Saturday, 27th July 2024

മുണ്ടകന്‍ കൃഷിയിറക്കിയ കോള്‍പ്പാടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ ഇനി പറയുന്ന നിയന്ത്രണമാര്‍ക്ഷങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
രാത്രികാലങ്ങളില്‍ വിളക്ക് കെണികള്‍ സ്ഥാപിച്ച് നിശാശലഭങ്ങളെ നശിപ്പിക്കുക. പുഴുക്കളെ കെണി വച്ച് പിടിച്ച് നശിപ്പിക്കുക.
കെണി ഉണ്ടാക്കുന്ന രീതി
5 ഏക്കര്‍ മുതല്‍ 8 ഏക്കര്‍ വരെ ഉള്ള പാടത്തിന് വേണ്ട വസ്തുക്കള്‍ ഇനി പറയുന്നു. ഗോതമ്പ് തവിട് – 4.5 കി.ഗ്രാം, വെള്ളം – 4.5 ലിറ്റര്‍, ശര്‍ക്കര – 1 കി.ഗ്രാം, ചോളം സ്റ്റാര്‍ജ് – 20 ഗ്രാം , ക്ലോര്‍പൈറിഫോസ് – 70 മി.ഗ്രാം ശര്‍ക്കര പൊടിച്ച് വെള്ളത്തില്‍ ലയിപ്പിക്കുക. ഈ മിശ്രിതം ഗോതമ്പ് തവിടുമായി പുട്ടു പരുവത്തില്‍ യോജിപ്പിച്ച്, ഇതിലേക്ക് 20 ഗ്രാം കോണ്‍ സ്റ്റാര്‍ച്ചും 70 മില്ലി ക്ലോര്‍പൈറിഫോസും ചേര്‍ക്കുക. ഈ മിശ്രിതം തയ്യാറാക്കുമ്പോള്‍ സുരക്ഷക്കായി ഗ്ലൗസും ഷവലും ഉപയോഗിക്കുക. ഈ മിശ്രിതം 24 മണിക്കൂര്‍ ചാക്കില്‍ കെട്ടി വെക്കുക. അടുത്ത ദിവസം ഈ മിശ്രിതപ്പൊടി ചെറിയ ഉണ്ടകളാക്കി കട്ടിയുള്ള പേപ്പര്‍ കഷ്ണം റോള്‍ ചെയ്ത് സ്‌റ്റേപ്പിള്‍ ചെയ്ത ശേഷം അതിനുള്ളില്‍ വെക്കുക. ഇവ പാടവരമ്പുകളില്‍ കെണികളായി വച്ചുകൊടുക്കാവുന്നതാണ്. ഈ മിശ്രിതം വെള്ളം കുറഞ്ഞ പാടങ്ങളില്‍ വിതറുകയും ചെയ്യാം. ഈ കെണിയില്‍ പുഴുക്കള്‍ ആകര്‍ഷിക്കപ്പെടുകയും കഴിക്കുന്നതുവഴി കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞ അളവില്‍ ഉണ്ടാക്കുന്ന കെണി 5 മുതല്‍ 8 ഏക്കര്‍ വരെയുള്ള വിസ്തൃതിയില്‍ ഉപയോഗിക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *