
കാളന്‍
ചേരുവകള്‍ : ഏത്തക്കായ 100 ഗ്രാം, ചേന 100 ഗ്രാം, പച്ചമുളക് 25 ഗ്രാം, കറിവേപ്പില 2 തണ്ട്, തൈര് 1 ലിറ്റര്‍, നെയ്യ് ആവശ്യത്തിന്, മഞ്ഞള്‍പൊടി 1 സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, തേങ്ങ 1 മുറി, കുരുമുളക് പൊടി 1 സ്പൂണ്‍, ഉലുവപ്പൊടി അര ടിസ്പൂണ്‍, ജീരകപ്പൊടി 1 ടീസ്പൂണ്‍, കടുക് 50 ഗ്രാം, വറ്റല്‍മുളക് 5 എണ്ണം, വെളിച്ചെണ്ണ 30 മില്ലി.
തയ്യാറാക്കുന്ന വിധം: ഏത്തക്കായ തൊലികളഞ്ഞ് നടുവേ പിളര്‍ന്ന് അര ഇഞ്ച് കനത്തില്‍ അരിയുക. ചേന ചെത്തി ചെറുതായി അരിഞ്ഞ് കഴുകി രണ്ടുംകൂടി മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത കഷണങ്ങളില്‍ നെയ്യ് ചേര്‍ത്ത് വരട്ടുക. വെള്ളം വറ്റിയാല്‍ തൈര് ഒഴിച്ച് തിളപ്പിച്ച് വറ്റിക്കണം. തേങ്ങ, ജീരകപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ച് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് കടുക് വറുത്ത് ഇടുക. മീതെ ഉലുവാപ്പൊടി തൂവുക.
ഓലന്‍
ചേരുവകള്‍: ഇളവന്‍ 1/2 കിലോ, വന്‍പയര്‍ 100 ഗ്രാം, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ 25 മില്ലി, തേങ്ങ 1.
തയ്യാറാക്കുന്ന വിധം: ഇളവന്‍ തൊലിചെത്തി വൃത്തിയാക്കി ഒരിഞ്ചു വലിപ്പത്തില്‍ കനം കുറച്ച് അരിഞ്ഞ് വേവിക്കുക. വന്‍പയര്‍ പ്രത്യേകം വേവിച്ചുവെക്കുക. ഇളവന്‍ തേങ്ങയുടെ രണ്ടാം പാലില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ഉപ്പും വന്‍പയറും ചേര്‍ത്ത് ഇളക്കി വെളിച്ചെണ്ണ ചേര്‍ത്താല്‍ ഓലന്‍ റെഡി.
പഴപ്പുളിശ്ശേരി
ചേരുവകള്‍: പഴുത്ത ഏത്തപ്പഴം 2 എണ്ണം, പച്ചമുളക് കീറിയത് 4 എണ്ണം, തേങ്ങ തിരുമ്മിയത് 1 കപ്പ്, ജീരകം അര ടീസ്പൂണ്‍, ഉലുവ കാല്‍ ടീസ്പൂണ്‍, കട്ടത്തൈര് 1 കപ്പ്, കടുക്, മുളക്, കറിവേപ്പല.
തയ്യാറാക്കുന്നവിധം: ഏത്തപ്പഴം പച്ചമുളകും ധാരാളം കറിവേപ്പിലയും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തുടച്ച് കഴിയുമ്പോള്‍ അല്‍പം തൈര് ചേര്‍ത്തിളക്കണം. തേങ്ങ, മുളക്, ജീരകം എന്നിവ നന്നായി അരച്ച് ഏത്തപ്പഴത്തോടൊപ്പം ചേര്‍ക്കുക. പഴത്തിനോടൊപ്പം കൂട്ട് നന്നായി ചേര്‍ന്നുകഴിയുമ്പോള്‍ മാറ്റിവെച്ച തൈര് ചേര്‍ത്തിളക്കുക. തിളക്കുന്നതിന് മുമ്പ് വാങ്ങണം. പിന്നീട് കടുക് തളിക്കാം.
അടപ്രഥമന്‍
ചേരുവകള്‍: അട 5 കപ്പ്, ശര്‍ക്കര 400 ഗ്രാം, തേങ്ങാപ്പാല്‍ 12 കപ്പ്, നെയ്യ് 1 ടീസ്പൂണ്‍, പഞ്ചസാര 2 സ്പൂണ്‍, ചുക്ക് പൊടിച്ചത്, ജീരകം പൊടിച്ചത്, ഏലക്ക പൊടിച്ചത് കാല്‍ സ്പൂണ്‍ വീതം, വെള്ളം ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: അട തിളച്ച വെള്ളത്തില്‍ വേവിച്ച് ഊറ്റുക. പിന്നീട് കുറച്ചു പച്ചവെള്ളം അടയുടെ മീതെ ഒഴിയ്ക്കുക. ശര്‍ക്കര ഉരുക്കി നൂല്‍ പരുവത്തിലുള്ള പാനിയാക്കുക. തേങ്ങാ തലപ്പാല്‍ 3 കപ്പും രണ്ടാം പാല്‍ 8 കപ്പും മാറ്റി വേവിക്കുക. ശര്‍ക്കര പാനിയില്‍ അട കുടഞ്ഞിട്ട് വഴറ്റുക. പാനി കാല്‍ഭാഗം വറ്റുമ്പോള്‍ നെയ്യൊഴിച്ച് തുടരെ ഇളക്കണം. പകുതിയില്‍ കൂടുതല്‍ പാനി വറ്റുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക. പുറമെ പഞ്ചസാരയും ചേര്‍ത്ത് പാല്‍ നന്നായി കുറുകുന്നതുവരെ ഇളക്കുക. ഒടുവില്‍ തലപ്പാല്‍ ചേര്‍ത്തിളക്കുക. തേങ്ങയും പറങ്കിയണ്ടിയും മൂപ്പിച്ച് ഇടുക.
പാവയ്ക്കാ കിച്ചടി
ചേരുവകള്‍: പാവയ്ക്ക 200 ഗ്രാം, തൈര് അര ലിറ്റര്‍, വെളിച്ചെണ്ണ 10 ഗ്രാം, കടുക് 25 ഗ്രാം, മുളക് 3 എണ്ണം.
തയ്യാറാക്കുന്ന വിധം: പാവയ്ക്ക കഴുകി ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് പൊടിച്ച് തൈരില്‍ ഇട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് കടുക് വറുത്തിടുക.
Leave a Reply