സംസ്ഥാനത്ത് കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തുവാന്‍ തീരുമാനിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ വി എഫ് പി സി കെ യുടെ വിപണികള്‍ വഴിയും ആരംഭിക്കും. സ്വാശ്രയ കര്‍ഷക സംഘടനകള്‍ക്ക് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വിഎഫ്പിസികെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വി.എഫ്.പി.സി.കെ യുടെ പത്തും പാലക്കാട് ജില്ലയില്‍ 15ഉം കര്‍ഷക വിപണികളാണ് നിലവില്‍ സംഭരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭരണ കേന്ദ്രങ്ങളില്‍ വച്ചു തന്നെ കര്‍ഷകരുടെ അപേക്ഷകളും മറ്റു രേഖകളും പരിശോധിച്ച് വിലയിരുത്തുന്നതായിരിക്കും. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലായിരിക്കും കൈമാറുക. പച്ചത്തേങ്ങ സംഭരണവും, സംഭരിക്കുന്ന തേങ്ങകള്‍ കേരഫെഡ് ഗോഡൗണുകളിലേക്ക് മാറ്റുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കൃഷി ഓഫീസര്‍മാര്‍ അതതു ജില്ലകളില്‍ നേതൃത്വം നല്‍കും. ആവശ്യമുള്ള ജില്ലകളില്‍ കൂടുതല്‍ വിപണികള്‍ സംഭരണത്തിനായി സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tuesday, 21st March 2023
Leave a Reply