Sunday, 10th December 2023

അനില്‍ ജേക്കബ് കീച്ചേരിയില്‍

മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന പല പ്രാണികളേയും മണ്ണെണ്ണക്കുഴമ്പ് ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇത് തയ്യാറാക്കാനായി 500 ഗ്രാം ബാര്‍ സോപ്പ് നേര്‍ത്ത ചീളുകളായി 4.5 ലിറ്റര്‍ വെള്ളം തിളപ്പിച്ച് അതില്‍ ലയിപ്പിക്കുക. തണുത്തശേഷം സോപ്പുലായനിയിലേക്ക് 9 ലിറ്റര്‍ മണ്ണെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികളില്‍ തളിക്കാവുന്നതാണ്.
പുകയില കഷായം
പച്ചക്കറികളിലെ ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാന്‍ വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കീടനാശിനിയാണ് പുകയില കഷായം. വെറ്റില മുറുക്കുന്നതിന് ഉപയോഗിക്കാന്‍ കൊള്ളാത്ത 500 ഗ്രാം പുകയില നാലര ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വച്ചശേഷം അരിച്ചെടുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് നേര്‍ത്ത ചീളുകളാക്കി മറ്റൊരു പാത്രത്തിലെ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ സോപ്പുലായനി നേരത്തെ തയ്യാറാക്കിയ പുകയില ലായനിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ലായനി ആറോ ഏഴോ മടങ്ങു വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാവുന്നതാണ്.
വേപ്പിന്‍കുരു മിശ്രിതം
തുള്ളന്‍, വെട്ടുകിളി മുതലായവയുടെ ആക്രമണത്തില്‍ നിന്നും ചെടികളെ രക്ഷിക്കാന്‍ ഈ കീടനാശിനി ഉപയോഗിക്കാം. പഴുത്ത വേപ്പിന്‍കായ്കളുടെ കുരു വേര്‍പ്പെടുത്തി നല്ലവണ്ണം പൊടിച്ചെടുക്കണം. (0.1 മുതല്‍ 0.3 ശതമാനം വരെ വീര്യത്തില്‍ ഈ ലായനി തയ്യാറാക്കി കീടനാശിനിയായി ഉപയോഗിക്കാം) 0.1 ശതമാനം വീര്യത്തില്‍ ഈ ലായനി തയ്യാറാക്കാനായി ഒരു നേര്‍ത്ത തുണിയില്‍ 1 ഗ്രാം വേപ്പിന്‍കുരുപൊടി കിഴിയാക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ നേരം മുക്കിവെയ്ക്കുക. അതിനുശേഷം കിഴി നല്ലതുപോലെ വെള്ളത്തില്‍ ഞെക്കിപ്പിഴിയണം. ഈ മിശ്രിതം അതേപടി തന്നെ കീടനാശിനിയായി ചെടികളില്‍ തളിക്കാവുന്നതാണ്.
ബോര്‍ഡോ മിശ്രിതം
പല കുമിള്‍ രോഗങ്ങള്‍ക്കുമെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു കുമിള്‍നാശിനിയാണ് ബോര്‍ഡോമിശ്രിതം. ഇത് തയ്യാറാക്കാനായി ഒരുകിലോ തുരിശ് ഒരു പാത്രത്തിലെ 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. വേറൊരു പാത്രത്തിലെ 50 ലിറ്റര്‍ വെള്ളത്തില്‍ ചുണ്ണാമ്പും ലയിപ്പിക്കണം. തുരിശ് ലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക. ഈ ലായനി ചെടികളില്‍ തളിക്കുന്നതിന് മുമ്പ് അതിലെ ചെമ്പിന്‍റെ അംശം കൃത്യമായിട്ടുണ്ടോ എന്നുപരിശോധിക്കണം. ഇതിനായി നല്ലതുപോലെ മിനുക്കിയ ഒരു ഇരുമ്പുകത്തി തയ്യാറാക്കിയ ലായനിയില്‍ കുറച്ചുനേരം മുക്കിവെയ്ക്കുക. കത്തിയില്‍ ചെമ്പിന്‍റെ അംശം പറ്റിയിരിക്കുന്നുണ്ടെങ്കില്‍ ലായനിയില്‍ അല്‍പം ചുണ്ണാമ്പു ചേര്‍ത്ത് വീണ്ടും കത്തിമുക്കിവെച്ച് പരിശോധിക്കുക. കത്തിയില്‍ ചെമ്പുനിറം വരാതിരിക്കുന്നതുവരെ ചുണ്ണാമ്പ് ചേര്‍ക്കേണ്ടതാണ്. ബോര്‍ഡോ മിശ്രിതം തയ്യാറാക്കാനായി തടികൊണ്ടോ മണ്ണുകണ്ടോ ചെമ്പുകൊണ്ടോ പ്ലാസ്റ്റിക്കുകൊണ്ടോ നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *