Wednesday, 26th June 2024

കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശത്ത് ഉത്പ്പാദിപ്പിക്കുന്ന കാപ്പിയെന്ന പെരുമ ബ്രഹ്മഗിരി വയനാട് കോഫി ഉപയോഗപ്പെടുത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫിയുടെ വിപണന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പ്രദേശത്ത് വളരുന്ന കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പിക്കുരുവിന് മികച്ച ഗുണനിലവാരമാണ് ഉള്ളത്. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി വിദേശ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനാകണം. കാപ്പിതോട്ടങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിലൂടെ പരിസ്ഥിതി സന്തുലിതാവസ്ഥയും കാര്‍ഷിക വികസനവും ഒരുമിച്ച് നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. കോണ്‍ട്രാക്റ്റ് ഫാമിംഗ് രീതി രാജ്യത്ത് നടപ്പിലാക്കുന്നതിലൂടെ കൃഷിയിലെ സമ്പൂര്‍ണ്ണ ആധിപത്യം കോര്‍പ്പറേറ്റുകളുടെ കയ്യിലാകും. കര്‍ഷകര്‍ അടിമകളായി മാറുമെന്നതാണ് ഇതിന്‍റെ അനന്തരഫലം. ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള കാര്‍ഷിക മുന്നേറ്റങ്ങളാണ് ബ്രഹ്മഗിരി നടപ്പിലാക്കുന്നത്. ബ്രഹ്മഗിരി വയനാട് കോഫിയിലൂടെ കാപ്പി കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താനാകുമെന്നതാണ് സവിശേഷത. കേരളത്തില്‍ കാപ്പി സംസ്കാരം രൂപപ്പെടുത്താന്‍ പദ്ധതിക്കാകും. പദ്ധതി വലിയ രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വയനാട് കണിയാമ്പറ്റയിലെ കോഫി പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഉത്പ്പാദിപ്പിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള വയനാടന്‍ റോബസ്റ്റ, അറബിക്ക ബ്ലെന്‍ഡ് ചെയ്ത നോര്‍മല്‍ കോഫി പൗഡറും ഫില്‍റ്റര്‍ കോഫി കോംമ്പോ എന്നീ ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. 100 ഗ്രാം കാപ്പി പൊടിക്ക് 70 രൂപയും 200 ഗ്രാമിന് 130 രൂപയും 250 ഗ്രാമിന്‍റെ കോംമ്പോ പാക്കിന് 390 രൂപയുമാണ് വിപണി വില. ഉദ്ഘാടനത്തിന്‍റെ ഭാഗമായി യഥാക്രമം 55, 100, 350 രൂപക്ക് ലഭിക്കും. 30000 പാക്കറ്റ് കാപ്പിപൊടിയാണ് ആദ്യഘട്ടത്തില്‍ ഉത്പ്പാദിപ്പിക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസൈറ്റി, കാപ്പി കര്‍ഷക ഫെഡറേഷന്‍, കുടുംബശ്രീ, സാഹകരണ ബാങ്കുകള്‍, വിവിധ സര്‍വീസ് സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിപണനം. ഇന്ത്യന്‍ കോഫി ബോര്‍ഡിന്‍റെ പിന്തുണയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൂം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നടന്ന പരിപാടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ഒ.ആര്‍. കേളു എം.എല്‍.എ. മുഖ്യാതിഥിയായി. ബ്രഹ്മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സാജിത, കോഫി ബോര്‍ഡ് ഡി.ഡി.ഇ. നിര്‍മ്മല്‍ ഡേവിഡ്, നബാര്‍ഡ് ഡി.ഡി.എം. ജിഷ വടക്കുംപറമ്പില്‍, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ, ബ്രഹ്മഗിരി സി.ഇ.ഒ. ബാബുരാജ് പി.എസ്., കോഫി ഡിവിഷന്‍ ചെയര്‍മാന്‍ പി.കെ. സുരേഷ്, ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസൈറ്റി സെക്രട്ടറി ടി.ബി. സുരേഷ്, സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം വി.വി. ബേബി, കോഫി ഡിവിഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. മോഹന്‍ദാസ്, മാനേജര്‍ ജുബുനു കെ.ആര്‍. എന്നിവര്‍ സംസാരിച്ചു.
ലക്ഷ്യം കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍
വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ആരംഭിച്ച ആധുനിക സഹകരണ കൃഷി പദ്ധതിയാണ് ബ്രഹ്മഗിരി വയനാട് കോഫി. കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷക കൂട്ടായ്മയില്‍ സംഭരിച്ച് – സംസ്കരിച്ച് – വിപണനം നടത്തുന്നു. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ബ്രഹ്മഗിരി കര്‍ഷകരില്‍ നിന്നും ഉണ്ട കാപ്പി സംഭരിക്കുക. സംസ്കരിച്ച് വിപണനം നടത്തുമ്പോള്‍ ലഭിക്കുന്ന മിച്ചം ഉത്പ്പാദന ചെലവ് കഴിഞ്ഞ് കര്‍ഷകര്‍ക്ക് തുല്യമായി പങ്കിടുന്നു. ഇത്തരത്തില്‍ രണ്ട് ഘട്ടങ്ങളിലായി കാപ്പി കര്‍ഷകര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നു. കാപ്പി കര്‍ഷക ഫെഡറേഷനില്‍ രജിസ്റ്റല്‍ ചെയ്ത 7000 ത്തോളം കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
വയനാട്ടിലെ മുഴുവന്‍ കാപ്പി തോട്ടങ്ങളും മൂന്ന് മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സുസ്ഥിര കൃഷിയിടങ്ങളാകും. സൂക്ഷ്മ ജലസേചന പദ്ധതി, ഫാം പ്ലാനിങ്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലൂടെ ഉത്പ്പാദന മേഖലയില്‍ സ്വയംപര്യാപ്തത നേടാനും സാധിക്കും. സംഭരണം, ഗുണനിലവാര പരിശോധന, നടീല്‍ വസ്തുക്കളുടെ വിതരണം, ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വിപണനം എന്നിവയുടെ ഏകോപനം ബ്രഹ്മഗിരി കോഫി ഡിവിഷന്‍ നിര്‍വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *