Saturday, 27th July 2024

സി.വി.ഷിബു, സി.ഡി.സുനീഷ്

റേഡിയോ മെക്കാനിക്ക് എന്ന ജോലിയില്‍ നിന്നും മാറി പതിറ്റാണ്ടുകളായി കാര്‍ഷിക മേഖലയില്‍ നിലയുറപ്പിച്ച പുല്‍പ്പള്ളി ചെറിയതോട്ടില്‍ സി.വി.വര്‍ഗീസിന്‍റെ കൃഷിക്കെല്ലാം ഇന്ന് 21 ക്യാരറ്റിന്‍റെ തിളക്കമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലതരം വിളകളും കൃഷിരീതികളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ചെയ്ത ക്യാരറ്റ് കൃഷിയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. വെല്‍ഡ്മെഷ് കൊണ്ട് ഉണ്ടാക്കിയ കൂടയില്‍ 21 ക്യാരറ്റുകള്‍ കൃഷിചെയ്ത് വിളവെടുത്തതും കൃഷിരീതിയും ഉത്പാദനരീതിയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വലക്കൂട്ടിനുള്ളിലെ കൃഷിയുടെ വീഡിയോ പുറത്തുവന്ന് ആഴ്ചകള്‍കൊണ്ട് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് വര്‍ഗീസിനെ ഫോണില്‍ വിളിച്ച് രീതികള്‍ മനസ്സിലാക്കിയത്.
മണ്ണില്ലാ കൃഷി
ജൈവരീതിയിലാണ് വര്‍ഗീസിന്‍റെ കൃഷി. ഒന്നര ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെങ്കിലും മണ്ണില്ലാതെ എങ്ങനെ കൃഷിചെയ്യാമെന്നാണ് വര്‍ഗീസ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ ഫലം വര്‍ഗീസിന്‍റെ വീട്ടുമുറ്റത്തെത്തിയാല്‍ കാണാം. വഴിയരികില്‍ നിറയെ ഇരുമ്പുവല കൂടുകളില്‍ ക്യാരറ്റും കൂര്‍ക്കലും, മുറ്റം നിറയെ ഗ്രോബാഗുകളില്‍ ചീനിയും മറ്റ് വിളകളും, പറമ്പില്‍ നിന്ന് ശേഖരിക്കുന്ന കരിയിലകളും റോഡരികില്‍ നിന്നും മറ്റും ശേഖരിക്കുന്ന എക്കലുമാണ് മണ്ണിന് പകരമായി ഉപയോഗിക്കുന്നത്. കമ്പോസ്റ്റ് വളവും പോത്തിന്‍റെ ചാണകവും ജീവാമൃതവുമൊക്കെയാണ് വളമായി നല്‍കന്നത്. ഒരു വിളയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ രണ്ടാമത്തെ വിളയും കൃഷിയിറക്കും. ഇങ്ങനെ ഒരേ മിശ്രിതത്തില്‍ രണ്ടോ മൂന്നോ തവണ കൃഷിചെയ്യാം. വെള്ളം കുറച്ച് മതിയെന്നതും വിളവെടുപ്പ് സുഗമമാക്കാനും ഈ രീതി നല്ലതാണ്. മുറ്റത്ത് ഗ്രോബാഗുകള്‍ക്കടുത്തായി ഇഷ്ടികകൊണ്ട് വലിയൊരു തടമുണ്ടാക്കി കാച്ചില്‍, ചേന എന്നിവ കൃഷിചെയ്തിട്ടുണ്ട്.
തടത്തില്‍ ആദ്യം ഒരു പൈപ്പ് വെക്കും. പിന്നീട് കരിയിലയും എക്കലും കുത്തിനിറയ്ക്കും. അതിന് ശേഷം പൈപ്പ് ഊരി മാറ്റി അതില്‍ കാച്ചിലോ, ചേനയോ, തൈകളോ നടുന്നത്. വിളവ് കൂടുതല്‍ കിട്ടുമെന്നതാണ് പ്രത്യേകത. മുമ്പ് പി.വി.സി. പൈപ്പിനുള്ളില്‍ ആരംഭിച്ച കൃഷി ഇപ്പോഴും തുടരുന്നുണ്ട്. ഡ്രമ്മിലും ഇതേ തരത്തില്‍ കൃഷിചെയ്ത് വരുന്നു.
വലക്കൂട്ടിലെ ക്യാരറ്റ് കൃഷി
നാലടി ഉയരത്തിലാണ് വെല്‍ഡ് മെഷ് ഉപയോഗിച്ച് വലക്കൂട് നിര്‍മ്മിക്കുന്നത്. ഇതിനായി ആദ്യം 60 സെന്‍റീമീറ്റര്‍ നീളത്തില്‍ വല മുറിച്ചെടുക്കണം. തുടര്‍ന്ന് പെയിന്‍റ് ചെയ്യണം. തുരുമ്പെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പെയിന്‍റ് ഉണങ്ങിയശേഷം വട്ടത്തിലാക്കി പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കെട്ടി കുടയാക്കണം. നേരത്തെ തയ്യാറാക്കിയ മിശ്രിതം ഈ കൂടയില്‍ നിറയ്ക്കണം. വിത്തിട്ടശേഷം നനയ്ക്കുമ്പോള്‍ പ്രത്യേ കം ശ്രദ്ധിക്കണം. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാനേ പാടുള്ളൂ. തുടര്‍ന്നുള്ള ജലസേചനത്തിനമായി തിരിനന പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഡ്രിപ്പ് പൈപ്പ് കൊടുത്ത് അതില്‍ ഒരു വാല്‍വ് ഘടിപ്പിച്ചാണ് നനയ്ക്കുന്നത്. ഒരു വലക്കൂടില്‍ 21 ക്യാരറ്റ് വിളയും. ശരാശരി മൂന്ന് കിലോ ഒരു കൂടയില്‍ നിന്ന് ആദായം കിട്ടും. ഒരു വലക്കൂട നിര്‍മ്മിക്കാന്‍ പണിക്കൂലിയടക്കം 600 രൂപ ചിലവ് വരും. ഒരു വല പത്ത് വര്‍ഷത്തിന് മുകളില്‍ ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ 21 കൂടുകളാണ് ഇങ്ങനെ നിര്‍മ്മിച്ചത്. അടുത്തഘട്ടത്തില്‍ 22 എണ്ണം കൂടി നിര്‍മ്മിച്ചു. ക്യാരറ്റ് വിളവെടുത്താല്‍ പിന്നെ കൂര്‍ക്ക ലും അതിന് ശേഷം മുള്ളങ്കിയും കൃഷിചെയ്യും.
സമ്മിശ്ര കൃഷിയിലൂടെ വരുമാനം
ഒന്നര ഏക്കറില്‍ സമ്മിശ്ര കൃഷിയാണ് വര്‍ഗീസിന്‍റേത്. തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയ്ക്ക് പുറമെ റെഡ് ലേഡി പപ്പായ, പാഷന്‍ഫ്രൂട്ട്, കപ്പ, വാനില, അവക്കാഡോ, ലിച്ചി, മാംഗോസ്റ്റിന്‍, കാന്താരി, മറ്റ് പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പ് കഴിഞ്ഞവര്‍ഷം ഇന്‍റര്‍ഗ്രേറ്റഡ് ഫാം സ്കൂ ള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരലക്ഷം രൂപയുടെ സഹായം വര്‍ഗീസിന് നല്‍കിയിട്ടുണ്ടെന്ന്
കൃഷി ഓഫീസര്‍ അനു ജോര്‍ജ്ജ് പറഞ്ഞു: മഴമറക്കകത്ത് പ്രത്യേക രീതിയിലാണ് വാനില കൃഷി. ആക്രിക്കടയില്‍ നിന്ന് വാങ്ങുന്ന പി.വി.സി.പൈപ്പ് മണ്ണില്‍ കുഴിച്ചിട്ട് പൈപ്പില്‍ ചകിരിക്കയര്‍ ചുറ്റി അതില്‍ ചാണകം പേസ്റ്റ് രൂപത്തിലാക്കി തേച്ച് പിടിപ്പിക്കും. വാനില വേര് പിടിച്ച് കയറാനും തഴച്ച് വളരാനും ഈ താങ്ങ് സഹായകമാണെന്നാണ് വര്‍ഗീസിന്‍റെ സാക്ഷ്യം. 60 ചുവട് വാനിലക്ക് ഇടവിളയായി പച്ചക്കറികളും കൃഷിചെയ്തിട്ടുണ്ട്. തൊഴുത്തില്‍ നിന്നുള്ള വെള്ളം കൃഷിയിടത്തിലേക്കാണ് ഒഴുക്കിവിടുന്നത്.
ജലസംരക്ഷണത്തിന് നല്ലമാതൃക
ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന സ്ഥലമാണ് പുല്‍പ്പള്ളി. ജലദൗര്‍ലഭ്യമാണ് വര്‍ഗീസിന്‍റെ കൃഷിക്ക് പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഇതിന്‍റെ ഭാഗമായി ടെറസിന് മുകളിലെ വെള്ളവും ബാത്ത്റൂമിലെയും അടുക്കളയിലെയും അഴുക്ക് വെള്ളവും പ്രത്യേകമായി ഫില്‍ട്ടര്‍ ചെയ്ത് കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ടാങ്കില്‍ മുകളില്‍ മെറ്റലും അതിന് താഴെ ചിരട്ടകരിയും ഏറ്റവും അടിയിലായി ഇഷ്ടികയും വെച്ചാണ് ഫില്‍ട്ടര്‍ ചെയ്യുന്നത്. ഇങ്ങനെ ഫില്‍ട്ടര്‍ ചെയ്യുന്ന വെള്ളം മറ്റൊരു ടാങ്കിലേക്ക് ഒഴുക്കും. അവിടെനിന്ന് പമ്പ് ചെയ്ത് വീടിന് മുകളിലെ ടാങ്കില്‍ നിറച്ച് കൃഷിക്ക് ഉപയോഗിക്കുന്നതാണ് രീതി.
കാര്‍ഷിക വിദഗ്ധരുടെ സാങ്കേതിക സഹായം
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റ് വിദഗ്ധര്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ വര്‍ഗീസിന്‍റെ കൃഷിയിടം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കിവരുന്നുണ്ട്.
ഗവേഷണ തല്‍പ്പരനായ സി.വി.വര്‍ഗീസിന്‍റെ കാര്‍ഷികമേഖലയിലെ വിജയഗാഥകള്‍ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പ്
ഫോണ്‍ : 9744367439

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *