Friday, 19th April 2024

എ.വി.നാരായണന്‍

ചെറുപ്പക്കാരോട് പ്രായം ചെന്നവര്‍ പറയുന്ന പഴയൊരു ചൊല്ലുണ്ട് നാട്ടില്‍. ഇടിക്കുമുളച്ച കൂണ്‍ പോലെ. ഇടിയൊച്ച ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ ചെറിയ തോതില്‍ അനക്കം ബാധിക്കുമെന്നും ആ സമയത്താണ് കൂണ്‍ മുളയ്ക്കുന്നതെന്നും ധാരണയുണ്ട്. ജീര്‍ണ്ണിച്ച ജൈവാവശിഷ്ടങ്ങളില്‍ നിന്നാണ് കൂണ്‍ മുളയ്ക്കുന്നത്. എന്തായാലും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് കുറച്ചിനങ്ങള്‍ മാത്രമാണ്. അതായത് പെരും കുമിള്‍, അരി കുമിള്‍, മരകുമിള്‍, നിലംപൊളപ്പന്‍ എന്നിവയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇന്ന് കൂണ്‍ വളര്‍ത്തല്‍ വ്യവസായം ഔഷധങ്ങള്‍ ഉണ്ടാക്കാനും, ഭക്ഷണാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഉണ്ടാക്കുന്നത്. രാസവളങ്ങളും, രാസകീടനാശനികള്‍ ഉപയോഗിച്ച പച്ചക്കറികളും അമിതമായ ആന്‍റിബയോടിക് പ്രയോഗം മൂലം 45 ദിവസംകൊണ്ട് 3 കി.ഗ്രാം ആകുന്ന കോഴിയിറച്ചിയുമാണ് ഇപ്പോഴത്തെ ഭക്ഷണശൈലി. ഈ ഭക്ഷണശൈലികൊണ്ട് പൊണ്ണത്തടിയും, കുടവയറും, കൊളസ്ട്രോളും, ഷുഗറും, കാന്‍സറും, ഹൃദയസ്തംഭനവും കൈമുതലായിരിക്കുകയാണ്. വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യുന്ന ഏവര്‍ക്കും ചെറിയ സമയവും അദ്ധ്വാനവും കൊണ്ട് അവരവര്‍ക്കുണ്ടാകുന്ന പച്ചക്കറികള്‍ വീട്ടില്‍തന്നെ ഉണ്ടാക്കാം. അതില്‍ ഒന്നാണ് കൂണ്‍ അഥവാ കുമിള്‍.
പല രാജ്യങ്ങളിലും കൂണ്‍ ഔഷധത്തിനും, ഭക്ഷണത്തിനുമായി വ്യാവസായികമായി വളര്‍ത്തിവരുന്നുണ്ട്. അങ്ങിനെ അല്ലെങ്കിലും നമുക്ക് വേണ്ടുന്ന ഭക്ഷ്യവസ്തുക്കള്‍ നമുക്ക് ഉണ്ടാക്കിക്കൂടേ. വൃത്തിയും, പ്രാണിശല്യം ഇല്ലാതെയും അല്ലെങ്കില്‍ ഓലഷെഡ്ഡുകള്‍ പ്രാണിമുക്തമാക്കി ഷീറ്റ് മറച്ച് ശുദ്ധവായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലമോ ഉണ്ടായാല്‍ കൂണ്‍കൃഷി തുടങ്ങാം. ചുരുക്കം നമ്മുടെ കിടപ്പുമുറിയിലുള്ള കട്ടിലിനടിയില്‍ പോലും ചെയ്യാം. ശുചിത്വമാണ് പ്രധാനം. ഈച്ച, കൂറ, മറ്റ് പ്രാണികള്‍, വൃത്തിഹീനമായ ചുറ്റുപാടുകളും, പഴകിയ വസ്തുക്കളോ കൂണ്‍കൃഷി ചെയ്യുന്ന സ്ഥലത്തുണ്ടാകാതെ സൂക്ഷിക്കണം. ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലമാണ് പറ്റിയത്. ഇങ്ങനെയുള്ള സ്ഥലത്ത് നമുക്ക് വേണ്ടുന്ന കൂണ്‍ ഉല്‍പാദിപ്പിക്കാം. പുതിയ വൈക്കോല്‍ മാത്രം ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
വൈക്കാല്‍ 3 കെട്ട്, 5 കിലോ പ്ലാസ്റ്റിക് കവര്‍ 2 എണ്ണം, വിത്ത് 1 പാക്കറ്റ് (200 ഗ്രാം)
നിര്‍മ്മിക്കുന്ന വിധം
പുതിയ വൈക്കോല്‍ തച്ചുടച്ച് തണുത്ത വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ത്തുവെക്കുക. പിന്നീട് വെള്ളം വാര്‍ന്ന് പോകുവാന്‍ അനുവദിക്കുക. ശേഷം വെള്ളമെല്ലാം പോയ വൈക്കോല്‍ ഒരു അലൂമിനിയം/ചെമ്പ് വട്ടിയില്‍ ഇട്ട് ഇതില്‍ തിളപ്പിച്ച വെള്ളം ഒഴിച്ച് അടച്ചുവെക്കുക. വെള്ളം തണുത്തശേഷം വൈക്കോല്‍ പുറത്ത് വെക്കുക. വെള്ളം പോയശേഷം തെരിയമാതിരി (റൗണ്ടില്‍) വളച്ച് കവറില്‍ വെക്കുക. ഇതിന്‍റെ സൈഡില്‍ കുപ്പിയില്‍ നിന്ന് എടുത്ത വിത്ത് നല്ലവണ്ണം കശക്കി വിതറുക. വൈക്കോല്‍ വെക്കുന്ന ഓരോ റൗണ്ടിന്‍റെ ചുറ്റും വിത്ത് അടക്കിവെക്കുക. കൂടാതെ വൈക്കോല്‍ നല്ലവണ്ണം അമര്‍ത്തി വായു കളയുക. കവര്‍ നിറഞ്ഞശേഷം മുകള്‍ഭാഗം നല്ലവണ്ണംപ്രസ്സ് ചെയ്ത് വിത്തിട്ട് കൊടുക്കുക. കെട്ടിക്കഴിഞ്ഞശേഷം തിളപ്പിച്ച വെള്ളത്തില്‍ മുക്കിയ സൂചികൊണ്ട് ചുറ്റും ചെറുസുഷിരങ്ങള്‍ ഉണ്ടാക്കുക. പിന്നീട് ഉറയില്‍ തൂക്കിയിടുക. വിത്തിറക്കിയ തിയ്യതി കവറിന് പുറതത് എഴുതിവെക്കുക. കൂണിന്‍റെ കായികവളര്‍ച്ച വെളുത്ത പൂപ്പല്‍പോലെ കവറിനുള്ളില്‍ പടര്‍ന്ന് കാണാം. അപ്പോള്‍ കവര്‍ പൊളിച്ച് മാറ്റണം. ഇതോടെ കൃഷിയുടെ ഒന്നാം ഘട്ടമായി. ഇതിന് ശേഷം നനവിനായി ചെറിയ സ്പ്രെയര്‍കൊണ്ട് ദിവസം 3 നേരം വെള്ളം സ്പ്രേ ചെയ്ത്കൊടുക്കണം. അഞ്ച് ദിവസത്തിനകം കൂണ്‍ വിളവെടുക്കേണ്ട പാകമായിരിക്കും. ആദ്യ വിളവെടുപ്പിന് ശേഷം 7 ദിവസത്തിനകം രണ്ടാം തവണയും കൂണ്‍ ഉണ്ടായിരിക്കും. വിളവെടുത്ത ശേഷം വൈക്കോല്‍ നല്ലവണ്ണം പ്രസ്സ് ചെയ്ത് കെട്ടിയ ശേഷം വെള്ളം സ്പ്രേ ചെയ്യുക. മൂന്ന് തവണ വിളവെടുത്തശേഷം വൈക്കോല്‍ കന്നുകാലികള്‍ക്കോ ജൈവവളമാക്കുന്നതിനോ ഉപയോഗിക്കാം. കൂണ്‍ ഉണക്കി സൂക്ഷിക്കാം. കൂടാതെ കൂണ്‍ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. 100 ഗ്രാം കൂണിന് 70 രൂപയാണ് വില.
മസാലക്കറി, പുലാവ്, പീസ് കറി, ഓംലറ്റ്, മഷ്റൂം ഗ്രീന്‍ഗ്രാം വട, കട്ലറ്റ്, കൂണ്‍ ഫ്രൈ, ചിക്കന്‍ മഷ്റൂം, തോരന്‍, കൂണ്‍ അച്ചാര്‍ എന്നിവയെല്ലാം ഉണ്ടാക്കാം. യാതൊരുവിധ കീടനാശിനികളോ ഉപയോഗിക്കാതെ നമുക്ക് കൂണ്‍ ഉണ്ടാക്കാം. എല്ലാവരും ചെറിയ സമയം ഇതിന് വിനിയോഗിച്ച് സമൂഹത്തെ വിഷവസ്തുക്കളില്‍ നിന്നും രക്ഷിക്കാം. വിത്തുകള്‍ കാര്‍ഷിക കോളേജ്, കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും വാങ്ങുന്നതാണ് ഉത്തമം. കൂടാതെ പ്രൈവറ്റ് കമ്പനികളില്‍ നിന്നും ലഭ്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *