കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാര്‍ഷിക ദുരന്തനിവാരണ സെല്ലും, ഗ്രാമീണ കൃഷി മൗസം സേവ തൃശ്ശൂരും സംയുക്തമായി മഴക്കാലത്തെ കാര്‍ഷിക വിളപരിപാലനത്തിനു കര്‍ഷകര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു
1) പൊതുനിര്‍ദേശങ്ങള്‍: കൃഷിസ്ഥലങ്ങളില്‍, പ്രതേകിച്ച് നെല്‍പാടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കില്‍ മതിയായ നീര്‍വാര്‍ച്ചാസൗകര്യങ്ങളും, മണ്ണുസംരക്ഷണമാര്‍ക്ഷങ്ങളും ഉറപ്പാക്കുക
2) മഴക്കാലവിളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ : തുടര്‍ച്ചയായ മഴമൂലം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതിനാല്‍ കാര്‍ഷികവിളകള്‍ക്ക് വിവിധ കുമിള്‍ രോഗ ബാധകളുണ്ടാകാനുള്ള സാധ്യതകളുണ്ട്്. ഓരോ വിളകള്‍ക്കുമുള്ള മഴക്കാലപരിചരണമാര്‍ഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
തെങ്ങ് : തെങ്ങിന്റെ തടം തുറക്കുക. കൂമ്പ് ചീയല്‍ രോഗം വരാതിരിക്കാന്‍ മുന്‍കരുതലായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തെങ്ങിന്റെ മണ്ടയില്‍ നല്ലവണ്ണം വീഴത്തക്കവണ്ണം കുളിര്‍ക്കെ തളിച്ചുകൊടുക്കുക.
വാഴ : ശക്തമായ കാറ്റത്തും, മഴയത്തും വാഴകള്‍ വീണുപോകാതിരിക്കാനാവശ്യമായ താങ്ങുകാലുകള്‍ നല്‍കുക. വാഴയിലെ ഇലപ്പുള്ളിരോഗം വരാതിരിക്കാനുള്ള മുന്‍കരുതലായി സൂഡാമോണാസ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇരുപതുഗ്രാം സൂഡാമോണാസ് എന്നതോതില്‍ ലയിപ്പിച്ച് തയ്യാറാക്കാം) വാഴയില്‍ കുളിര്‍ക്കെ തളിക്കുക. രോഗം ബാധിച്ച ഇലകള്‍ ഉടനടി വെട്ടിമാറ്റി മണ്ണില്‍ കുഴിച്ചു മൂടുകയോ, കുമിള്‍ നാശിനി തളിച്ചു നശിപ്പിക്കുകയോ ചെയ്യുന്നതുവഴി രോഗം ഒരുപരിധിവരെ പടരാതെ നോക്കാം. ഒരു മില്ലി. ഹെക്‌സാകോണാസോള്‍ അല്ലെങ്കില്‍ ഒരു മില്ലി പ്രോപ്പി കോണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രോഗം ബാധിച്ച വാഴകളുടെ ഇലകളുടെ അടിയില്‍ പതിയത്തക്കവണ്ണം കുളിര്‍ക്കെ തളിക്കുക. വാഴയുടെ മാണ അഴുകല്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലായി മൂന്നു ലിറ്റര്‍ സൂഡാമോണാസ് ലായനി ഒരു വലിയ വാഴക്കെന്ന തോതില്‍ തടത്തില്‍ ഒഴിച്ചുകൊടുക്കുക.
കുരുമുളക് : ദ്രുത വാട്ടരോഗത്തിന് മുന്‍കരുതലായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക. രണ്ടാഴ്ച ഇടവേളയ്ക്കുശേഷം മാത്രം സൂഡാമോണാസ് ലായനിയുപയോഗിച്ച് മണ്ണ് കുതിര്‍ക്കുക. കൂടാതെ ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഓരോ കുരുമുളകുവള്ളിയുടെയും ചുവട്ടിലും രണ്ടര മുതല്‍ അഞ്ചു കിലോഗ്രാം വീതം ട്രൈക്കോഡെര്‍മ്മ സമ്പുഷ്ട്ട ചാണകവളം ഇട്ടുകൊടുത്ത് മണ്ണില്‍ നല്ലവണ്ണം ഇളക്കി ചേര്‍ക്കുക. (ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മയും, 10 കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും, 90 കിലോഗ്രാം ചാണകപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം നേരിയ ഈര്‍പ്പം നിലനിര്‍ത്തക്കവണ്ണം രണ്ടാഴ്ച്ചത്തേക്ക് തണലത്തു വച്ച് ട്രൈക്കോഡെര്‍മ്മ സമ്പുഷ്ട ചാണകവളം തയ്യാറാക്കാം)
Tuesday, 17th June 2025
Leave a Reply