
അനിൽ ജേക്കബ് കീച്ചേരിയിൽ
തേനീച്ച കുടുംബത്തിലെ പ്രധാനികള്‍ വേലക്കാരികളാണ്. അംഗബലത്തില്‍ ഇവരാണ് ഏറ്റവും കൂടുതല്‍. 100ല്‍ 90 ശതമാനവും വേലക്കാര്‍ ആയിരിക്കും. ഉല്‍പാദനശേഷിയില്ലാത്ത പെണ്‍ ഈച്ചകളാണ് വേലക്കാര്‍. തേനും പൂമ്പൊടിയും ശേഖരിക്കുക, തേനറകള്‍ നിര്‍മ്മിക്കുക, റാണിയേയും മറ്റീച്ചകളേയും വളര്‍ത്തിയെടുക്കുക, തേനീച്ച കുടുംബത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക, റാണിയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുക, കോളനി വൃത്തിയായി സൂക്ഷിക്കുക ഇങ്ങനെ നോക്കിയാല്‍ വേലക്കാരാമ് തേനീച്ചക്കുടുംബത്തിലെ പ്രധാനികള്‍. അവര്‍ ചെയ്യുന്ന ജോലിയും കഠിനമാണ്. എന്തുചെയ്യാം വേലക്കാരുടെ ആയുസ്സും കുറവാണ്. വെറും മൂന്നുമാസം മാത്രം. വേലക്കാര്‍ ആണ് തേനും തേടി ഒരു പുഷ്പത്തില്‍ നിന്ന് മറ്റൊരു പുഷ്പത്തിലേക്ക് എത്ര ദൂരമായാലും ചിറകു കുഴയുന്നതുവരെ പറക്കുന്നത്.
ഒരു കിലോഗ്രാം തേനുണ്ടാക്കുന്നതിന് വേണ്ടത്ര തേന്‍ പുഷ്പത്തില്‍ നിന്ന് ശേഖരിക്കുന്നതിന് ഒരു തേനീച്ചയ്ക്ക് ഭൂമിക്ക് ചുറ്റും ഒരു പ്രാവശ്യം സഞ്ചരിക്കുന്ന ദൂരം പറക്കേണ്ടി വരുന്നു. ഒരു തുള്ളി തേന്‍ ലഭിക്കുന്നതിന് ഒരു തേനീച്ചയ്ക്ക് നൂറു പൂക്കള്‍വരെ സന്ദര്‍ശിക്കേണ്ടിവരും. ഈ തേനീച്ചകളുടെ അദ്ധ്വാനശീലം ആരെയും അമ്പരിപ്പിക്കുന്ന തരത്തിലാണ്. വേലക്കാരികള്‍ മറ്റ് ഈച്ചകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ്. തവിട്ടും കറുപ്പും കലര്‍ന്ന നിറമാണ് ഇതിന്. ഭാരം കുറഞ്ഞ ജോലി ചെയ്യാന്‍ പറ്റിയ ശരീരഘടനയാണ് ഇവയ്ക്കുള്ളത്.
തേനീച്ച വളര്‍ത്തല്‍ പണ്ടേ ഇന്ത്യയില്‍ വ്യാപകമായിരുന്നു. പ്രസിദ്ധ വൈദ്യന്മാര്‍ ഒക്കെതന്നെ പല രോഗങ്ങള്‍ക്കുള്ള ചികിത്സക്കായി തേന്‍ ഒരു പ്രധാന ഔഷധമായി ഉപയോഗിക്കാറുണ്ട്. ശുശ്രുതന്‍റെയും ചരകന്‍റെയും ഗ്രന്ഥങ്ങളില്‍ തേനിന്‍റെ ദിവ്യ സിദ്ധികളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്.
തേനീച്ച വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൂടിനെപ്പറ്റി ഒരു ഒന്നര അടി പലകയും അതിനു മുകളില്‍ രണ്ടു പെട്ടികളും പെട്ടികളുടെ മുകളിലായി ഒരു മേല്‍ക്കൂരയുമാണ് തേനീച്ചക്കൂടിന്‍റെ മാതൃക. പെട്ടിക്കുള്ളിലാണ് ഫ്രെയ്മുകള്‍ നിരത്തിവെച്ചിരിക്കുന്നത്. ഈ ചട്ടങ്ങളില്‍ തേനീച്ചകള്‍ തേനറകള്‍ പണിയുന്ന ഈച്ചയുടെ എണ്ണത്തിനനുസരിച്ച് കൂടിനുള്ളില്‍ 4, 8, 12, 16 എന്നിങ്ങനെ വിവിധ എണ്ണത്തില്‍ ഫ്രെയ്മുകള്‍ വെച്ചുകൊടുക്കാറുണ്ട്. ഈച്ചയുടെ എണ്ണം കുറഞ്ഞ സ്ഥലങ്ങളില്‍ 8 ഫ്രെയ്മുകളുള്ള കൂടുകള്‍ വെയ്ക്കാം. തേക്ക്, പുന്ന എന്നീ മരങ്ങളുടെ തടികൊണ്ടുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നതാണ് ഉത്തമം. ഇവയുടെ സ്വാഭാവികമായ മണം തേനീച്ചകള്‍ക്ക് ഇഷ്ടമാണെന്നതാണ് പൊതുവെ തേനീച്ച കര്‍ഷകരുടെ അഭിപ്രായം.
കൂടുവെയ്ക്കുന്ന സ്ഥലത്തെപ്പറ്റി
വെയില്‍ അധികമില്ലാത്ത സ്ഥലത്തുമാത്രമേ കൂടുവെയ്ക്കാന്‍ പാടുള്ളൂ. എപ്പോഴും തേന്‍ കിട്ടുന്ന ചെടികളും മരങ്ങളും ഉള്ള സ്ഥലമാണ് ഉത്തമം. ചതുപ്പുനിലങ്ങള്‍ അത്ര നന്നല്ല. കാറ്റിന്‍റെ വേഗത 20 കിലോമീറ്ററില്‍ കുറഞ്ഞിരിക്കണം. വടക്കുകിഴക്കു മുഖമായി കൂടുകള്‍ വെയ്ക്കണം. ഒന്നിലധികം കൂടുകള്‍ വെയ്ക്കുന്നുണ്ടെങ്കില്‍ അവ തമ്മില്‍ പത്തടിയെങ്കിലും അകലം വേണം. ശബ്ദങ്ങളും കോലാഹലങ്ങളും ഗതാഗതയോഗ്യമായ സ്ഥലവും യോജിച്ചതല്ല. ആള്‍ സഞ്ചാരം കുറവുള്ള സ്ഥലമാണ് ഉത്തമം.
പ്രധാന ഭക്ഷണം
പൂമ്പൊടിയും പൂന്തേനും ചെടിയുടെ പൂപ്പല്‍ എന്നിവയുമാണ് തേനീച്ചകളുടെ ഭക്ഷണം. ചില സ്ഥലങ്ങളില്‍ പൂക്കള്‍ കുറവുള്ള സമയത്ത് പഞ്ചസാര ലായനി അഥവാ പഞ്ചസാര മില്ലില്‍ നിന്ന് കിട്ടുന്ന വേയ്സ്റ്റ് ചാക്കില്‍ കെട്ടിവെയ്ക്കാറുണ്ട് എന്നറിയാന്‍ കഴിഞ്ഞു. ഈ രീതിയോട് യോജിക്കാന്‍ പ്രയാസമാണ്. ഈ രീതി പ്രകൃതിദത്ത രീതിയല്ലെന്നാണ് അനുഭവത്തില്‍ നിന്നുമുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായം.
മധുപ്രവാഹം
പൂക്കള്‍ കൂടുതലുള്ള വസന്തകാലങ്ങളിലാണ് തേനീച്ചകള്‍ ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിച്ച് നിറയ്ക്കുന്നത്. ഈ സമയത്തെ മധുപ്രവാഹം എന്നുപറയുന്നു. തേനറയില്‍ തേന്‍ നിറച്ച് മെഴുകുകൊണ്ടടച്ച് ഭദ്രമാക്കും. നിറഞ്ഞ തേനറകളുടെ മൂടി, തേനറകളുടെ ഹണി എക്സ്ട്രാക്ടറില്‍ വെച്ചുകറക്കിയാണ് തേനകള്‍ക്കുള്ളിലെ തേനെടുക്കുന്നത്. മധുപ്രവാഹത്തിന്‍റെ മറ്റൊരു സവിശേഷത ഒരു കോളനിയില്‍ കൂടുതല്‍ റാണി ഈച്ചകള്‍ ഉണ്ടാകും എന്നതാണ്. തേനീച്ച സമൂഹം വിഭജിക്കാന്‍ ഇത് ഇടയാക്കും. ഇത്തരം വിഭജനത്തിന്‍റെ ഫലമായി കൂടുതല്‍ കൂടുതല്‍ തേനീച്ച സമൂഹങ്ങള്‍ വളര്‍ന്നുവികസിക്കും.
തേനിലെ ഔഷധഗുണം
തേനീച്ചകള്‍ പുഷ്പങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന മധു ഭദ്രമായി കെട്ടിയുണ്ടാക്കിയ അറകളില്‍ സൂക്ഷിക്കുന്നു. അതാണ് തേന്‍. നല്ല മധുരമുള്ള ഈ അമൃത് പ്രയോജനപ്രദമായ ആഹാരവും ഔഷധവുമാണ്. പുരാണങ്ങളില്‍ തേനിനെക്കുറിച്ച് പറയുന്നുണ്ട്.
ബൈബിളിലും തേനിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഖുര്‍ആനില്‍ ആകട്ടെ തേനിനെക്കുറിച്ച് നല്ല ഒരു ഔഷധമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദം പുതുക്കിയിരുന്നത് തേന്‍ കപ്പംകൊടുത്തുകൊണ്ടായിരുന്നു. എന്തൊക്കെയായാലും തേന്‍ ഒരു വിശേഷാല്‍ ഔഷധം തന്നെയാണ്.
ആയുര്‍വേദ ചികിത്സയിലും യുനാനി ചികിത്സയിലും അലോപ്പതി ചികിത്സാരീതികളിലും തേന്‍ ഉപയോഗിച്ചുവരുന്നു. ഭൂരിഭാഗം ആയുര്‍വേദ മരുന്നുകളിലും തേന്‍ ചേര്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. മധുരം നല്‍കുന്നതോടൊപ്പം തന്നെ ഔഷധഗുണങ്ങള്‍ അടങ്ങിയും തേന്‍ നേരിട്ട് രക്തത്തില്‍ ലയിക്കുന്നതുകൊണ്ടും തേന്‍ ഒരു പ്രത്യേക ഔഷധം തന്നെയാണ്.
Leave a Reply