
അന്താരാഷ്ട്രാ കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫിയുടെ വിപണന ഉദ്ഘാടനം ഒക്ടോബർ 1 രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും. വയനാട് കണിയാമ്പറ്റയിലെ കോഫി പ്രൊഡക്ഷൻ യൂണിറ്റിൽ ഉത്പ്പാദിപ്പിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്റ്റ, അറബിക്ക ബ്ലെൻഡ് ചെയ്ത നോർമൽ കോഫി പൗഡറും ഫിൽറ്റർ കോഫിയും ചേർന്ന കോംമ്പോ എന്നീ ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 100 ഗ്രാം കാപ്പിപൊടിക്ക് 70 രൂപയും 200 ഗ്രാമിന് 130 രൂപയും 250 ഗ്രാമിൻ്റെ കോംമ്പോ പാക്കിന് 390 രൂപയുമാണ് വിപണി വില. ഉദ്ഘാടനത്തിൻ്റെ ഭാഗമായി യഥാക്രമം 55, 100, 350 രൂപക്ക് ലഭിക്കും. 30000 പാക്കറ്റ് കാപ്പിപൊടിയാണ് ആദ്യഘട്ടത്തിൽ ഉത്പ്പാദിപ്പിക്കുന്നത്. പഞ്ചായത്ത്തലത്തിലുള്ള ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി, കാപ്പി കർഷക ഫെഡറേഷൻ, കുടുംബശ്രീ, സാഹകരണ ബാങ്കുകൾ, വിവിധ സർവീസ് സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വീടുകൾ കേന്ദ്രീകരിച്ച് വിപണനം നടത്തുക. ചെലവ് കഴിഞ്ഞുള്ള മിച്ചം കർഷകർക്ക് അധിക വിലയായി വീതിച്ചു നൽകും. ഇന്ത്യൻ കോഫി ബോർഡിന്റെ പിന്തുണയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി കോഫി ബോര്‍ഡ് അംഗങ്ങളും ബന്ധപ്പെട്ട വിദഗ്ധരും പങ്കെടുക്കുന്ന വെബിനാറും വൈകുന്നേരങ്ങളില്‍ പഞ്ചായത്തുകള്‍ തോറും കാപ്പി വിരുന്നുകളും സംഘടിപ്പിച്ചിട്ടുണ്ട്. കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമായി 2014 മുതലാണ് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 1ന് അന്താരാഷ്ട്രാ കോഫി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ലക്ഷ്യം കർഷക വരുമാനം ഇരട്ടിയാക്കൽ വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ആരംഭിച്ച ആധുനിക സഹകരണ കൃഷി പദ്ധതിയാണ് ബ്രഹ്മഗിരി വയനാട് കോഫി. കർഷകരുടെ ഉത്പ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷക കൂട്ടായ്മയിൽ സംഭരിച്ച് – സംസ്കരിച്ച് – വിപണനം നടത്തുന്നു. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിലാണ് ബ്രഹ്മഗിരി കർഷകരിൽ നിന്നും ഉണ്ടകാപ്പി സംഭരിക്കുക. സംസ്കരിച്ച് വിപണനം നടത്തുമ്പോൾ ലഭിക്കുന്ന മിച്ചം ഉത്പ്പാദന ചെലവ് കഴിഞ്ഞ് കർഷകർക്ക് തുല്യമായി പങ്കിടുന്നു. ഇത്തരത്തിൽ രണ്ട് ഘട്ടങ്ങളിലായി കാപ്പി കർഷകർക്ക് ആനുകൂല്യം ഉറപ്പാക്കുന്നു. കാപ്പി കർഷക ഫെഡറേഷനിൽ രജിസ്റ്റൽ ചെയ്ത 7000 ത്തോളം കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. വയനാട്ടിലെ മുഴുവൻ കാപ്പി തോട്ടങ്ങളും മൂന്ന് മുതൽ അഞ്ചു വർഷത്തിനുള്ളിൽ സുസ്ഥിര കൃഷിയിടങ്ങളാകും. സൂക്ഷ്മ ജലസേചന പദ്ധതി, ഫാം പ്ലാനിങ്, കാർബൺ ന്യൂട്രൽ വയനാട് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ ഉത്പ്പാദന മേഖലയിൽ സ്വയംപര്യാപ്തത നേടാനും സാധിക്കും. സംഭരണം, ഗുണനിലവാര പരിശോധന, നടീൽ വസ്തുക്കളുടെ വിതരണം, ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കൽ, വിപണനം എന്നിവയുടെ ഏകോപനം ബ്രഹ്മഗിരി കോഫി ഡിവിഷൻ നിർവഹിക്കും. കേരളത്തിൽ കാപ്പി സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന് ബ്രഹ്മഗിരി വയനാട് കോഫി വഴിയൊരുക്കും. സൂം മൊബൈൽ അപ്ലിക്കേഷൻ വഴി നടത്തുന്ന പരിപാടിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷനാകും. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷണൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. നസീമ, ബ്രഹ്മഗിരി ചെയർമാൻ പി.കൃഷ്ണപ്രസാദ്, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Leave a Reply