ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം നവംബർ 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ വച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. നവംബർ പതിനഞ്ച് മുതൽ ഡിസംബർ എട്ട് വരെ ഉള്ള ഇരുപത്തിയൊന്ന് പ്രവൃത്തി ദിവസങ്ങളിലായി വാകസിനേഷൻ യജ്ഞം പൂർത്തീകരിക്കും. സംസ്ഥാനത്തെ പതിനാല് ലക്ഷത്തോളം വരുന്ന പശുക്കളേയും ഒരു ലക്ഷത്തിന് മുകളിൽ വരുന്ന എരുമകളേയുമാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുക. നാല് മാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള മുഴുവൻ ഉരുക്കൾക്കും കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യം. കർഷകരുടെ വീട്ടുപടിക്കൽ സേവനം നല്കുന്നതിനായി ഒരു വാക്സിനേറ്ററും ഒരു സഹായിയും അടങ്ങുന്ന 1916 സ്ക്വാഡുകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങൾക്കുള്ള സാംക്രമിക രോഗനിയന്ത്രണ/ നിർമ്മാർജ്ജന ആക്ട് (2009) പ്രകാരം കുളമ്പുരോഗ കുത്തിവയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണ്. ക്ഷീരകർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുത്തുന്ന ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാൻ തികച്ചും സൗജന്യമായ ഈ പ്രതിരോധ കുത്തിവയ്പ്പ് എല്ലാ കർഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ . ചിഞ്ചുറാണി പറഞ്ഞു.
Saturday, 10th June 2023
Leave a Reply