിപ്പുണ്ടാകുന്നില്ല. മൂപ്പെത്തുമ്പോള്‍ കായ്കള്‍ പറിച്ചെടുത്തുവെച്ച് പഴുപ്പിച്ച് പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തുകയാണ് പതിവ്. ഒരു മാംഗോസ്റ്റിന്‍ മരത്തില്‍ നിന്ന് ഒരു ക്വിന്‍റല്‍ വരെ ചിലപ്പോള്‍ വിളവ് ലഭിക്കും. കൂടുതല്‍ വിളഞ്ഞാല്‍ പഴത്തിന്‍റെ വലിപ്പം കുറയുകയും വിപണി ഇടിയുകയും ചെയ്യും. ആറ് മാംഗോസ്റ്റിന്‍ പഴം വീതം ഉള്‍ക്കൊള്ളി ക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി എക്സോട്ടിക്ക എന്ന ബ്രാന്‍റില്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും കുരുവിള ജോസഫ് ഇന്ന് മാംഗോസ്റ്റിന്‍ കയറ്റി അയക്കുന്നുണ്ട്. കിലോഗ്രാമിന് അഞ്ഞൂറ് രൂപവരെ വില ലഭിക്കുന്നുണ്ട്. മുംബൈ, അഹമ്മദാബാദ്, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴും മാംഗോസ്റ്റിന്‍ അന്വേഷിച്ച് വിളി വരാറുണ്ടെന്ന് കുരുവിള പറഞ്ഞു. ഓരോ വര്‍ഷവും അമ്പത് പുതിയ ഫല വര്‍ഗ്ഗ ചെടികളെങ്കിലും നാല്‍പതേക്കറില്‍ നടാറുണ്ട്. ഇവയില്‍ പലതും രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചുതുടങ്ങും.
പുരസ്ക്കാരം തേടിയെത്തിയത് ലിച്ചിയിലൂടെ
മാതൃകാ കര്‍ഷകനായ കുരുവിളയെ ത്തേടി ഒട്ടനേകം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പുതുമയുള്ള പുരസ്ക്കാരം ലഭിച്ചത് ലിച്ചി കര്‍ഷ കനെ നിലയ്ക്കാണ്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ലിച്ചിപ്പഴം വിളവെടുത്ത് ശ്രദ്ധേയനായിരിക്കുകയാണ് ഇദ്ദേഹം. ബീഹാറിലെ ലിച്ചി ഗവേഷണകേന്ദ്ര ത്തില്‍ നിന്ന് വരുത്തിയ മികച്ചയിനം ലിച്ചിത്തൈകളും ഇവിടെ നട്ടിട്ടുണ്ട്. 2016ലെ ലിച്ചി ഗവേഷണകേന്ദ്രത്തിന്‍റെ ഇന്നവേറ്റീവ് കര്‍ഷകനുള്ള പുരസ് ക്കാരം കുരുവിള ജോസഫിനായിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ബീഹാറില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ കുരുവിളയുടെ വീട്ടിലെത്തിയാണ് പുരസ്ക്കാരം സമ്മാനിച്ചത്. പന്ത്രണ്ട് ലിച്ചി മരങ്ങളാണ് കുരുവിളയുടെ തോട്ടത്തിലുള്ളത്. ഇവയില്‍ ശരാശരി എല്ലാവര്‍ഷവും പത്തെണ്ണമെങ്കിലും കായ്ക്കും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം തന്‍റെ പഴവര്‍ഗ്ഗ തോട്ടത്തേയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സാധാരണ ലിച്ചി പൂക്കുന്ന സമയത്ത് കഠിനമായ മഴ ലഭിക്കാന്‍ പാടില്ല. മഴ കൂടുതലായാല്‍ പോളിനേ ഷന്‍ സമയത്ത് പൂക്കളുടെ പോളന്‍ കഴുകിപ്പോകും. ഇത് കായ്ഫലം കുറയ്ക്കും. ഓരോ ചെടികളും പുഷ്പിക്കുന്നതിന് 10 മുതല്‍ 15 വരെ ദിവസത്തെ വ്യത്യാസമുണ്ടാകും. ഇതിനിടയില്‍ മഴ നീണ്ടുനിന്നാല്‍ ചെടികള്‍ പുഷ്പിക്കുന്നത് കുറയും. ഇത്തവണ കാലവര്‍ഷത്തില്‍ പെയ്യേണ്ട മഴ കാലംതെറ്റി പെയ്തതിനാല്‍ രണ്ട് മരങ്ങള്‍ മാത്രമാണ് ആകെ പുഷ്പിച്ചത്. ഇതില്‍ ഒരു മരത്തിലെ പൂക്കളുടെ മുഴുവന്‍ പോളനും കഴുകിപ്പോയി. ശേഷിക്കുന്ന ഒരു മരത്തില്‍ നിന്ന് മാത്രം നാന്നൂറ് കിലോ ഇത്തവണ വിളവ് കിട്ടി. ലോകത്തെല്ലായിടത്തും രാജ്യത്ത് പ്രത്യേകിച്ചും ലിച്ചിപ്പഴത്തിന്‍റെ സീസണ്‍ അവസാനിക്കുന്ന സമയത്താണ് ലിച്ചിപ്പഴം ഉണ്ടാകുന്നത്. ഉത്തരേന്ത്യയില്‍ മെയ്-ജൂമാണ് ലിച്ചി വിപണിയിലെത്തുന്ന കാലം. പത്തു പന്ത്രണ്ട് മീറ്റര്‍വരെ ഉയരമുള്ള നിത്യഹരിത വൃക്ഷമാണ് ലിച്ചി. ജില്ലയിലെ കാലാവസ്ഥ ലിച്ചിക്ക് ഏറെ അനുയോജ്യമാണ്. ഡിസംബറിലാണ് പ്രധാനമായും വിളവെടുപ്പ്. അതു കൊണ്ട് തന്നെ നല്ല വിലകിട്ടി. ഒരു കിലോയ്ക്ക് അഞ്ഞൂറ് രൂപ പ്രകാരം കൊച്ചി ലുലു മാളിലേക്കാണ് നല്‍കിയത്. മറ്റു പല സ്ഥലത്തുനിന്നും അന്വേഷണമുണ്ടായെങ്കിലും നല്‍കാന്‍ പഴമുണ്ടായില്ലെന്ന് കുരുവിള പറഞ്ഞു. 35 വര്‍ഷം പഴക്കമുള്ള ചെടിയില്‍ നിന്നാണ് ഇത്തവണ നാന്നൂറ് കിലോ ലഭിച്ചത്. റമ്പൂട്ടാനെപ്പോലെ മരത്തില്‍ നിര്‍ത്തി പഴുപ്പിച്ചാണ് ലിച്ചി വിളവെടുക്കുക. കിളികള്‍ കൊത്താതിരിക്കാന്‍ മരങ്ങളെ വല കൊണ്ട് മൂടണം. ഒരു മരത്തെ മൂടാന്‍ ഏകദേശം 40 കിലോഗ്രാമോളം വല വേണ്ടിവരും. ഇതാണ് പ്രധാന ചിലവ്. എന്നാല്‍ വല നന്നായി സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷം ഉപയോഗിക്കാന്‍ കഴിയും.
ലിച്ചിയെപ്പോലെ റമ്പൂട്ടാനും ചില സീസണില്‍ നല്ല വില ലഭിക്കാറുണ്ട്. കേരളത്തിന് പുറത്തേക്കായിരുന്നു ആദ്യം കയറ്റിയച്ചിരുന്നത്. എന്നാല്‍ കേരളത്തിനകത്തും ഇപ്പോള്‍ നല്ല ഡിമാന്‍റുണ്ട്.
ഓറഞ്ച്, സപ്പോട്ട, പേരക്ക തുടങ്ങി എല്ലാതരം പഴവര്‍ഗ്ഗങ്ങളും ഇവിടെ കൃഷിചെയ്തുവരുന്നു. ഫലവര്‍ഗകൃഷിനായി ഉള്ളതുകൊണ്ട് ഇദ്ദേഹത്തിന്‍റെ തോട്ടം സന്ദര്‍ശിക്കാന്‍ ധാരാളം സന്ദര്‍കര്‍ വരുന്നുണ്ട്. ഫാം ടൂറിസത്തിലൂടേയും ചെറിയൊരു വരുമാനം ലഭിക്കുന്നുണ്ട്. കൃഷിരീതികളെക്കുറിച്ച് പഠിക്കാനും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമായി ധാരാളം കര്‍ഷകരും കുരുവിള ജോസഫിനെ തേടി റോസ്ഗാര്‍ഡനിലെത്താറുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *