Tuesday, 19th March 2024

ഡോ. പി.കെ.മുഹ്സിന്‍


ഒരു സൂക്ഷ്മ വളര്‍ത്തുമൃഗമായ മുയലുകളുടെ വളര്‍ത്തല്‍ കേരളത്തില്‍ പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ജനങ്ങളുടെ പോഷകക്കമ്മി പരിഹരിക്കുന്നതില്‍ മുയല്‍ മാംസത്തിന് വളരെയധികം സ്വാധീനമുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഭക്ഷിക്കുന്ന മാംസമാണ് മുയലിന്‍റേത്. ചുരുങ്ങിയ ഗര്‍ഭകാലാവധിയും ഒരു പ്രസവത്തില്‍ അനേകം കുട്ടികള്‍ ഉണ്ടാകുന്നതും മുയല്‍ വളര്‍ത്തല്‍ കൂടുതല്‍ ലാഭം നേടിത്തരുന്നു.
മുയലുകളുടെ തീറ്റക്കാര്യത്തില്‍ ശരിയായി ശ്രദ്ധിക്കാത്തപക്ഷം മുയല്‍ വളര്‍ത്തല്‍ പലപ്പോഴും നഷ്ടത്തില്‍ കലാശിക്കും. മറ്റു ജീവികളെപ്പോലെതന്നെ ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കണം. ശുദ്ധജലം കൂട്ടില്‍ യഥേഷ്ടം ഉണ്ടായിരിക്കേണ്ടതാണ്.
മുയല്‍തീറ്റയിലെ ഒരു പ്രധാന ഘടകമായ ധാതുലവണങ്ങള്‍ തീറ്റയില്‍ എത്രത്തോളം വേണമെന്നുള്ളതിനെപ്പറ്റി ഒരു സാമാന്യവിവരം കര്‍ഷകന് ഉണ്ടായിരിക്കണം. ധാതുലവണങ്ങള്‍ കുറഞ്ഞാലെന്നപോലെ കൂടിയാലും പ്രശ്നമാണ്.
ധാതുലവണങ്ങലളെ അല്‍പം കൂടിയ അളവില്‍ വേണ്ട ധാതുലവണങ്ങളെന്നും ചെറിയ അളവില്‍ വേണ്ട അതിസൂക്ഷ്മ ധാതുലവണങ്ങളെന്നും രണ്ടായി തരംതിരിക്കാം.
കാല്‍സിയം, ഫോസ്ഫറസ്സ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ലോറിന്‍ എന്നിവ താരതമ്യേന കൂടിയ അളവില്‍ മുയല്‍തീറ്റയില്‍ ആവശ്യമാണ്. ചെറിയ അളവില്‍ മാത്രം ആവശ്യമുള്ള അതിസൂക്ഷ്മ മൂലകങ്ങളാണ് സിങ്ക്, ഇരുമ്പ്, ചെമ്പ്, സെലീനിയം, അയഡിന്‍, കൊബാള്‍ട്ട്, ക്രോമിയം എന്നിവ. മുലയൂട്ടുന്ന മുയലുകള്‍ക്ക് കൂടുതല്‍ ധാതുലവണങ്ങള്‍ ആവശ്യമാണ്. ഇത്തരം മുയലുകളുടെ പാല്‍വഴി പ്രതിദിനം ശരാശരി 7 ഗ്രാം ധാതുലവണം നഷ്ടപ്പെടുന്നു.
മുയലുകള്‍ക്ക് അല്‍പം കൂടിയ അളവില്‍ ആവശ്യമായ ധാതുലവണങ്ങളാണ് കാല്‍സിയം, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, ക്ലോറിന്‍, പൊട്ടാസിയം എന്നിവ.
കാല്‍സിയം
ശരീരത്തിലുള്ള കാല്‍സിയത്തിന്‍റെ 90%വും എല്ലുകളിലും പല്ലുകളിലുമാണ്. മുയലിന് കൊടുക്കുന്ന തീറ്റയിലെ കാല്‍സ്യത്തിന്‍റെ അളവ് ആനുപാതികമായി അത് ആഗിരണം ചെയ്യപ്പെടുന്നു. കാല്‍സ്യത്തിന്‍റെ കമ്മിമൂലം കൈകാല്‍ കടച്ചില്‍ മാംസപേശികളുടെ വിറയല്‍, ചെവി ഇളക്കല്‍, തളര്‍ച്ച എന്നിവ കാണപ്പെടുന്നു. കാല്‍സ്യം അമിതമാകുമ്പോള്‍ മുലയൂട്ടുന്ന മുയലുകള്‍ അതിന്‍റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അശ്രദ്ധരായിരിക്കും. കിഡ്നിയില്‍ കാല്‍സ്യത്തിന്‍റെ കല്ലുകള്‍ വരാനും അതുവഴി മൂത്രത്തില്‍ ചോര കാണപ്പെടാനും സാധ്യതയുണ്ട്. മുലയൂട്ടുന്നവയ്ക്ക് നല്‍കുന്ന ഒരു കിലോ സമീകൃതാഹാരത്തില്‍ 12 മില്ലി ഗ്രാമും മറ്റുള്ളവയ്ക്ക് 5 മില്ലിഗ്രാമും കാല്‍സ്യം വേണം.
ഫോസ്ഫറസ്
ഫോസ്ഫറസ് എല്ലുകളിലും പല്ലുകളിലും ശേഖരിക്കപ്പെടുന്നു. ഓരോ കിലോഗ്രാം മുയല്‍തീറ്റയും 3 മില്ലിഗ്രാം എന്ന തോതില്‍ ഫോസ്ഫറസ് വേണം.
മഗ്നീഷ്യം
ശരീരത്തിന്‍റെ ദഹനരസങ്ങളിലും മറ്റ് എന്‍സൈമുകളിലും മഗ്നീഷ്യത്തിന്‍റെ ഭാഗം കാണാം. മഗ്നീഷ്യത്തിന്‍റെ കുറവുമൂലം മുയലുകള്‍ക്ക് വിറയലും, ഞെട്ടലും ഉണഅടാകുന്നു. രോമങ്ങള്‍ പരുപരുത്തതാവുകയും രോമം കൊഴിച്ചിലും കാണുന്നത് മഗ്നീഷ്യം കൂടുതലാകുന്നതുകൊണ്ടാണ്. 1 കിലോ മുയല്‍ തീറ്റയില്‍ ശരാശരി രണ്ടര മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്.
സോഡിയം
ശരീരത്തിലെ അമ്ലക്ഷാരനിലയുടെയും ലവണസംതുലനാവസ്ഥയുടെയും ക്രമീകരണമാണ് സോഡിയത്തിന്‍റെ കര്‍മ്മം. ശരാശരി മൂന്ന് മില്ലിഗ്രാം സോഡിയം വീതം ഓരോ കിലോ മുയല്‍ തീറ്റയിലും ആവശ്യമാണ്.
ക്ലോറിന്‍
ശരാശരി 3.2 മില്ലിഗ്രാം ക്ലോറിന്‍ വീതം ഓരോ കിലോ തീറ്റയിലും ആവശ്യമാണ്.
പൊട്ടാസിയം
ഈ ലവണം ദഹനപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം ലവണ സന്തുലനാവസ്ഥ ക്രമീകരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ഒരു കിലോഗ്രാം മുയല്‍തീറ്റയില്‍ ആറ് മില്ലിഗ്രാം എന്ന അളവില്‍ ഇത് ആവശ്യമാണ്.
അതിസൂക്ഷ്മ മൂലകങ്ങള്‍
എല്ലുകളുടെ ഘടനയേയും പ്രത്യുല്‍പാദനശേഷിയേയും മാംഗനീസ് ബാധിക്കുന്നു. ഇതിന്‍രെ ന്യൂനതമൂലം മുരടിച്ച വളര്‍ച്ച, എല്ലുകള്‍ വളയല്‍ എന്നിവ കാണാം. സിങ്കിന്‍റെ അഭാവത്തില്‍ ചര്‍മ്മരോഗങ്ങളും രോമത്തില്‍ നരയും കാണപ്പെടുന്നു. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും രക്തത്തിലെ ഹീമോഗ്ലോബിനും ഇരുമ്പ് ആവശ്യമാണ്. ചെമ്പിന്‍റെ കുറവ് മൂലം വിളര്‍ച്ച, എല്ലുകളുടെ പ്രശ്നങ്ങള്‍, പ്രത്യുല്‍പ്പാദന പ്രശ്നങ്ങള്‍, ഹൃദയത്തകരാറുകള്‍ എന്നിവ കണ്ടുവരുന്നു. അയഡിനാവട്ടെ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ ഏറെ പങ്കുവഹിക്കുന്നു. രക്താതിസാരം ചെറുക്കാന്‍ ചെമ്പ് ഉപകരിക്കുന്നു. എങ്ങിനെയായാലും മുയലുകളുടെ തീറ്റയില്‍ ധാതുലവണങ്ങള്‍ ശരിയായ തോതില്‍ അടങ്ങിയിരിക്കല്‍ അതിപ്രധാനമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *