Tuesday, 3rd October 2023

തൃശൂരിന്‍റെ കാഴ്ചക്കുലപ്പെരുമ
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍

സ്വര്‍ണ്ണവര്‍ണ്ണവും തേനൂ റും സ്വാദുമുള്ള ഈ ചെങ്ങാലിക്കോടന്‍ കുലകള്‍ക്ക് ഓണക്കാലത്ത് പൊതുവെ വന്‍ ഡിമാന്‍റാണ്. ഓണക്കാലത്ത് പൊതുവെ വില വര്‍ദ്ധിക്കുമെങ്കിലും ചെങ്ങാലിക്കോടന്‍ കുലകളുടെ വിലയോളം വരില്ലത്രെ. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ കുലയ്ക്ക് 750 മുതല്‍ 1500 രൂപവരെ വിലവരാറുണ്ട്.
തൃശൂരിന്‍റെ സ്വന്തം നേന്ത്രന്‍ ഇനമാണ് ചെങ്ങഴിക്കോടന്‍. ഏതാണ്ട് പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ഈ കാഴ്ചകുലകള്‍. എന്നാല്‍ ഇപ്പോള്‍ കുറച്ചൊക്കെ രാസവളങ്ങളും ഉപയോഗിക്കാറുണ്ട്. രാസവളങ്ങള്‍ ചെയ്യുമ്പോള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ വെള്ളത്തൂമ്പ് എന്ന രോഗം വളരെ പെട്ടെന്ന് ഈ വാഴകളെ ബാധിക്കാറുണ്ട് എന്നതാണ് സത്യം. തൃശൂരിലെ തലപ്പിള്ളി താലൂക്കില്‍ കൈപ്പറമ്പ്, വേലൂര്‍, പോന്നാര്‍, പുത്തൂര്‍, ആളൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി തുടങ്ങിയ മേഖലകളിലാണ് ചെങ്ങാലിക്കോടന്‍ പരമ്പരാഗതമായി കൃഷിചെയ്യാറുള്ളത്. എന്നാല്‍ പാണഞ്ചേരി ആമ്പല്ലൂര്‍ തുടങ്ങിയ മേഖലകളിലേയ്ക്കും ഈ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.
മറ്റു വാഴക്കുലകളെ അപേക്ഷിച്ച് പ്രധാനമായും കാഴ്ചയായി സമര്‍പ്പിക്കുന്നതിനോ, ബന്ധുവീടുകളില്‍ ഓണസമ്മാനമായി നല്‍കുന്നതിനോ ആയാണ് ഇവ ഉപയോഗിച്ചുവരുന്നത്. അതിനാല്‍ നല്ല നീളവും വണ്ണവും കായ്കളുടെ എണ്ണവുമുള്ള കുലകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. സ്വര്‍ണ്ണവര്‍ണ്ണവും നല്ല ഉരുണ്ട കായ്കളും, മുറിച്ചുകളയാതെ നിലംവരെ മുട്ടികിടക്കുന്ന കുടപ്പനും (മാണി) ഈ കുലകളുടെ മാത്രം പ്രത്യേകതയാണ്. ഇത്രയേറെ പ്രത്യേകതകള്‍ ഉള്ള ഇനമായതിനാല്‍ 50 മുതല്‍ 100 വാഴകളേ ഒരു കര്‍ഷകന്‍ സാധാരണയായി കൃഷിചെയ്യാറുള്ളൂ.
ഓണത്തിന് മാത്രമായുള്ള കുലകളായതിനാല്‍ ഓണക്കാലം കഴിഞ്ഞാല്‍ പൊതുവെ ഇവ്ക്ക് വില കുറയാറുണ്ട്. അതിനാല്‍ ഓണത്തിന് മുമ്പ് തന്നെ മുഴുവന്‍ കുലകളും വില്പന നടത്താന്‍ കഴിയുംവിധമായിരിക്കും നടീല്‍ നിശ്ചയിക്കുന്നത്. ഓണം ചിങ്ങത്തിന്‍റെ ഒടുവിലാണെങ്കില്‍ ചെറിയ കന്നുകളും, നേരത്തെയാണെങ്കില്‍ വലിപ്പമുള്ള കന്നുകളുമാണ് നടുന്നതിനായി തെരഞ്ഞെടുക്കുന്നത്.
നല്ല ചുവപ്പുനിറമുള്ള മണ്ണാണ് ചെങ്ങാലിക്കോടന് പറ്റിയത്. നടുന്നതിന് മുമ്പായി കുഴിയില്‍ ചാണകം, വെണ്ണീറ്, കുമ്മായം എന്നിവ ചേര്‍ക്കുന്നു. ചുട്ടെടുത്ത മണ്ണ് വാഴയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കുന്നത് കായ് കള്‍ക്ക് പ്രത്യേകമായ നിറം നല്‍കുന്നു.
ചെങ്ങാലിക്കോടന്‍ വാഴകള്‍ക്ക് നന വളരെ പ്രധാനമാണ്. നന കുറഞ്ഞാല്‍ കായയുടെ രുചിയില്‍ അതറിയാമെന്ന് പഴമക്കാര്‍ പറയുന്നു. നനയോടൊപ്പം തോ ലും, പച്ചചാണകവും നല്‍കി മണ്ണിട്ടു മൂടുന്നു.
കാഴ്ചകുലയെ സംബന്ധിച്ചിടത്തോളം കുല പൊതിയുക എന്നത് പരമ പ്രധാനമാണ്. കൃത്യമായി പറഞ്ഞാല്‍ ഇതൊരു കല കൂടിയാണ്. നന്നായി കുല പൊതിയാന്‍ അറിയുന്ന കൃഷിക്കാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതേ ഉള്ളൂ. കുലച്ച് 20-25 ദിവസത്തിനുള്ളിലാണ് കുല പൊതിയുന്നത്. ഉണങ്ങിയ വാഴയിലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുല പൊതിയുന്നതിലൂടെ പടലകള്‍ക്കിടയിലെ അകലം തുല്യമാക്കുന്നതിനും നല്ല ചുവപ്പുരാശിക്കും ലഭിക്കുന്നതിനും കഴിയുന്നു.
വിപണിയില്‍ ഇത്തരം കാഴ്ചകുലകള്‍ക്ക് വന്‍ പ്രിയമാണുള്ളത്. പ്രത്യേകിച്ച് ഓണക്കാലത്ത് കഴിവും പരിചയസമ്പത്തുമുള്ള കര്‍ഷകരുടെ അരികെ കച്ചവടക്കാര്‍ കുല വിരിയുന്നതോടെ എത്തി കച്ചവടം ഉറപ്പിക്കാറുണ്ട്. ഏഴു മുതല്‍ ഒമ്പത് പടലവരെയുള്ള കുലകളെയാണ് ലക്ഷണമൊത്ത കാഴ്ചകുലകളായി കരുതുന്നത്. ചൂണ്ടല്‍, കുന്തംകുളം, ഗുരുവായൂര്‍ മാര്‍ക്കറ്റുകളിലാണ് ഇതിന് ആവശ്യക്കാര്‍ ഏറെയുള്ളത്. ഗുരുവായൂര്‍ അമ്പലത്തില്‍ കാഴ്ചക്കുല സമര്‍പ്പണത്തിന് ഉപയോഗിക്കുന്നത് ചെങ്ങാലിക്കോടന്‍ കുലകളാണ്. വറുത്ത ഉപ്പേരി (ചിപ്സ്) ഉണ്ടാക്കുന്നതിനും ചെങ്ങാലിക്കോടന്‍ ഉത്തമമാണ്. ചെങ്ങാലിക്കോടന്‍ കുലകളുടെ ഈ പ്രത്യേകതകള്‍ പരിഗമിച്ച് തൃശൂരിന്‍റെ ഭൗമശാസ്ത്രസൂചിക നേടിയ ഇനമായി ചെങ്ങാലിക്കോടന്‍ കുലകളെ അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ തൃശൂര്‍ക്കാരെ സംബന്ധിച്ചിടത്തോളം പൂക്കളത്തിന്‍റേയും പുലിക്കളിയുടേയും ഒപ്പം പ്രാധാന്യമുണ്ട് ഈ കാഴ്ചക്കുലകള്‍ക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *