
നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.
അടുക്കളത്തോട്ടം
നമ്മുടെ ആവശ്യങ്ങള്‍ക്കു ള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനുപിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.
അടുക്കളത്തോട്ടതിനുള്ള ഇടം തെരഞ്ഞെടുക്കല്‍
അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമസമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം. വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്കര്‍ഷത ഇല്ലെങ്കിലും കഴിയുന്നതും ചതുരത്തേക്കാള്‍ ദീര്‍ഘചതുരാകൃതിയിലാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന് 5 സെന്‍റ് സ്ഥലം മതി.
ഭൂമി തയ്യാറാക്കല്‍
30-40 സെ.മീ. താഴ്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കു. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.
വിതയ്ക്കല്‍, നടീല്‍
നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരു വശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം. മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-456 സെ.മീ. അകലത്തിലും, സവാളയ്ക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളയിലെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം. ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്. ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്ത് നടണം. ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല. തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം. ഇന്ത്യന്‍ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തിന് സഹായകമാകുന്ന വിളകളുടെ മാതൃക, പട്ടിക (ഹില്‍സ്റ്റേഷന്‍ ഒഴികെ) പട്ടികയില്‍ കൊടുക്കുന്നു.
മുരിങ്ങ, വാഴ, പപ്പായ, മരച്ചീനി, കറിവേപ്പില, പട്ടികയില്‍ പറഞ്ഞിരിക്കുന്ന വിളകളുടെ ക്രമം അനുസരിച്ച് ഓരോ തടത്തിലും ഏതെങ്കിലും വിളകള്‍ തുടരെ ഫലം തരുമെന്നാണ്. സാധ്യമെങ്കില്‍ ഒരിടത്ത് രണ്ട് വിളകള്‍ നടാം (ഒന്ന് ദീര്‍ഘകാലവിള മറ്റൊന്ന് ഹ്രസ്വകാലവിള)
അടുക്കളത്തോട്ടത്തിന്‍റെ സാമ്പത്തികലാഭം
തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങള്‍ക്കായി പച്ചക്കറികള്‍ തയ്യാറാക്കുന്നു. വില്‍ക്കുകയോ, പകരം നല്‍കുകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒപ്പം രാസവളമില്ലാത്ത പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. ഇവ പരസ്പര പൂരകങ്ങളാണ്. അടുക്കളത്തോട്ടത്തില്‍ നിന്നുള്ള സാമ്പത്തികലാഭം, തോട്ടനിര്‍മ്മാണത്തിനുള്ള ഭക്ഷണം, വരുമാനം ലഭിക്കുന്നു, വീട്ടിലെ കന്നുകാലികള്‍ക്കുള്ള തീറ്റ, മറ്റ് വീട്ടാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും ലഭിക്കുന്നു. (വിറക്, കരകൗശലവസ്തുക്കള്‍, ഫര്‍ണിച്ചര്‍, ബാസ്ക്കറ്റുകള്‍) തോട്ടവിഭവങ്ങള്‍, മൃഗങ്ങള്‍ ഇവയാണ് സ്ത്രീകള്‍ക്കുള്ള സ്വതന്ത്രവരുമാന മാര്‍ഗ്ഗങ്ങള്‍.
അടുക്കളത്തോട്ടം-പ്ലാനിംഗ്
അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റേയും സ്ഥലത്തിന്‍റേയും കിടപ്പ്, സ്ഥലലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തുസെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരാള്‍ക്ക് അരസെന്‍റ് എന്ന തോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള തോട്ടത്തില്‍ നിന്ന് വര്‍ഷം മുഴുവനും ഉപയോഗിക്കത്തക്ക പച്ചക്കറികള്‍ ലഭ്യമാകും. എന്നാല്‍ സ്ഥലം തീരെ കുറഞ്ഞവര്‍ക്ക് ഒരു സെന്‍റില്‍ പോലും മികച്ച അടുക്കളത്തോട്ടമൊരുക്കാം. ശാസ്ത്രീയമായ രീതിയില്‍ ഒരുക്കിയാല്‍ ഒരു സെന്‍റില്‍ നിന്നുപോലും നല്ല വിളവ് ലഭിക്കും.
വീടിന് ചുറ്റും പറമ്പ് ഇല്ലാതായതോടെ ടെറസിലെ അടുക്കളത്തോട്ടങ്ങള്‍ക്ക് പ്രചാരമേറി. സ്ഥലമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. എന്നാല്‍, ടെറസ്സില്‍ പച്ചക്കറികൃഷി ചെയ്യുമ്പോള്‍ കൃത്യമായ ചില രീതികള്‍ പാലിച്ചില്ലെങ്കില്‍ അത് ടെറസിന് ദോഷം ചെയ്തേക്കാം. അതിനാല്‍ ശാസ്ത്രീയമായ പച്ചക്കറികൃഷി ഇക്കാര്യത്തില്‍ അനിവാര്യമാണ്.
സ്ഥലം തിരഞ്ഞെടുക്കല്‍
വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യം. ഓരോ ചെടിക്കും മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിന് ഇത് സഹായിക്കും. അതിനാല്‍, വീടിനോട് ചേര്‍ന്നുള്ള സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശം കുറവാണെങ്കില്‍ ചെടികളുടെ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടേയും കുളിമുറിയുടേയും അടുത്തായാല്‍ ഇവിടങ്ങളില്‍ നിന്ന് പുറത്തേക്കുവരുന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കാനായി എടുക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍ സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍ എന്നിവ കലര്‍ന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കരുത്.
തോട്ടത്തിന് സുരക്ഷാവേലികള്‍
അടുക്കളത്തോട്ടം ആകര്‍ഷകവും അതേസമയം സുരക്ഷിതവുമാക്കാന്‍ തോട്ടത്തിന് അതിര്‍ത്തി തിരിച്ച് വേലികെട്ടാവുന്നതാണ്. മാത്രമല്ല ഈ വേലി പച്ചക്കറികള്‍ പടര്‍ത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജൈവവേലിയും നിര്‍മ്മിക്കാം. അതിനായി മധുരച്ചീര അഥവാ, ചെക്കുര്‍മാനിസ് ഉപയോഗപ്പെടുത്താം. നന്നായി വളരുന്നതും കമ്പുകള്‍ ഉള്ളതുമായ മധുരച്ചീര തോട്ടത്തെ വീട്ടിലെ മറ്റു പക്ഷിമൃഗാദികളില്‍ നിന്ന് സംരക്ഷിക്കുന്നു. ആതോടൊപ്പം വേലിയില്‍ ഇടയ്ക്കിടെ അഗത്തിച്ചീര നട്ടുകൊടുത്താല്‍ വളര്‍ന്നുവരുമ്പോള്‍ മരമാകുന്ന ചെടിയായതിനാല്‍ വേലിക്ക് ഉറപ്പും ഒപ്പം നമുക്ക് അടുക്കളയിലേക്ക് പോഷകസമ്പുഷ്ടമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മുന്‍ഭാഗത്തെ വേലിയില്‍ ബാസല്ല ചീരവള്ളികള്‍ പടര്‍ത്തിയാല്‍ കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം തോട്ടത്തിന് സംരക്ഷണവുമാകും.
തോട്ടത്തില്‍ പച്ചക്കറികളുടെ സ്ഥാനം
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ നടുന്ന സ്ഥാനം ഏറെ പ്രാധാന്യമുള്ളതാണ്. ദീര്‍ഘകാലവിളകളെല്ലാം തോട്ടത്തിന്‍റെ ഒരുവശത്തുനടുന്നതാണ് നല്ലത്. അടുക്കളത്തോട്ടത്തിന്‍റെ വടക്കുവശമാണ് ഇതിനു അനുയോജ്യം. മുരിങ്ങ, കറിവേപ്പ്, കുടംപുളി, പപ്പായ, വാഴ, നാരകം എന്നിവ അടുക്കളത്തോട്ടത്തിലെ ദീര്‍ഘകാലവിളകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയെല്ലാം ഒരുവശത്തായാണഅ ക്രമീകരിക്കുന്നതെങ്കില്‍ തോട്ടത്തിലെ മറ്റു വിളകളുടെ മീതെ തണല്‍ വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കും. ശക്തിയായ കാറ്റ്, മഴ, കടുത്ത സൂര്യപ്രകാശം എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും. മാത്രമല്ല, തണല്‍ ആവശ്യമുള്ള ഇനങ്ങളായ സാമ്പാര്‍ചീര, കാന്താരിമുളക്, ചേന, ചേമ്പ് െന്നിവയെ ഇത്തരം ദീര്‍ഘകാല വിളകള്‍ക്കിടയില്‍ കൃഷിചെയ്യുകയും ചെയ്യാം. അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളിലായി അമര, നിത്യവഴുതന, ഇറച്ചിപ്പയര്‍, കോവല്‍ എന്നിവ പടര്‍ത്തിയാല്‍സ്ഥലം ലാഭിക്കുന്നതിന് സഹായിക്കും.
അടുക്കളത്തോട്ടത്തിനിടയിലൂടെ നടക്കുന്നതിനുള്ള ചെറുവഴികള്‍ ക്രമീകരിക്കണം. അല്ലാത്തപക്ഷം, വളം നല്‍കുന്നതിനും കീടരോഗബാധകള്‍ നിയന്ത്രിക്കുന്നതിനും നനയ്ക്കുന്നതിനും അസൗകര്യമുണ്ടാകും. വഴികള്‍ക്കിരുവശവും പച്ച, ചുവപ്പു നിറത്തിലുള്ള ചീര നടുന്നത് തോട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.
അടുക്കളത്തോട്ടത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തായി കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റായാലും മതി. അതുവഴി വീട്ടിലെ അടുക്കളമാലിന്യങ്ങള്‍ നല്ല ജൈവവളമാക്കി മാറ്റി ചെടികള്‍ക്ക് നല്‍കാം. ഒപ്പം മാലിന്യപ്രശ്നം ഒഴിവാക്കുന്നതിനും സാധിക്കും.
ദീര്‍ഘകാലവിളകള്‍, നടക്കുന്നതിനുള്ള വഴി, കമ്പോസ്റ്റുകുഴി എന്നിവ കഴിഞ്ഞുള്ള സ്ഥലം തുല്യഭാഗങ്ങളുള്ള പ്ലോട്ടുകളായി തിരിച്ച് അവയില്‍ വിവധതരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാം. വീട്ടില്‍ എപ്പോഴും ഉപയോഗിക്കുന്ന പച്ചക്കറികളാണ് അടുക്കളത്തോട്ടത്തിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഒപ്പം പോഷകമൂല്യമുള്ള പച്ചക്കറികള്‍ നോക്കി കൃഷിചെയ്യാനും ശ്രദ്ധിക്കണം. അടുക്കളയില്‍ കറിയാവശ്യത്തിന് എപ്പോഴും ഉപയോഗിക്കുന്നവയില്‍ മുക്കാല്‍ഭാഗം പച്ചക്കറികളും ഇത്തരത്തില്‍ ചെലവുകൂടാതെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയാണ്. കൂടുതല്‍ സ്ഥലത്ത് അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് സാധിക്കുമെങ്കില്‍ ഒരു പശുവിനെ വളര്‍ത്തുന്നത് നല്ലതാണ്. ജൈവവളത്തിനായി പിന്നെ വേറെങ്ങും അലയേണ്ടതായി വരില്ല. പശുവിന്‍റെ ചാണകവും മൂത്രവും തന്നെ അടുക്കളത്തോട്ടത്തിലേക്ക് ഒന്നാന്തരം ജൈവവളമായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തുവേണം അടുക്കളത്തോട്ടമൊരുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കണം.
ചൂടുവെള്ളം, പാത്രം കഴുകുന്നതിനുള്ള സോപ്പുലായനികള്‍, ഡിറ്റര്‍ജന്‍റ് തുടങ്ങിയവ കലര്‍ന്ന വെള്ളം എന്നിവ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്കരുത്.
അടുക്കളത്തോട്ടതിന്‍റെ വേലിയില്‍ പടര്‍ത്തുന്നതിന് മധുരച്ചീര അനുയോജ്യമാണ്.
അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളില്‍ വളര്‍ത്തുന്നതിന് പടര്‍ന്നുകയറുന്ന പച്ചക്കറികളായ കോവല്‍, നിത്യവഴുതന, വാളരിപ്പയര്‍, അമര, ചതുരപ്പയര്‍, പീച്ചില്‍, കുരുത്തോലപ്പയര്‍ എന്നിവ തിരഞ്ഞെടുത്താല്‍ സ്ഥലം ഏറെ ലാഭിക്കാം.
വേലിക്ക് ഇടയ്ക്കായി രണ്ടുമീറ്റര്‍ ഇടവിട്ട് അഗത്തിച്ചീര നടാം.
ദീര്‍ഘകാല വിളകള്‍ കഴിവതും ഒരുഭാഗത്തായി (വടക്കുഭാഗം) നടണം.
തണല്‍ ആവശ്യമായ കാന്താരി, സാമ്പാര്‍ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ ദീര്‍ഘകാലവിളകള്‍ക്കിടയില്‍ വളര്‍ത്താം.
മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റുകുഴിയോ അടുക്കളത്തോട്ടത്തില്‍ നിര്‍മ്മിക്കുന്നതിന് ശ്രദ്ധിക്കണം.
ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്തായി കൃഷി ചെയ്യരുത് (ഉദാ: തക്കാളി, വഴുതന, മുളക്) അങ്ങനെ ചെയ്താല്‍ രോഗകീടബാധകള്‍ എളുപ്പത്തില്‍ ഇവയെ ബാധിക്കുകയും പടര്‍ന്നിപിടിക്കുകയും ചെയ്യും.
വീട്ടിലെ അടുക്കളത്തോട്ടത്തിലേക്ക് നടുന്നതിനായി പച്ചക്കറിയിനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വെണ്ട കൃഷി ചെയ്യുമ്പോള്‍ സല്‍ക്കീ ര്‍ത്തി, സുസ്ഥിര മുതലായവ ഇനങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കാം.
ടെറസില്‍ പച്ചക്കറി : മുന്നൊരുക്കം
ചെടിക്കു വളരാന്‍ മണ്ണുതന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപിറ്റ് (സംസ്ക്കരിച്ച ചകിരിച്ചോറ്), നിയോ പിറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടുവളര്‍ത്തുക എന്നത് നാലോ അഞ്ചോ സന്‍ര് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.
ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതുയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വെച്ചാല്‍ ടെറസിനു താങ്ങേണ്ടിവരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ഭീമുകളോ വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ട് സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍ മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കിലും വീടുപണയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണ. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍ മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.
മട്ടുപ്പാവ് കൃഷി
പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്ളാറ്റിലാണ് ജീവിക്കുന്നു. ഒരു പ്രശ്നവുമില്ല. 300 മുതല്‍ 400 സ്ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ലരീതിയില്‍ പച്ചക്കറി കൃഷി ചെയ്യാം. ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ, പഴയ ടയറിലോ ഒക്കെ മട്ടുപ്പാവില്‍ പച്ചക്കറി നടാം. പച്ചക്കറികള്‍ കൃഷിചെയ്യുന്നതിലൂടെ നമ്മുടെ വീട്ടിലുണ്ടാവുന്ന അടുക്കള മാലിന്യങ്ങള്‍ നമുക്ക് ഉപകാരപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനും സാധിക്കുന്നു. നഗരപ്രദേശങ്ങളില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സഹായം നല്‍കിവരുന്നു. കൃഷിവകുപ്പിന്‍റെ നഗരത്തില്‍ ഒരു നാട്ടിന്‍പുറം, വെജിറ്റബിള്‍ ആന്‍റ് ഫ്രാട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ഹരിതനഗരി തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ വഴി വീട്ടിലോ ടെറസ്സിലോ കൃഷി ചെയ്യുന്നതിന് സാമ്പത്തികസഹായവും സാങ്കേതിക ഉപദേശവും ലഭിക്കുന്നു. വിത്ത്, തൈ, ചെടിച്ചട്ടികള്‍, വളങ്ങള്‍, മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ് എന്നിവയും ഈ പദ്ധതികളില്‍ ലഭ്യമാക്കുന്നുണ്ട്. വി.എഫ്.പി.സി.കെ.യുടെ ഹരിതനഗരി പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കിവരുന്നുണ്ട്.
ടെറസ്സില്‍ പച്ചക്കറികൃഷി നടത്തുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് ചാക്കുകള്‍, പഴയ ടയര്‍ എന്നിവയെല്ലാം പച്ചക്കറികള്‍ വളര്‍ത്തുന്നതിനായി ഉപയോഗപ്പെടുത്താം. ഏതിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് ഇവയില്‍ നിറയ്ക്കണം. ചട്ടിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരടി വലിപ്പമുള്ളവയെങ്കിലും എടുക്കണം. പ്ലാസ്റ്റിക് ചാക്കുകളാണെങ്കില്‍ മണ്ണു നിറയ്ക്കുമ്പോള്‍ അതിന്‍റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവച്ചാല്‍ ചാക്ക് മറിഞ്ഞുവീഴാതിരിക്കാന്‍ നല്ലതാണ്. സാധാരണ പ്ലാസ്റ്റിക് ചാക്കുകള്‍ക്കു പുറമേ ചെടികള്‍ നടാന്‍ മാത്രമായി ഉണ്ടാക്കിയ ചാക്കുകള്‍ അഥവാ ഗ്രോബാഗുകള്‍ ഇന്നു ലഭ്യമാണ്. അവയ്ക്ക് കൂടുതല്‍ ബലം ഉണ്ടെന്നതിനുപുറമേ വശങ്ങളില്‍ ജൈവവളക്കൂട്ടുകള്‍ നിക്ഷേപിക്കാനുള്ള പോക്കറ്റുകളുമുണ്ട്.
ടെറസ്സില്‍ കൈവരിയോടുചേര്‍ത്ത് അടിയില്‍ ചുവരു വരുന്ന ഭാഗത്തിന് മുകളിലായും വരിയായി ചട്ടികളോ ചാക്കുകളോ വയ്ക്കാവുന്നതാണ്. ഇവ നേരെ തറയില്‍ വയ്ക്കുന്നതിനുപകരം രണ്ട് ഇഷ്ടികകള്‍ വെച്ച് അതിനുമുകളില്‍ വച്ചാല്‍ മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുന്നതിനും ചെളി കെട്ടാതിരിക്കുന്നതിനും സഹായിക്കും. തുടര്‍ച്ചയായി നാലോ അഞ്ചോതവണ ചാക്കുകളില്‍ പച്ചക്കറി നടാം. എന്നാല്‍ ചട്ടികള്‍ കൂടുതല്‍ തവണ ഉപയോഗിക്കാം. ഓരോ തവണ കൃഷി ചെയ്തശേഷവും നന്നായി മണ്ണിളക്കിക്കൊടുത്ത് ജൈവവളം ചേര്‍ത്ത് വീണ്ടും കൃഷിയിറക്കാം. ഒരേ കുടുംബത്തില്‍പെട്ട വിളകളോ ഒരേയിനം വിളകളോ തുടര്‍ച്ചയായി ഒരു ചട്ടി/ചാക്കില്‍ കൃഷിചെയ്യുന്നത് ഒഴിവാക്കണം.
ടെറസ്സില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് മിതമായ നന മാത്രമേ പാടുള്ളൂ. അമിതമായി നനച്ചാല്‍ വളം ഒലിച്ചുപോകുന്നതിനിടയാക്കും. കുറച്ചു ദിവസങ്ങള്‍ തുടര്‍ച്ചയായി വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ ചെടിച്ചട്ടികളില്‍ ചെറിയ പ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ച് മൊട്ടുസൂചികൊണ്ട് ചെറിയ ദ്വാരമിട്ട് ചെടിയുടെ ചുവട്ടില്‍ വച്ചുകൊടുത്താല്‍ നിയന്ത്രിതമായ തുള്ളിനനയുമായി. ഇത് ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് നല്ലതാണ്. അമിതമായ നനയെപ്പോലെ രാസവളപ്രയോഗവും ടെറസ്സിലെ പച്ചക്കറികൃഷിക്ക് ഒട്ടും നല്ലതല്ല. അവ ടെറസ്സിനു കേടുവരുത്തുന്നതോടൊപ്പം ചെടിയുടെ നൈസര്‍ഗ്ഗികമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും.
ടെറസ്സില്‍ പച്ചക്കറിച്ചെടികളെ ക്രമീകരിക്കുമ്പോള്‍ നന്നായി സൂര്യപ്രകാശം ലഭിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. അല്ലെങ്കില്‍ വളര്‍ച്ച കുറയുകയും ചെടികള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് വളഞ്ഞുവരുകയും ചെയ്യും.
തടമൊരുക്കല്‍
മണ്ണൊരുക്കിയശേഷമാണ് പച്ചക്കറിവിളകള്‍ നടേണ്ടത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉയരത്തില്‍ വാരം കോരി അതില്‍വേണം നടാന്‍. അല്ലാത്തയിടത്ത് മണ്ണിന്‍റെ നിരപ്പില്‍തന്നെ തടമെടുത്ത് അതില്‍ നട്ടാല്‍ മതി.
തടങ്ങള്‍ രണ്ടുതരത്തിലുണ്ട്. പിഴുതെടുത്തു നടേണ്ട പച്ചക്കറികള്‍ ആദ്യം പാകി കിളിര്‍പ്പിക്കുന്ന തവാരണത്തടമാണ് ഇതില്‍ ആദ്യത്തേത്. എന്നാല്‍, അടുക്കളത്തോട്ടത്തിലേക്കു വേണ്ട പരിമിതമായ തൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇങ്ങനെ വലിയ തടമെടുക്കേണ്ട കാര്യമില്ല. വാവട്ടമുള്ള പഴയ ബേസിനോ അല്ലെങ്കില്‍ ടയറോ മറ്റോ എടുത്ത് അതിനുള്ളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച് വിരലുകൊണ്ട് ചാലുകീറിയാലും തവാരണത്തടത്തിനു പകരമാകും. ഇതിലും വിത്തു നാമ്പിട്ടുകൊള്ളും. ഒരുമാസം തൈയ്ക്ക് സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സ്ഥലം മാത്രമാണ് ഇത്തരത്തിലുള്ള തടങ്ങള്‍. തൈകള്‍ പിഴുതു മാറ്റിക്കഴിഞ്ഞാല്‍ ഇതിനുള്ളിലെ മണ്ണ് ചാക്കുകളില്‍ നിറയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം.
നടീല്‍തടം ഏതിനം പച്ചക്കറിക്കും കൂടിയേ തീരൂ. നേരിട്ട് മണ്‍നിരപ്പില്‍ നടുന്ന വിത്തുകള്‍ ഇതേ തടത്തില്‍തന്നെയാണ് നാമ്പിടേണ്ടതും വളരേണ്ടതും. തവാരണത്തടത്തില്‍ പാകിയശേഷം പിഴുതെടുക്കുന്ന തൈകള്‍ക്കും ഇതേ രീതിയില്‍തന്നെ പിന്നീടുള്ള വളര്‍ച്ചയ്ക്കായി തടം തയ്യാറാക്കേണ്ടതുണ്ട്. ഓരോ തടത്തിലും രണ്ടടി വ്യാസമുണ്ടായിരിക്കുന്നതാണ് നല്ലത്. ഒന്നരയടി ആഴത്തില്‍ കിളച്ച് മണ്ണിളക്കി കൈകൊണ്ട് അതിലെ കല്ലും കട്ടയും മറ്റും പെറുക്കിമാറ്റി തടം തയ്യാറാക്കാം. അതിലേക്ക് ഒരുപിടി കോഴിവളം ചേര്‍ത്ത് മണ്ണുമായി നന്നായി യോജിപ്പിക്കുക. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ചേര്‍ത്താലും മതി. നിത്യേന രണ്ടുനേരം വീതം നനയ്ക്കാനും ശ്രദ്ധിക്കണം.
ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകള്‍ നടുമ്പോള്‍ തടം തയ്യാറാക്കേണ്ട രീതി വ്യത്യസ്തമാണ്. തടത്തിനു പച്ചക്കറികള്‍ നടുന്നതിലും അധികം വ്യാസം ആവശ്യമാണ്. നടീലിനുശേഷം ഉണങ്ങിയ ഇലകളും മറ്റുംകൊണ്ട് നന്നായി പുതയിട്തിനുശേഷം മേല്‍മണ്ണുകൊണ്ട് മൂടുകയും വേണം. കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവ നടേണ്ടത് ഇരുപതു സെ.മീ. എങ്കിലും ഉയരമുള്ള തടങ്ങള്‍ നീളത്തിലെടുത്ത് അതിനു മുകളിലാണ്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ തണലിലും നന്നായി വളരുന്നവയാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ തണല്‍ വീഴുന്ന സ്ഥലങ്ങള്‍ ഇവയ്ക്കായി നീക്കിവയ്ക്കുന്നതാണ് നല്ലത്.
വിളവു കൂടുതല്‍ കിട്ടണമെങ്കില്‍ പരമാവധി സൂര്യപ്രകാശം കൂടിയേ തീരൂ. ചെടികള്‍ തീരെ ചെറുപ്പമായിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന് നിയന്ത്രണം വേണം. അതിനാല്‍ തണല്‍ നാട്ടിക്കൊടുക്കണം. ചെടികളുടെ ചുവട്ടില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. അതിനായി പുതയിട്ടു കൊടുക്കണം. അതേസമയം, ഇലയിലും തണ്ടിലുമൊക്കെ പരമാവധി സൂര്യപ്രകാശം പതിക്കുന്നതാണ് നല്ലത്.
Leave a Reply