
സുനില്‍ കെ.എം.
അഗത്തി
നൂറ്റൊന്ന് മൂലകങ്ങളടങ്ങിയ മലക്കറിയെന്നാണിതിനെ വിളിക്കുന്നത്. തൊലിയും പൂവും ഔഷധാവശ്യത്തിനുപയോഗിക്കുന്നു. തമിഴ്നാട്ടിലെപോലെ കേരളത്തിലും വ്യാപകമായി കൃഷിചെയ്തുവരുന്നു. പനി, തലവേദന, പീനസം, വ്രണങ്ങള്‍ ഇവയ്ക്ക് സമൂലം ഉപയോഗിക്കുന്നു. പൂവില്‍ നിന്നും തയ്യാറാക്കുന്ന ഔഷധം നിശാഗന്ധതയ്ക്ക് മരുന്നാണ്. ഒക്ടോബര്‍ – ജനുവരി മാസങ്ങളില്‍ വിളഞ്ഞ കായ്കള്‍ ശേഖരിച്ച് വെയിലിലുണക്കി പയര്‍ പോലുള്ള വിത്ത് സൂക്ഷിക്കാം. ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് തവാരണകളില്‍ പാകാം. ഒരു മാസമായാല്‍ പോളി ബാഗിലേക്കും 3 മാസമായാല്‍ കൃഷിയിടത്തിലേക്കും മാറ്റാം. 30 സെ.മീ. സമുചതുരക്കുഴിയില്‍ കമ്പോസ്റ്റ് നിറച്ചതില്‍ 3.3 മീ. അകലത്തില്‍ നടാം. ആറാം മാസം മുതല്‍ പൂക്കള്‍ ശേഖരിക്കാം 3-4 വര്‍ഷം വരെ പൂക്കല്‍ കിട്ടും. പിന്നീട് വെട്ടി വേര് ശേഖരിച്ച് ഉണക്കി ഔഷധാവശ്യത്തിനുപയോഗിക്കാം.
രക്തചന്ദനം
വനവൃക്ഷമാണ്. തടിയിലെ ചുവപ്പു നിറം ഔഷധങ്ങള്‍ക്ക് നിറം നല്‍കാനുപയോഗിക്കുന്നു. ത്വക് രോഗങ്ങള്‍ക്കെതിരെയും മുഖകാന്തിയ്ക്കും ശരീരകാന്തിയ്ക്കും രക്തചന്ദനം പാല്‍പ്പാട, തൈര്, പനിനീര് ഇവയില്‍ അരച്ച് ലേപനം ചെയ്യുന്നതുത്തമം. കാറ്റില്‍ വിത്തുവിതരണം നടത്തുന്ന രീതിയില്‍ കായകള്‍ക്ക് പരന്ന ഭാഗം ഉണ്ടാകും. ശേഖരിച്ചു സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ ഒരു ദിവസം ചാണകം – സ്യൂഡോമോണസ് മിശ്രിതത്തില്‍ മുക്കിവച്ച് പിറ്റേന്ന് തവാരണകളില്‍ പാകി മുളപ്പിക്കാം. ഒരു മാസമെത്തിയ തൈകള്‍ പോളി ബാഗിലേക്കും 3 മാസമായാല്‍ കൃഷിയിടത്തിലേക്കും മാറ്റാം. മലമ്പ്രദേശത്താണ് കൃഷി ചെയ്യാന്‍ ഉത്തമം. 50 സെ.മീ. കുഴഇകളില്‍ ജൈവവളം നിറച്ച് തൈകള്‍ നടാം. 10 വര്‍ഷം മുതല്‍ തടി മുറിയിക്കാം.
ചന്ദനം
നറുമണം പരത്തുന്ന സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനുള്ള സ്വാഭാവിക അസംസ്കൃത വസ്തു. ചന്ദനതൈലം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. ഡിമാന്‍റ് വര്‍ദ്ധിച്ചതോടെ വന്‍തോതില്‍ മരങ്ങള്‍ മോഷ്ടിക്കപ്പെടുന്നു. ഇടുക്കി ജില്ലയിലെ മറയൂര്‍ സ്വാഭാവിക ചന്ദനവനത്തിന് പേരുകേട്ടതാണ്. വീട്ടുവളപ്പുകളിലും നന്നായി വളരും. മണ്ണിന്‍റെ സ്വഭാവമനുസരിച്ച് വിളവിന്‍റെ ഗുണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ചന്ദനം ഒരു അര്‍ദ്ധപരാദവൃക്ഷമായതിനാല്‍ മറ്റു വൃക്ഷങ്ങളുടെ സഹായമില്ലാതെ വളരാനാവില്ല. ശരീരത്തെ തണുപ്പിക്കാനും ത്വക്ക് രോഗങ്ങള്‍ക്കെതിരെയും ചന്ദനം ഉപയോഗക്കുന്നു. ക്ഷേത്രങ്ങളില്‍ പ്രസാദത്തിന് ഒഴിച്ചുകൂടാനാവാത്തതാണിത്. നവംബര്‍ – ജനുവരിയില്‍ വിളയുന്ന കായ്കള്‍ ശേഖരിച്ച് കഴുകി ഉണക്കി സൂക്ഷിക്കാം. നല്ല ഒഴുക്കുള്ള വെള്ളത്തില്‍ 2 ദിവസം കെട്ടിയിട്ടവിത്തുകള്‍ തവാരണകളില്‍ പാകാം. മുളക്കല്‍ 2 മാസം മുതല്‍ 6 മാസം വരെ തുടരും. പ്രോട്ടിംഗ് മിശ്രിതം നിറഞ്ഞ പോളിബാഗുകള്‍ വിത്തുപാകിയ ശേഷം തയ്യാറാക്കി ഇതില്‍ കാപ്പി, പേര, നീര്‍മരുത് എന്നിവയിലേതെങ്കിലുമൊന്നിന്‍റെ വിത്തുപാകി മുളപ്പിക്കുക. മുളച്ച് 3 മാസം കഴിഞ്ഞ ചന്ദനതൈകള്‍ കേടുപറ്റാതെ ഈ കവറുകളിലേക്ക് മാറ്റി നട്ട് നനയ്ക്കുകയും തണല്‍ നല്‍കുകയും ചെയ്യുക. പിന്നീട് 3 മാസത്തിനുശേഷം 50 സെ.മീ. വലിപ്പമുള്ള കുഴികളില്‍ ചാണകപ്പൊടി നിറച്ചതില്‍ തൈകള്‍ ചേര്‍ത്ത് നടുക. ആദ്യവര്‍ഷം നനയ്ക്കണം. ഓരോ വര്‍ഷവും വളപ്രയോഗവും വേണം. 20 വര്‍ഷം മുതല്‍ മുറിയ്ക്കാം.
അത്തി
അത്തി, ഇത്തി, പേരാല്‍, അരയാല്‍ എന്നിവയാണ് നാല്പമര എന്നറിയപ്പെടുന്നത്. തൊലി, വേര് ഇവ ഔഷധത്തിനുപയോഗിക്കുന്നു. ത്വക് രോഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ കുളിക്ക് എണ്ണ കാച്ചുന്നതിനും ഇത് വളരെ പ്രധാനമാണ്. വിത്തു മുളപ്പിച്ചാണ് നടുന്നത്. എന്നാല്‍ സ്വാഭാവികമായ വിത്തുമുളയ്ക്കല്‍ ചില പക്ഷികളുടെ ആമാശയത്തില്‍ കൂടി വിത്തു പുറത്തുവന്നാല്‍ മാത്രമാണെന്നത് ഇതിന്‍റെ കൃഷി വ്യാപകമാവുന്നതിന് തടസ്സമാണ്. കമ്പ് മുറിച്ച് നട്ട് വേരുപിടിപ്പിക്കുന്ന രീതിയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
മാതളം
മലയാളത്തിന്‍റെ ഭാവസാഹിത്യകാരി മാധവിക്കുട്ടിയുടെ നീര്‍മാതളം പൂവിടുന്നതും ഫലമാകുന്നതുമെല്ലാം മനുഷ്യരാശിയുടെ രോഗപ്രതിരോധ ശേഷിയുടെ ഉത്തമ സംരക്ഷകയായി. ദാഡിമം എന്ന് സംസ്കൃതത്തിലറിയപ്പെടുന്ന മാതളം 3 തരത്തിലുണ്ട്. നമ്മുടെ നാട്ടില്‍ കൂടുതലും കാണുന്നത് ചുവന്ന പൂവുള്ളത്, ദഹനപ്രക്രിയക്ക് സഹായി, രക്തവര്‍ദ്ധിനി, കൃമിനാശിനി, ഛര്‍ദ്ദി, പനി, ദാഹം ശമിപ്പിക്കല്‍ എന്നിങ്ങനെ പ്രയോജനങ്ങളേറെ. ഗര്‍ഭിണികളുടെ മോണിംഗ് സിക്നസ്സിന് മാതളപ്പഴം ഉത്തമം. തോടുപൊടിച്ച് ചെറുനാരങ്ങ നീരും തേനും ചേര്‍ത്ത് കഴിക്കുന്നത് രക്താതിസാരത്തിനും തൊണ്ടുപൊടിച്ച് മഞ്ഞള്‍പൊടിയും മോരും ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിനും ഗുണം ചെയ്യും. വിത്തും ഗ്രാഫ്റ്റും വഴി വംശവര്‍ദ്ധന 45 സെ.മീ. വലിപ്പമുള്ള കുഴികളില്‍ 4 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടണം. നന്നായി നനച്ച് പരിപാലിച്ചാല്‍ 2-ാം വര്‍ഷം മുതല്‍ ഫലം ലഭിക്കും.
കുമിഴ്
വനവൃക്ഷമാണ്. തടി വിമാനഭാഗങ്ങള്‍, വള്ളം, കരകൗശലവസ്തുക്കള്‍ ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. ദശമൂലത്തിലെ അംശമാണ് വാത, പിത്ത, കഫ ദോഷങ്ങളെ ശമിപ്പിക്കാന്‍ ഉത്തമം. വളരെ വേഗം വളരുന്നതാണിത്. കായ്കള്‍ പാകമാകുന്ന മെയ് – ജൂണ്‍ മാസങ്ങളില്‍ ശേഖരിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക. വിത്ത് 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം തവാരണകളില്‍ പാകാം. 2 മാസമാവുമ്പോള്‍ പോളിബാഗിലേക്കും ഒരുമാസം കൂടി കഴിഞ്ഞാല്‍ നടീല്‍ സ്ഥലത്തേക്കും മാറ്റാം. 50 സെ.മീ. വലിപ്പമുള്ള കുഴികള്‍ ആറര മീറ്റര്‍ അകലത്തിലെടുത്തതില്‍ ജൈവവളം നിറച്ച് മൂടി തൈകള്‍ നടുക. പരിപാലനമാവശ്യം. ആറാം വര്‍ഷം മുതല്‍ 25 വര്‍ഷം വരെ മരം മുറിക്കാം. വേര് ഔഷധാവശ്യത്തിനെടുക്കാം.
പുന്ന
തീരപ്രദേശങ്ങളില്‍ വ്യാപകമായിരുന്ന കണ്ടല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട വൃക്ഷം. വ്യാപകമായി വെട്ടിനശിപ്പിക്കപ്പെടുന്നു. വാതരോഗത്തിന് സിദ്ധൗഷധമാണ്. പുന്നക്ക ആട്ടിയെടുക്കുന്ന എണ്ണ പഴകിയ വ്രണങ്ങള്‍ ശമിപപ്പിക്കാന്‍ കറ ഉപയോഗിക്കുന്നു. മാങ്ങയുടെ ആകൃതിയുള്ളതിനാല്‍ ആളുകള്‍ അറിയാതെ ഭക്ഷിക്കാറുണ്ട്. വിഷാംശമുള്ളതിനാല്‍ മരണം വരെ സംഭവിക്കാം. നല്ലൊരു തണല്‍ വൃക്ഷമാണ്. തടി ജലായനങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നു. പഴുത്ത കായ്കള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി വിത്തുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ നേരിട്ട് പാകി മുളപ്പിക്കാം. 3-ാം മാസം തൈകള്‍ നടാം. 50 സെ.മീ. ചതുരത്തിലെ കുഴികള്‍ തമ്മില്‍ 5 മീറ്റര്‍ അകലത്തില്‍ നടാം. ജൈവവളവും നനയും ആദ്യവര്‍ഷം ആവശ്യം 4-5 വര്‍ഷം മുതല്‍ കായ ലഭിക്കും. നിരവധി വര്‍ഷം നിലനില്‍ക്കും. പ്രത്യേക പരിചരണം വേണ്ട.
ദന്തപ്പാല
സോറിയാസിസ് ചികിത്സയ്ക്കും പല്ലുവേദനയ്ക്കും ഉത്തമമാണിത്. ഇല വെളിച്ചെണ്ണയില്‍ മുക്കി വെയിലത്തു വച്ച് പിഴിഞ്ഞ് എടുക്കുന്ന എണ്ണ എത്ര പഴകിയ സോറിയാസിസിനും ശമനം നല്‍കും. വിത്തുകള്‍ പാകമായാല്‍ പൊട്ടിച്ച് വെയിലിലുണക്കിയത് തവാരണകളില്‍ മുളപ്പിച്ചെടുക്കാം. 1 മാസം പ്രായമായാല്‍ പളിബാഗിലും 2 മാസം കൂടികഴിഞ്ഞ് തോട്ടത്തിലും നടാം. നാലാംവര്‍ഷം ഇലകള്‍ ശേഖരിക്കാന്‍ തുടങ്ങാം 10-12 വര്‍ഷം വരെ തുടരാം.
Leave a Reply