Saturday, 27th July 2024

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന് ധനസഹായം നല്‍കി വരുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കുന്നതാണ്. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്‌റ്റേര്‍ഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്ക് സഹായത്തിന് അര്‍ഹതയുള്ളതായിരിക്കും. സമതല പ്രദേശങ്ങളിലെ ധന സഹായത്തിന് പുറമേ വയനാട്, ഇടുക്കി എന്നീ മലയോര പ്രദേശങ്ങള്‍ക്ക് 15% അധിക ധന സഹായവും അനുവദിക്കുന്നതാണ്.
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികള്‍ക്ക് 15000/- രൂപയും (50%), ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളില്‍ (50%) 8.25 ലക്ഷം രൂപയും ധനസഹായം നല്‍കുന്നു. കൂടാതെ, കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50%) കൂണ്‍ കൃഷിയ്ക്ക് 8 ലക്ഷം രൂപയും (40%) കൂണ്‍ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും (40%) ധനസഹായം നല്‍കി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി ഓഫീസുമായോ, കൃഷിഭവനുമായോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *