Wednesday, 28th February 2024

അനിൽ ജേക്കബ് കീച്ചേരിയിൽ

നാടന്‍ പൂവന്‍
വാഴയുടെ രാജാവ് എന്നുതന്നെ ഒരുപക്ഷേ ഇതിനെ വിശേഷിപ്പിക്കാം. പഴുത്ത കായയ്ക്ക് ആകര്‍ഷകമായ നറുമണമുണ്ടായിരിക്കും. പഴം വളരെ സ്വാദിഷ്ടമാണ്. സാധാരണയായി ഇവയ്ക്ക് നല്ല ഉയരം വെക്കാറുണ്ട് വാഴയുടെ പത്രങ്ങളില്‍ ചാരനിറവും ഇളം ചുവപ്പ് പടര്‍ന്ന വരയും (പാളി) പത്രത്തിലേക്ക് വ്യാപിച്ചതായി കാണാം. കുലവെട്ടിയ വാഴയിനത്തില്‍ നിന്നും എടുക്കുന്ന കന്നാണ് വംശവര്‍ദ്ധനവിനായി ഉപയോഗിക്കുന്നത്. ഇവ വലിയ കൂട്ടങ്ങള്‍ ആകുന്നതിന് മുമ്പ് ഇവയില്‍ നിന്നും കന്നുകള്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം. കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും ധാരാളം ജൈവാവശിഷ്ടങ്ങള്‍ വാഴയുടെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണ്. കൂമ്പ് അടയല്‍ ഈ വാഴയ്ക്ക് പിടിപെടുന്ന ഒരു അസുഖമാണ്. ഇതിന്‍റെ കുലയ്ക്കും പഴത്തിനും വിപണിയില്‍ നല്ല പ്രിയമാണ്. പൂവന്‍പഴം സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിന് പ്രസരിപ്പ് ഉണ്ടാകുമെന്ന് വൈദ്യപക്ഷം.
മലമ്പൂവന്‍
തിളക്കമുള്ള തൊലികളോട് കൂടി രുചികരമായ മുഴുത്ത പഴങ്ങള്‍ തരുന്ന വാഴയിനമാണിത്. വണ്ണം കൂടിയതും ഉയരത്തില്‍ വളരുന്നതുമായ ഈ വാഴ ഇവിടെ വളരെ അപൂര്‍വ്വമായിക്കൊണ്ടിരിക്കുകയാണ്. വാഴയുടെ പത്രകക്ഷത്തില്‍ ചാരനിറം കാണാം. കൂടാതെ ചുവന്ന നിറത്തോടുകൂടിയ ഒരു പാളി വാഴയിലേക്ക് വ്യാപിച്ചിരിക്കും. കന്നുമുഖേനയാണ് വംശവര്‍ദ്ധനവ്. ജൈവാംശമുള്ള മണ്ണില്‍ ഇവ നന്നായി വളരും. രോഗങ്ങള്‍ കാര്യമായി ബാധിക്കാറില്ല. ഇവയ്ക്ക് ഇടത്തരം വിപണിയുണ്ട്.
ഞാലിപ്പൂവന്‍
നല്ലവണ്ണം പഴുത്താല്‍ വളരെ കനം കുറഞ്ഞ, തൊലികളോടുകൂടിയ രുചികരമായ പഴമാണ് ഈ വാഴയുടെ പ്രത്യേകത. കൂടാതെ ഇടത്തരം വലിപ്പമുള്ള വാഴ ആയതുകാരണം കൃഷിയിടങ്ങളില്‍ ഇടവിളയായി ഇവയെ നട്ടുവളര്‍ത്താവുന്നതാണ്. ഇവയുടെ ഇലകള്‍ക്ക് നീളം കുറയും. ധാരാളമായി ഉണ്ടാകും എന്നതാണ് ഇതിന്‍റെ പ്രത്യേകതകള്‍. ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുന്നത് ചോല കുറയ്ക്കാന്‍ സാധിക്കുന്നു. വാഴയുടെ പത്രകക്ഷത്തില്‍ ചാരനിറവും മങ്ങിയ ചുവന്ന റോസ് നിറവും കാണും. കുല വെട്ടിയ വാഴയില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന കന്നുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. രണ്ട് മൂന്ന് വര്‍ഷമാകുമ്പോഴേയ്ക്കും വലിയ ഒരു കൂട്ടമാവാറുണ്ട്. കൂടാതെ ഇതിന്‍റെ കാണ്ഡം എലികള്‍ക്ക് ഇഷ്ടഭക്ഷമാണ്. കാര്യമായി വളപ്രയോഗം ആവശ്യമില്ലെങ്കിലും കാലിവളമോ കമ്പോസ്റ്റോ ഈ വാഴയ്ക്ക് ഉത്തമമാണ്. വളരെ പെട്ടെന്ന് രോഗം വരാറില്ല. ഇത് മൂത്രാശയ രോഗങ്ങള്‍ക്ക് ഉത്തമം. വിപണന സാധ്യതയുള്ള ഒരിനമാണ് ഞാലിപ്പൂവന്‍.
മൈസൂര്‍ പൂവന്‍
പുളിപ്പുള്ള മധുരത്തോട് കൂടിയ പഴമാണിത്. ഉയരത്തില്‍ വളരുന്ന വാഴയ്ക്ക് പത്രകക്ഷത്തില്‍ ചാരനിറവും ഇളം നീലകലര്‍ന്ന കടും പച്ച നിറവുമാണുള്ളത്. ഇവ വളരെ ഉയരത്തില്‍ വളരും. വംശവര്‍ദ്ധനവ് പാകമായ കന്ന് മുഖേനയാണ്. കുലകള്‍ അഞ്ച് അടി വരെ വലിപ്പം വെക്കാറുണ്ട്. കാര്യമായ വളപ്രയോഗങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. രോഗങ്ങള്‍ ഉണ്ടാവാറില്ല. വിപണിയില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായ ഈ വാഴയിനത്തിന് മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവാണ്.
കദളി (പൂജക്കദളി, അമ്പലക്കദളി)
കദളിപ്പഴം എല്ലാവര്‍ക്കും സുപരിചിതമാണ്. ആകര്‍ഷകമായ ഗന്ധമുള്ള രുചികരമായ പഴമാണ് കദളിയുടെ പ്രത്യേകത. പഴത്തൊലിക്ക് ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമാണ്. പഴത്തിനുള്ളില്‍ കല്ല് കാണുന്നുണ്ട്. പൂജാകര്‍മ്മങ്ങളിലും ഇത് ഉപയോഗിക്കുന്നു. സാധാരണയായി നീളം കുറഞ്ഞ വാഴയാണിതിന്‍റേത്. വാഴ ഇളം പച്ച നിറത്തോടുകൂടിയതാണ്. എലികള്‍ക്ക് കാണ്ഡം ഏറെ ഇഷ്ടമാണ്. കാര്യമായ വളപ്രയോഗം ആവശ്യമില്ല. വണ്ണം കുറഞ്ഞ ഇവകളുടെ കന്നുകള്‍ മുഖേനയാണ് വംശവര്‍ദ്ധനവ്. വിത്തു മുളപ്പിക്കാവുന്നവയാണ്. പല ഔഷധ കൂട്ടുകളിലും കദളിപ്പഴം ഉപയോഗിക്കാറുണ്ട്. കുറുനാമ്പ് രോഗം ഇവയെ പെട്ടെന്ന് പിടിപെടാറുണ്ട്. സാമാന്യം വിപണന സാധ്യതയുള്ള ഈ ഇനത്തിന് മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്.
ചെങ്കദളി
തിളക്കമുള്ള ചുവന്ന പഴത്തോടുകൂടിയ രുചികരമായ പഴങ്ങള്‍ തരുന്ന വാഴയിനമാണിത്. വണ്ണം കൂടുതലും വളരെ ഉയരത്തില്‍ വളരുന്നതുമായ ഈ വാഴയുടെ കൃഷി ഇവിടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റ് വിളകളുടെ ഇടയില്‍ കൃഷിക്ക് അത്ര യോജിച്ചതല്ലാത്തതാണ് ഇവയെ ഇടവിളകളില്‍ നിന്നും അകറ്റുന്നത്. വാഴ നിറയെ ചുവന്ന നിറം കാണാറുണ്ട്. ഇത് ഈ വാഴയെ മറ്റ് വാഴയില്‍ നിന്ന് പെട്ടെന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ഇവയുടെ കന്നുകള്‍ വളരെ വണ്ണം കൂടുതലും ആഴത്തില്‍ വളരാന്‍ ഇഷ്ടപ്പെടുന്നവയുമാണ്. കന്നുമുഖേനയാണ് വംശവര്‍ദ്ധനവ്. വിപണിയില്‍ ഇവ ലഭ്യമല്ല. വയനാട് ജില്ലയില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ ഇവ കൃഷിചെയ്യുന്നു.
മണ്ണന്‍
ഏറ്റവും കൂടുതല്‍ തണുപ്പ് നല്‍കാന്‍ കഴിയുന്ന പഴങ്ങളില്‍ ഒന്നാണിത്. ഇടത്തരം ഉയരവും തടിച്ച വാഴയുമാണിത്. പത്രകക്ഷത്തില്‍ കടുത്ത ചാരനിറവും തടിയില്‍ കറുത്ത കലയും ഉണ്ട്. ഇലകള്‍ക്ക് വീതി കൂടുതലും കടും പച്ചനിറവുമാണ്. ഏതു മണ്ണിലും ഈ വാഴ വളരും. കാര്യമായ രോഗങ്ങള്‍ ഒന്നും ബാധിക്കാറില്ല. കന്ന് മുഖേനയാണ് വംശവര്‍ദ്ധനവ്. ഇതിന്‍റെ പഴത്തിന് തമിഴ്നാട്ടില്‍ നല്ല ഡിമാന്‍റുണ്ട്. ഇതിനാല്‍ ഇവിടെ നിന്നും കയറ്റിപ്പോകുന്ന വാഴയിനങ്ങളില്‍ ഒന്നാണിത്.
വെട്ടന്‍
അറിയപ്പെടുന്ന ഒരു ഔഷധവാഴയാണിത്. ഇടത്തരം ഉയരത്തല്‍ വളരുന്ന ഈ വാഴ മൈസൂര്‍ പൂവനോട് സാദൃശ്യമുണ്ടെങ്കിലും അത്രതന്നെ നീളം വെക്കാറില്ല. കുലയില്‍ നീളമുള്ള കായ കാണുന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ഇത് കൂടുതലായും കറിയാവശ്യത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. കന്ന് മുഖേന വംശവര്‍ദ്ധനവ്. വിപണന ആവശ്യത്തിന് കാര്യമായി കൃഷി ചെയ്യാറില്ല. വാഴക്ക് കാര്യമായ അസുഖങ്ങള്‍ ബാധിക്കാറില്ല. ഇതിന്‍റെ പച്ചക്കായ കൊണ്ടുണ്ടാക്കുന്ന ഉപ്പേരി ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് ഔഷധമാണ്. ഇതിന്‍റെ കായ അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *