Saturday, 13th April 2024

കെ.എസ്.ഉദയകുമാര്‍

എല്ലാവരും കൃഷി ചെയ്യണമെന്നും, അതും ജൈവകൃഷി തന്നെ ആകണമെന്നും വാദിക്കുന്നവരാണ് 80% മലയാളികളും. വിഷലിപ്തമായ അന്യംസ്ഥാന പച്ചക്കറികള്‍ കഴിക്കരുതെന്നും ഇവിടുന്ന് വരുന്ന മുട്ടയും, പാലും, ഇറച്ചിയും കര്‍ശന ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും വാദിക്കുന്ന ഇവര്‍ കൈയ്യടി വാങ്ങിയ ശേഷം കര്‍ട്ടന് പിന്നിലേക്ക് മറയുകയാണ് പതിവ്. സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും പതിക്കുന്ന മഴവെള്ളം അല്പംപോലും മണ്ണിലേക്ക് താഴാന്‍ അനുവദിക്കാതെ ഓടകളിലൂടെ – നദികളിലേക്കും അവിടുന്ന് അറബിക്കടലിലേക്കും നാം ഒഴുക്കി വിടുന്നു. ലഭിക്കുന്ന വെള്ളം പ്രകൃതി നല്‍കുന്നത് അല്പം പോലും സംരക്ഷിക്കാതെ മുഴുവന്‍ ആവശ്യമുണ്ട് എന്നു പറയുന്നത് തികച്ചും നീതിയ്ക്ക് നിരക്കുന്നതല്ല. വെള്ളത്തിന്‍റെ കാര്യത്തില്‍ പൊതുവെ ധാരാളികളാണ് മലയാളികളായ നാം. ഇനി മുല്ലപ്പെരിയാറിലെ വെള്ളംകൂടി കിട്ടിയാല്‍ തമിഴ്നാ ട്ടിലേക്ക് പച്ചക്കറി കയറ്റി അയക്കാമെന്നുപോലും പറയുന്നവരുണ്ട് നമ്മുടെ ഇടയില്‍.
കൃഷിയുടെ കാര്യത്തില്‍ എവിടെയാണ് നമുക്ക് തിരുത്തലുകള്‍ ആവശ്യമായി വരുന്നത്. ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തിലും – ശാസ്ത്രജ്ന്മാരുടെ ശതമാനത്തിലും കേരളം ഒട്ടും പിന്നിലല്ല. എന്നാല്‍ ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടവരുടെ ആത്മാര്‍ത്ഥ തയാണ് പ്രധാനം. കാര്‍ഷിക മേഖലയ്ക്കും, കൃഷിക്കാര്‍ക്കും ഗുണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇവയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. പുതിയ പേരുകളിലും പുതിയ ആശയങ്ങളിലും കാര്‍ഷിക അനുബന്ധ ഗവേഷണങ്ങള്‍ ധാരാളം നടക്കുമ്പോഴും നമ്മള്‍ മണ്ണിനേയും അവിടെ ജോലിചെയ്യുന്ന പാവം കര്‍ഷകനെ ആരും മനസ്സിലാക്കുന്നില്ല. ഇതിന്‍റെ പ്രതിഫലനമാണ് നാം ഇന്ന് കാണുന്നത്. ഡോക്ട ര്‍മാരുടെ കുടുംബത്തില്‍ പുതിയ ഡോക്ടര്‍മാരുണ്ടാ കുന്നു. എഞ്ചിനിയര്‍മാര്‍ അവരുടെ പുതുതലമുറയെ സൃഷ്ടിക്കുന്നു. എന്നാല്‍ കര്‍ഷകഭവനങ്ങളില്‍ പുതിയ കര്‍ഷകര്‍ ജനിക്കുന്നില്ല.
കൃഷിക്കാരുടെ മക്കള്‍ പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് ചുവടു മാറ്റുന്നു എന്ന സത്യം നാം മനസ്സിലാക്കണം. എവിടെയാണ് കൃഷിക്കാരന് പരാജയം സംഭവിക്കുന്നത് എന്ന് കൃത്യമായി വിലയിരു ത്തണം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് തൊഴില വസരങ്ങള്‍ ലഭ്യമാ ക്കിക്കൊണ്ടിരിക്കുന്നതും എന്നാല്‍ ആധുനികമായ അറിവുകളും കണ്ടെത്തലുകളും ഏറ്റവും കുറച്ചുമാത്രം ലഭ്യമാകുന്നതുമായ തൊഴി ല്‍മേഖലയാണ് കാര്‍ഷിക മേഖല.
കേരളത്തിലെ കൃഷിക്കാ രുടെ ശരാശരി പ്രായം ഇന്ന് 55 വയസ്സിന് മുകളിലാണ്. യുവാക്കള്‍ കൃഷിയിലേക്ക് കടന്നുവരുന്നില്ലാ എന്ന കാര്യം ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം. വ്യക്തമായി പറഞ്ഞാല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പോന്ന ഒന്നും കാര്‍ഷിക തൊഴില്‍മേഖലയില്‍ നിന്ന് ലഭ്യമാകുന്നില്ല എന്ന തോന്നല്‍ അവരുടെ ഇടയില്‍ വ്യാപകമാണ്. എല്ലാ യുവാക്കളും കൃഷിക്കാരാക ണമെന്ന് ഇതിന് അര്‍ത്ഥമില്ല. മറിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ഇവിടെ മാന്യമായി ജീവിക്കാന്‍ കഴിയണം.
കാര്‍ഷികമേഖല ആധുനികവും ആകര്‍ഷകവും ആകണമെങ്കില്‍ പുതിയ അറിവുകളും സാങ്കേതിക വിദ്യകളും കൃഷിയിടങ്ങളില്‍ എത്തണം. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാതെ കൃഷി ലാഭകരമാകുകയില്ല. കാര്‍ഷിക യന്ത്രവല്‍ക്കരണം, മണ്ണുസംരക്ഷണവും മണ്ണ് പരിശോധനയും, ജലസേചനം, കൃഷിയിടങ്ങളു ടെ വൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, പുത്തന്‍ കാര്‍ഷിക വിപണന തന്ത്രങ്ങള്‍, ഫാം ടൂറിസം എന്നിവ ഉപയോഗ പ്പെടുത്തിക്കൊണ്ടുള്ള ആധുനികവല്‍ക്കരണമാണ് ഇനി കൃഷിയിടങ്ങളില്‍ ആവശ്യം.
ദീര്‍ഘവീക്ഷണത്തോടെ അടുത്ത ഇരുപതു വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വികസന നയമാണ് കാര്‍ഷിക മേഖലയുടെ ശോഭനമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *