Saturday, 27th July 2024

അനിൽ ജേക്കബ് കീച്ചേരിയിൽ


കണികാ ജലസേചനത്തിന്‍റെ ഒരു ചെറുപതിപ്പാണ് ബക്കറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കണികാ ജലസേചന സംവിധാനം. ഇത് വളരെ ചെലവ് കുറഞ്ഞതും വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. പ്രധാനമായും ഇതിന് ആവശ്യമുള്ളത് ഒരു ബക്കറ്റ്/ഡ്രം, ഡ്രിപ്പ് ടേപ്പ് എന്നിവയാണ്. ബക്കറ്റ് ഇവിടെ സംഭരണിയായി പ്രവര്‍ത്തിക്കുന്നു. ജലത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള അരിപ്പയ്ക്ക് പകരം ഈ സംവിധാനത്തില്‍ ബക്കറ്റിന് മുകളില്‍ ഒരു കോട്ടണ്‍ തുണി കെട്ടിക്കൊടുത്താല്‍ മതി. ഇത്തരത്തിലുള്ള കണികാജലസേചന സംവിധാനം ഉപയോഗിക്കുന്നതുവഴി ഏകദേശം 60 ശതമാനത്തോളം ജലം ലാഭിക്കുവാന്‍ കഴിയും. ജലസേചനത്തിനുള്ള കൂലിച്ചെലവ് കുറയ്ക്കുവാനും കളകളെ ഫലപ്രദമായി നിയന്ത്രിക്കുവാനും ഈ സംവിധാനത്തിലൂടെ സാധ്യമാകുന്നു. വേനല്‍ക്കാലത്തും പൂച്ചെടികള്‍ നനയ്ക്കാന്‍ ഈ മാര്‍ഗ്ഗം അവലംബിക്കാം.
ജലസേചന സംവിധാനങ്ങള്‍ക്ക് വേണ്ട മൂന്ന് പ്രധാന ഭാഗങ്ങളാണ് 1) ജലസ്രോതസ്, 2) മര്‍ദ്ദനിയന്ത്രണ സംവിധാനം, 3) ജലനിര്‍ഗ്ഗമന പാതകള്‍
ബക്കറ്റ് കണികാ ജലസേചനമാര്‍ഗത്തില്‍ ബക്കറ്റ് ജലസ്രോതസ്സായി പ്രവര്‍ത്തിക്കുന്നു. ഗുരുത്വാകര്‍ഷണ ബലമാണ് ഇവിടെ മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്. ജലനിര്‍ഗ്ഗമന പാതകള്‍ ഡ്രിപ്പ് ടേപ്പുകളാണ്. ബക്കറ്റ് കണികാ ജലസേചനകിറ്റില്‍ 16 മില്ലി മീറ്റര്‍ വ്യാസമുള്ള 30 മീറ്റര്‍ ഡ്രിപ്പ് ടേപ്പും, ഡ്രം കണിക ജലസേചന കിറ്റാണെങ്കില്‍ 16 മില്ലി മീറ്റര്‍ വ്യാസമുള്ള 100 മീറ്റര്‍ ഡ്രിപ്പ് ടേപ്പുമാണ് നല്‍കുന്നത്. ബക്കറ്റോ, ഡ്രമ്മോ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 20 ലിറ്റര്‍ ബക്കറ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത് തറനിരപ്പില്‍ നിന്നും ഏകദേശം 1 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കേണ്ടതാണ്. ബക്കറ്റില്‍ നിന്നും വരുന്ന ഡ്രിപ്പ് ടേപ്പില്‍ ഒടിവുകള്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല. ടേപ്പുകള്‍ മണ്ണിനടിയില്‍ കൂടി കൊടുക്കുകയാണെങ്കില്‍ ബാഷ്പീകരണം ഒഴിവാക്കി കൂടുതല്‍ ജലത്തെ സംരക്ഷിക്കാം. ഡ്രിപ്പ് ടേപ്പുകള്‍ മണ്ണിനുമുകളില്‍ കൂടിയും കൊടുക്കാവുന്നതാണ്.
തൈചെടികള്‍ നടുന്നതിന് മുമ്പായി നടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലം നനയ്ക്കേണ്ടതാണ്. അതിനുശേഷം നനവ് നിലനില്‍ക്കുന്നതുനോക്കി തൈ ചെടികള്‍ നടുകയാണെങ്കില്‍ തൈകള്‍ക്ക് കൂടുതല്‍ ജലത്തെ വലിച്ചെടുക്കുവാന്‍ സാധിക്കും. ബക്കറ്റ് രാവിലെയും വൈകീട്ടും ഓരോ പ്രാവശ്യം നനയ്ക്കുമ്പോള്‍ ഏകദേശം 40 ലിറ്ററോളം ജലം അതിലൂടെ വിവിധ ചെടികള്‍ക്ക് ലഭിക്കുന്നു. ശരിയായ ജലത്തിന്‍റെ ഉപയോഗം ഓരോ സ്ഥലത്തിലേയും മണ്ണിനേയും ഊഷ്മാവിനേയും അനുസരിച്ചിരിക്കും.
രണ്ട് അടി അകലത്തില്‍ നില്‍ക്കുന്ന തക്കാളി കൃഷിക്കുവേണ്ടി ഇത് കൃഷിക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 50 ചെടിയില്‍ നിന്നും 300 കിലോ വരെ ഉത്പാദനം ലഭിക്കുന്നു. സ്ത്രീകള്‍ക്ക് തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ കിറ്റ് ഉപയോഗിച്ച് വീട്ടമ്മമാര്‍ക്ക് സ്വയം അടുക്കളത്തോട്ടങ്ങള്‍ നനയ്ക്കാവുന്നതാണ്. ഇത് സ്വന്തമായി അവരെ കൂടുതല്‍ കൃഷിചെയ്യാന്‍ പ്രാപ്തരാക്കുന്നു. ഇതുവഴി അവര്‍ക്ക് ഒരു അധികവരുമാനമാര്‍ഗ്ഗം ലഭിക്കുന്നു. ഇത് ചെറുകിട കര്‍ഷകര്‍ക്കും വളരെ അനുയോജ്യമായ ഒരു സാങ്കേതിക വിദ്യയാണ്. നിരപ്പായ സ്ഥലത്താണ് ഇത് ചെയ്യുന്നതെങ്കില്‍ ചെടികള്‍ക്കെല്ലാം ജലം തുല്യ അളവില്‍ ലഭിക്കുന്നു.
ജെയിന്‍ ഇറിഗേഷന്‍ കമ്പനി ഈ സംവിധാനം വികസിപ്പിച്ചെടുത്ത് കൃഷിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും എത്തിച്ചുകൊടുക്കുന്നു. ഇത് ചെറുകിട കര്‍ഷകര്‍ക്കും അടുക്കളതോട്ടമുള്ള വീട്ടമ്മമാര്‍ക്കും മട്ടുപ്പാവ് കൃഷി നടത്തുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *