Saturday, 20th April 2024

അനില്‍ ജേക്കബ് കീച്ചേരിയില്‍

കര്‍ക്കടകം കറുത്തിരുണ്ട് പെയ്യുന്നു. മനസ്സിലും മണ്ണിലും കര്‍ക്കടകത്തിന്‍റെ പെരുമഴയുണ്ട്. പഴയകാലത്തിന്‍റെ ആ മഴക്കാഴ്ചകള്‍ ഇന്ന് അന്യമാണ്. എന്നാലും കര്‍ക്കടകത്തിലെ ഇലകളുടെ രുചികള്‍ പഴയ തലമുറയ്ക്ക് നാവിന്‍തുമ്പിലുണ്ടാകും. എന്നാല്‍ ഇന്ന് അത് ആലോചിക്കാനേ വയ്യ. പഴയകാലത്തിന്‍റെ ആ പഴയ രുചിക്കൂട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. അത് ആശാവഹമാണ്.
കര്‍ക്കടകം ആരോഗ്യപരിചരണത്തിന്‍റെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന മാസമാണ്. ഇന്നും പലരും അത്തരത്തില്‍ ആരോഗ്യപരിപാലനത്തിന് ശ്രദ്ധിക്കുന്നു. കര്‍ക്കടകത്തില്‍ പത്തിലകള്‍ കഴിക്കണമെന്നാണ് പറയുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഒരു ഇലക്കറിയെങ്കിലും കഴിക്കണം. ഇന്ന് നമ്മള്‍ വെട്ടിക്കളയുന്ന പലതും പണ്ടുകാലത്ത് മഹത്തായ കറികളായിരുന്നു. ഔഷധച്ചേരുവയായിരുന്നു. വിലക്കയറ്റവും വിഷക്കയറ്റവും നിറഞ്ഞ പച്ചക്കറിയുടെ കാലത്ത് വിഷരഹിതമായ പച്ചിലകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത് മനസ്സിലാക്കാന്‍ പുതിയ തലമുറ ശ്രമിക്കുന്നില്ലെങ്കില്‍ പോലും.
പത്തരമാറ്റുള്ള പത്തിലപ്പെരുമയെക്കുറിച്ച് ചിന്തിക്കേണ്ട മാസമാണ് കര്‍ക്കടകം. ശരീരം ഇളയതാവുന്ന (ബലം കുറയുന്ന) കാലമാണ് കര്‍ക്കടകം. കേരളത്തില്‍ കര്‍ക്കടകം എന്നു പറയുന്നത് ജൂലായ്, ആഗസ്റ്റ് മാസങ്ങളാണ്. എന്നാല്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മഴക്കാലമായതിനാല്‍ ഇക്കാലയളവില്‍ ശരീരവും മനസ്സും ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് കര്‍ക്കടകത്തില്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും നേടുന്നതിനുള്ള ചികിത്സകള്‍ ചെയ്യുന്നത്.
പഴയകാലത്ത് കര്‍ക്കടകം പഞ്ഞമാസമായിരുന്നു. എന്നുവച്ചാല്‍ ദാരിദ്ര്യത്തിന്‍റെ മാസം. അക്കാലത്ത് തൊടിയിലെ കുഞ്ഞിലപോലും വിശപ്പിന്‍റെ വിളികേട്ടാല്‍ ഉണരും. ഓരോ ഇലയുടേയും പ്രാധാന്യവും ഔഷധഗുണവും അറിഞ്ഞ് പഴമക്കാര്‍ പാചകം ചെയ്ത് കഴിക്കുമായിരുന്നു. പുതിയ തലമുറയ്ക്ക് അത് വേണ്ടെന്നതാണ് വസ്തുത.
എന്നാല്‍ പുതിയ കാര്‍ഷിക സംസ്ക്കാരം പഴമയിലേക്ക് തിരിച്ചുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തൊടിയിലെ ഓരോ പാഴ്ച്ചെടിയിലും ഒരു മഹാത്മ്യം കാണാന്‍ കഴിയണമെന്നാണ് പുതിയകാലത്തെ അവസ്ഥ.
കര്‍ക്കടകത്തിലെ കരുത്ത് പത്തിലകളാണ്. താള്, തകര, തഴുതാമ, ചേമ്പ്, പയറില, ചേനയില, കുമ്പളം, മത്തന്‍, ചൊറിയണം, മുള്ളന്‍ചീര, നെയ്യുണ്ണി, കൂവളത്തില, വട്ടത്തകര, കടുമുടുങ്ങ എന്നിവയാണ് പത്തിലകള്‍. എല്ലാ ഇലകളും നന്നായി പാചകം ചെയ്താല്‍ രുചികരമാണെന്നു മാത്രമല്ല, ഔഷധഗുണമുള്ളതുമാണ്. താള് നമ്മള്‍ ഉപേക്ഷിക്കുന്ന ഇലയാണെങ്കിലും അതുകൊണ്ട് വിവിധയനം നാട്ടുവിഭവങ്ങള്‍ ഉണ്ടാക്കാം. ഔഷധഗുണം ഏറെയുള്ള താള് ദഹനം വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആയുര്‍വേദത്തില്‍ മാത്രമല്ല, ചൈനീസ് ചികിത്സാ രീതിയിലും തകര പ്രധാന സ്ഥാനം വഹിക്കുന്നു. മലബന്ധത്തിനും നേത്രരോഗത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയായി തകര ഉപയോഗിക്കുന്നു. തഴുതാമയുടെ ഇല കര്‍ക്കടക മാസത്തിലാണ് സാധാരണയായി കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ തഴുതാമ മൂത്രവര്‍ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പിത്തം, ഹൃദ്രോഹം, ചുമ എന്നിവയ്ക്കും തഴുതാമ ഔഷധമായി നിര്‍ദ്ദേശിക്കുന്നു. കുമ്പളത്തിന്‍റെ ഇല രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദം. കുമ്പളത്തിന്‍റെ ഇല പതിവായി കഴിക്കുന്നത് ശരീരകാന്തിക്കും ബുദ്ധികൂര്‍മ്മതയ്ക്കും നല്ലതാണ്.
മത്തന്‍റെ ഇളംതണ്ട്, പൂവ്, കായ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇലക്കറിയില്‍ ധാതുക്കള്‍, വിറ്റാന്‍ എ,സി എന്നിവ ധാരാളമായി ഉണ്ട്. ഇലയിനങ്ങളില്‍ ഏറ്റവുമധികം ഔഷധഗുണം ചീരയ്ക്ക് എന്നുപറയാം. ഇരുമ്പ് ധാരാളമായി ഉള്ളതിനാല്‍ വിളര്‍ച്ചയ്ക്കും നല്ല ഔഷധമാണ്.
ചേനയുടെ തണ്ടിനൊപ്പം ഇലയും കറിക്കായി ഉപയോഗിക്കാം. ചേന ഇല തനിച്ചും കറിവയ്ക്കുന്നു. നാരുകള്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഇലയോടുകൂടിയ കൊടിത്തൂവ (ചൊറിയണം) എന്ന ചെടിയുടെ ഇല തോരനായി ഉപയോഗിക്കാം. തളിരില വേണം ഉപയോഗിക്കാന്‍. വിവിധതരം ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഇവ ഔഷധഗുണമുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ചൊറിഞ്ഞ് പ്രശ്നമാവുകയും ചെയ്യും.
അഞ്ചു വിരലുള്ള കൈപോലെയുള്ള ഇലകളോടുകൂടിയ ചെടിയാണ് നെയൂര്‍ണി. ഇല, തണ്ട്, ഫലം എന്നിവ ഔഷധ ഗുണങ്ങളുടെ ഭാഗങ്ങളാണ്. എന്നാല്‍ പല പ്രദേശങ്ങളലും നെയൂര്‍ണി പത്തില കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നെല്ലിയിലകള്‍ പോലെ തന്നെയാണ് കീഴാര്‍ നെല്ലിയുടേയും ഇലകള്‍. ആയുര്‍വേദ മരുന്നായിട്ടാണ് കീഴാര്‍നെല്ലി ഉപയോഗിക്കുന്നത്. മഞ്ഞപിത്ത ചികിത്സക്ക് ഉപയോഗിക്കുന്നു. പയറിന്‍റെ ഇല ദഹനശക്തിയും ശരീരശക്തിയും വര്‍ധിപ്പിക്കുന്നു. ശരീരതാപം ക്രമീകരിക്കുന്നു. നേത്രരോഗം, ദഹനക്കുറവ്, കരള്‍വീക്കം എന്നിവയ്ക്കും പ്രയോജനകരമാണ്. മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍ എ,സി എന്നിവയും ഇതില്‍ ഉണ്ട്. പൊന്നാങ്കണ്ണിയുടെ ഇലയും തണ്ടും കറിവച്ചു കഴിക്കാം. മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും ഫലപ്രദമാണ്. കൃമിശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.
മുള്ളന്‍ ചീരയ്ക്കും ഔഷധഗുണമേറെയാണ്. ഇലയും തണ്ടും കറിവച്ചു കഴിക്കാം. ഇലയുടെ നീരെടുത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. തഴുതാമയില മഞ്ഞപ്പിത്തം, അസ്ഥിസ്രാവം, ആസ്ത്മ എന്നിവയ്ക്ക് ഔഷധമാണ്. ദുര്‍മേദസ് കുറയ്ക്കാന്‍ തഴുതാമയില ഫലപ്രദമാണ്.
പത്തിലകള്‍ ഒരുമിച്ച് കിവെച്ച് കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍ പത്തില്ലെങ്കില്‍ കിട്ടിയ ഒന്നെങ്കിലും കറിവെച്ചു കഴിക്കുന്നത് നല്ലതാണ്. ഇലകള്‍ കഴുകി വൃത്തിയാക്കി ചെറുതാക്കി അരിഞ്ഞ് ഉപ്പും കാന്താരിമുളകും വെള്ളവും ചേര്‍ത്ത് വേവിക്കണം. അതിനുശേഷം മഞ്ഞള്‍പൊടി ചേര്‍ത്ത് കുറച്ചുനേരം അടച്ചു വേവിക്കണം. അല്പം വെന്തശേഷം തേങ്ങയും വെളിച്ചെണ്ണയും ചേര്‍ത്ത് ഭക്ഷിക്കാവുന്നതാണ്.
കുട്ടികള്‍ക്ക് ഇലക്കറികള്‍ നല്‍കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ കുട്ടികളില്‍ നല്ലൊരു പങ്കും ഇലക്കറികള്‍ കഴിക്കാന്‍ മടിക്കുന്നവരാണ്. ഇതിന് മറ്റു ഭക്ഷണത്തില്‍ ചേര്‍ത്ത് ഇലക്കറികള്‍ നല്‍കുന്നതാണ് ഉത്തമം. കുട്ടികളുടെ നാവിന് ഇണങ്ങുന്ന തരത്തില്‍ പാചകം ചെയ്തു നല്‍കാവുന്നതാണ്.
ആയുര്‍വേദ ചികിത്സാ ഗ്രന്ഥമായ ചരകസംഹിതയില്‍ വിവരിക്കപ്പെട്ടിട്ടുള്ള പൂപലിക ഇത്തരമൊരു സംഗതിയാണ്. അട, കുറുക്ക് എന്നിവ ഇലകൊണ്ട് ഉണ്ടാക്കി നല്‍കാവുന്നതാണ്. ഇലകളുടെ സത്തെടുത്ത് മുത്താറി, ഗോതമ്പ് എന്നിവയ്ക്കൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിക്കാം. ഹല്‍വ പോലെ ആക്കിയും ഇലകള്‍ കഴിക്കാവുന്നതാണ്. പക്കവടയില്‍ ചീര, ഓംലറ്റില്‍ ചീര, ചീരദോശ, തുമ്പയില തോരന്‍, തുളസിയില ചമ്മന്തി, തുളസി കുരുമുളക് രസം, ചെറുനാരങ്ങാ ഇലച്ചമന്തി, ആടലോടകത്തില്‍ മുട്ട ചിക്കിയത് എന്നിവ രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്.
ഓരോ ഇലയും രുചികരമായി കഴിക്കാന്‍ ചെറുപ്പക്കാലത്തുതന്നെ ശീലിപ്പിച്ചാല്‍ ഭാവിയില്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ മനുഷ്യന്‍റേയും ആരോഗ്യകരമായ ജീവിതത്തിന് പച്ചിലകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് തിരിച്ചറിഞ്ഞ് വേണം കര്‍ക്കടക ഇലക്കറികള്‍ തയ്യാറാക്കാനും ഉപയോഗിക്കാനും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *