Friday, 19th April 2024
 സുവർണജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാർഷിക സർവകലാശാലക്കു അഭിമാനമായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ  ഏർപ്പെടുത്തിയിട്ടുള്ള എമിരറ്റസ് പ്രൊഫസർ പദവിക്ക്  സർവകലാശാലയിൽ നിന്നും വിരമിച്ച   ഡോ. പി. ഇന്ദിരാ ദേവി ( കാർഷിക സാമ്പത്തിക ശാസ്ത്രം ), ഡോ . ഡി .ഗിരിജ (അഗ്രി. മൈക്രോബയോളജി)  എന്നിവർ  അർഹരായി. സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, ഭാരതീയ ഗവേഷണ കൗൺസിലിന് കീഴിലുള്ള ശാസ്ത്രജ്ഞർ എന്നിവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഈ പദവി ലഭിക്കുക . വിദഗ്ധരായ അധ്യാപകരുടെ സേവനം വിരമിച്ചശേഷവും,  അക്കാഡമിക-ഗവേഷണ രംഗങ്ങളിൽ  ലഭ്യമാക്കുക  എന്നതാണ് ഈ പദവിയിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്.
ഡോ. പി. ഇന്ദിരാ ദേവി, സർവകലാശാലയിലെ ഗവേഷണ വിഭാഗം മേധാവിയായും സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന അക്കാഡമിയുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട് . പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത് ഡോ.ഇന്ദിരാ ദേവിയുടെ പരിശ്രമ ഫലമായിട്ടാണ് .  സംസ്ഥാന സർക്കാരിന്റെ കർഷക ക്ഷേമ ബോർഡ് ഡയറക്ടർ ( കാർഷിക വിദഗ്ധ ) എന്ന നിലയിൽ പ്രവർത്തിക്കുകയാണിപ്പോൾ . ഫോർഡ് ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, ശാസ്ത്രീ ഇൻഡോ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് -വിമൺ ആൻഡ് ഡെവലൊപ്മെൻറ് അവാർഡ്, ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രികൾച്ചറൽ   എക്കണോമിക്സ്  ഏർപ്പെടുത്തിയ  പ്രൊഫസർ രമേശ് ചന്ദ്ര അഗർവാൾ അവാർഡ് എന്നിവക്കർഹരായിട്ടുണ്ട്ഡോ  .ഇന്ദിരാ ദേവി.  സുസ്ഥിര കാർഷിക വികസനം ,  പ്രകൃതി വിഭവ പരിപാലനം എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും അറുപതിലേറെ ഗവേഷണ പ്രബന്ധങ്ങൾ ബുക്കുകൾ എന്നിവ   പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതുസമൂഹവുമായി സംവദിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്യാറുണ്ട് ഡോ. ഇന്ദിരാ ദേവി.
കാർഷിക സർവകലാശാല രജിസ്ട്രാറും മൈക്രോബയോളജി വിഭാഗത്തിന്റെ മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഡോ .ഡി .ഗിരിജ. തൃശൂർ  കോർപ്പറേഷൻ മാലിന്യ സംസ്കരണ പദ്ധതിയായ LAMPS   ന്റെ കോഓർഡിനേറ്റർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്രജ്ഞ അവാർഡ്, കേന്ദ്ര സർക്കാർ ബയോടെക്നോളജി ഡിപ്പാർട്ടമെന്റ്  ഏർപ്പെടുത്തിയ ബയോ ടെക്നോളജി പ്രോസസ്സ് ആൻഡ് പ്രോഡക്റ് ഡെവലൊപ്മെൻറ് ടീം അവാർഡ് എന്നിവക്കർഹയായിട്ടുണ്ട് ഡോ.ഗിരിജ. സൂക്ഷ്മജീവികളെ  പ്രയോജനപ്പെടുത്തി മാലിന്യസംസ്കരണം എന്ന രംഗത്തു ശ്രദ്ധേയമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും സമൂഹത്തിനുതകുന്ന വിധത്തിൽ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗാർഹിക മാലിന്യ സംസ്കരണത്തിനായുള്ള കെ എ യു സ്മാർട്ട് ബയോബിൻ, മനുഷ്യമുടി  സംസ്കരിച്ചു വളമാക്കാനുള്ള സാങ്കേതിക വിദ്യ എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
കാർഷിക വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട്   സർവകലാശാലക്കു  ഇവരുടെ സേവനങ്ങൾ തുടർന്നും പ്രയോജനപ്പെടുത്തുന്നതിനുള്ള സാഹചര്യം സംജാതമായിരിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *