Wednesday, 28th February 2024

ഡോ. ബിന്ദ്യ ലിസ് ഏബ്രഹാം

പുരാതന കൃഷിതന്ത്ര ശാസ്ത്രസംഹിതയായ വൃക്ഷായുര്‍വേദത്തില്‍ പറയുന്നത് ജൈവരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം സാക്ഷാല്‍ അമൃതിനു തുല്യമാണെന്നാണ്.
ക്ഷേത്രങ്ങളില്‍ പുണ്യം തളിക്കുന്ന പഞ്ചഗവ്യം മണ്ണിനും അത്യുത്തമമാണെന്ന തിരിച്ചറിവ് കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വേകുന്നു. മനുഷ്യന്‍റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ആയുര്‍വേദം വഴികാട്ടുന്നതുപോലെ പുരാതന കൃഷിതന്ത്രശാസ്ത്ര സംഹിതയായ വൃക്ഷായുര്‍വേദവും പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതികളെക്കുറിച്ച് വ്യക്തമാക്കുന്നു.ഇതില്‍ ജൈവരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം സാക്ഷാല്‍ അമൃതിനു തുല്യമാണെന്നു പറയുന്നു.
രാസകീടനാശിനികളെ ദൂരെ നിര്‍ത്തി ജൈവവളങ്ങളും ഔഷധക്കൂട്ടുകളും രംഗത്തെത്തിയെങ്കിലും മണ്ണിനെ സമ്പുഷ്ടമാക്കി ചെടികള്‍ക്കും വിളകള്‍ക്കും ജൈവഹോര്‍മോണായും കീട-രോഗ പ്രതിരോധശക്തിയെ വളര്‍ത്തുന്ന ഘടകമായും ഏറ്റവും ഫലപ്രദമായി കണ്ടെത്തിയിരിക്കുന്നത് പഞ്ചഗവ്യത്തെയാണ്.
പുണ്യദ്രാവകം
പഞ്ചഗവ്യത്തിന് ഹൈന്ദവാചാരങ്ങളില്‍ ഏറെ പ്രധാന്യമുണ്ട്. മരണാനന്തര ചടങ്ങുകളിലും ഗൃഹപ്രവേശംപോലെയുള്ള ശുഭവേളകളിലും പഞ്ചഗവ്യത്തിന് പവിത്രമായ സ്ഥാനമുണ്ട്. ശിവരാത്രിയിലെ പുണ്യമാണ് പഞ്ചഗവ്യം. ഇതേ പവിത്രതതയോടെ തന്നെയാണ് കൃഷിയിടങ്ങളിലും പഞ്ചഗവ്യം നിര്‍മ്മിക്കേണ്ടതും ഉപയോഗിക്കേണ്ടതും. മേല്‍പ്പറഞ്ഞ അഞ്ചു ഘടകങ്ങള്‍ക്കു പുറമെ ഇളനീര്‍, പൂവന്‍പഴം, ശര്‍ക്കര എന്നിവയുംകൂടി ചേര്‍ക്കാറുണ്ട്.
പഞ്ചഗവ്യം മഹാത്മ്യം
നാടന്‍ പശുക്കളില്‍ നിന്നുള്ള പഞ്ചഗവ്യം ഉപയോഗിക്കുമ്പോള്‍ ചെടികളുടെയും ഇലകളുടെയും വളര്‍ച്ച കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെടികളുടെ ജലസമാഹരണശേഷി വര്‍ദ്ധിക്കുകയും വെള്ളത്തിന്‍റെ ആവശ്യം 30% കുറയുകയും ചെയ്യും.
ഫലവൃക്ഷങ്ങളില്‍ പഞ്ചഗവ്യത്തിന്‍റെ ഉപയോഗം മൂലം ഫലങ്ങളുടെ വിളവ്, മണം, രുചി, സൂക്ഷിപ്പുകാലം എന്നിവയും വര്‍ദ്ധിക്കും. മുല്ലപ്പൂ കൃഷിയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പൂവിടലും സുഗന്ധവും പരിമളവും പഞ്ചഗവ്യം മൂലം ഉണ്ടാകും. നെല്‍കൃഷിയില്‍ വിളവെടുപ്പ് 15 ദിവസം മുമ്പേ സാധ്യമാക്കുകയും നെല്‍മണിയുടെ തൂക്കം ഇരുപതു ശതമാനത്തോളം വര്‍ദ്ധിക്കുകയും ചെയ്യും.
ചെടികള്‍ക്കാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയ്ക്കു പുറമെ സൂക്ഷ്മ മൂലകങ്ങള്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, വളര്‍ച്ചാത്വരകങ്ങള്‍, ഗുണകരമായ സൂക്ഷ്മ ജീവികള്‍ എന്നിവയും പഞ്ചഗവ്യത്തിലുണ്ട്. ജൈവഹോര്‍മോണ്‍ ആയും ഉപയോഗിക്കാം. നീരൂറ്റിക്കുടിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് കീടരോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അത്യുത്തമം.
പഞ്ചഗവ്യത്തിലെ ഹെക്സനാല്‍ എന്ന ഘടകം പൂപ്പല്‍ ബാധയും ബാക്ടീരിയ ആക്രമണവും ചെറുക്കാന്‍ സഹായിക്കുന്നു. ഡഡോകാനോയിക്ക് ആസിഡ് എന്ന ഘടകം ചെടികളുടെ വിത്ത് ഉല്‍പാദനപ്രക്രിയകളെ ത്വരിതപ്പെടുത്തുന്നു. ഒക്ടാഡെക്കാനോയിക് ആസിഡ് എന്ന ഘടകം മണ്ഡരിപോലെയുള്ള കീടപരാദബാധകളെ അകറ്റിനിര്‍ത്തും.
ഉപയോഗക്രമം
മണ്ണിന്‍റെ ജൈവഘടന അനുസരിച്ച് 4-30 മില്ലി ലിറ്റര്‍ പഞ്ചഗവ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ നനയ്ക്കാം. മൂന്ന് ശതമാനം വീര്യമാണ് സ്വീകാര്യമായത്. പത്തുലിറ്റര്‍ പവര്‍ സ്പ്രേയര്‍ ഉപയോഗിക്കുമ്പോള്‍ 300 മില്ലിലിറ്റര്‍ പഞ്ചഗവ്യം കലക്കി അരിച്ചശേഷം ഉപയോഗിക്കാം. ഡ്രിപ്, ഫ്ളോ ജലസേചന സംവിധാനത്തില്‍ ഒരേക്കറിന് 20 ലിറ്റര്‍ എന്ന തോതിലാകാം. വിത്തുകള്‍ നടുന്നതിനുമുമ്പ് മൂന്ന് ശതമാനം ലായനിയില്‍ 20 മിനിറ്റ് മുക്കിവെച്ചാല്‍ പെട്ടെന്ന് മുളയ്ക്കും. വിത്തുകള്‍ പഞ്ചഗവ്യത്തില്‍ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.
പുഷ്പിക്കുന്ന ഘട്ടത്തിലാണെങ്കില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ പഞ്ചഗവ്യം ഉപയോഗിക്കാം. പുഷ്പകാലത്തും കായ്കള്‍ പിടിക്കുന്ന ഘട്ടത്തിലും പത്തുദിവസത്തില്‍ ഒരിക്കല്‍ ഉപയോഗിക്കാം. കായ്കനികള്‍ മൂത്തുവരുന്ന ഘട്ടത്തില്‍ ഒരു പ്രാവശ്യം മാത്രമേ പഞ്ചഗവ്യം ഉപയോഗിക്കാവൂ.
തയ്യാറാക്കുന്ന വിധം
ചാണകം – ഏഴ് കിലോ, പശുനെയ്യ് – ഒരു കിലോ, ഗോമൂത്രം – പത്ത് ലിറ്റര്‍, വെള്ളം – പത്ത് ലിറ്റര്‍, പാല്‍ – മൂന്ന് ലിറ്റര്‍, തൈര് – രണ്ട് ലിറ്റര്‍, ഇളനീര്‍-മൂന്ന് ലിറ്റര്‍, ശര്‍ക്കര – മൂന്ന് കിലോ, പൂവന്‍പഴം – 12 എണ്ണം.
ചാണകവും പശുവിന്‍നെയ്യും പ്ലാസ്റ്റിക് ഡ്രമ്മിലോ മണ്‍കലത്തിലോ നന്നായി ഇളക്കുക. ലോഹപാത്രം ഉപയോഗിക്കരുത്. മൂന്നുദിവസം രാവിലെയും വൈകീട്ടും ഇവ നന്നായി ഇളക്കുക. നാലാം ദിവസം ഗോമൂത്രവും വെള്ളവും ചേര്‍ത്ത് അടുത്ത പതിനഞ്ചു ദിവസം സൂക്ഷിക്കുക. ഈ ദിവസങ്ങളിലെല്ലാം രണ്ടു പ്രാവശ്യം നന്നായി ഇളക്കണം. 15 ദിവസത്തിനുശേഷം (തുടക്കം മുതല്‍ നോക്കിയാല്‍ 19 ദിവസം) പാല്‍, തൈര്, ഇളനീര്‍, ശര്‍ക്കര, പൂവന്‍പഴം എന്നിവ ചേര്‍ക്കുക. തുടകം മുതല്‍ നോക്കിയാല്‍ 48-ാം ദിവസം പഞ്ചഗവ്യം ഉപയോഗത്തിന് തയ്യാറാകും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *