
കെ.എം. സുനില്‍
തെങ്ങും കവുങ്ങും മാവും പ്ലാവും മറ്റു വൃക്ഷങ്ങളും ഇടതൂര്‍ന്നു വളരുന്ന കേരളത്തില്‍ ഇടവിളയായി കൃഷി ചെയ്യാവുന്ന ഒന്നാണ് വെറ്റില. വേനലിലും ഈര്‍പ്പം നിലനിര്‍ത്താന്‍ നന സൗകര്യമുള്ള മണല്‍ ചേര്‍ന്ന വളക്കൂറുള്ള മണ്ണില്‍ വെള്ളക്കെട്ടും ഉപ്പുരസവുമില്ലെങ്കില്‍ വെറ്റിലകൃഷി തുടങ്ങാം. ലാറ്ററേറ്റ് മണ്ണില്‍ വളര്‍ച്ചാവേഗം കൂടും. തണല്‍ നല്‍കാനും പുതയിടാനും ജലസേചനം നല്‍കാനും കഴിയുമെങ്കില്‍ വെറ്റിലകൃഷി നന്നായി പുഷ്ടിപ്പെടും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ലാറ്ററേറ്റ് മണ്ണുള്ള ഇടനാട്ടില്‍ വെറ്റിലകൃഷി സാധാരണമാണ്.
ഓലപ്പന്തലിട്ട കൊടിവളര്‍ത്തല്‍ വളരെ ലാഭകരവുമാണ്. കൃഷി സെപ്തംബര്‍ -ഒക്ടോബര്‍ മാസത്തിലാരംഭിക്കുന്നത് തുലാക്കൊടിയെന്നും മെയ് മാസം ആദ്യമഴയോടെ ആരംഭിക്കുന്നത് ഇടവക്കൊടിയെന്നും അറിയപ്പെടുന്നു. ഒരിക്കല്‍ നട്ടാല്‍ 5-6 വര്‍ഷം വിളവെടുക്കാം. 10-15 മീറ്റര്‍ നീളമുള്ള 3 അടി വീതിയുള്ള തടങ്ങളില്‍ അര അടി വീതിയുള്ള തടങ്ങളില്‍ അര അടി ആഴത്തില്‍ ചാലുകള്‍ കീറിയാണ് കൊടി നടേണ്ടത്. ചാലുകളില്‍ തീയെരിക്കുന്നത് നിമവിര, വിവിധതരം രോഗാണുക്കള്‍ ഇവയെ അകറ്റും. ചിരട്ടയിട്ട് നിലം കരിച്ചാല്‍ വളരെ നല്ലത്. ഉയര്‍ന്ന ചൂട് വളരെ നേരം നിലനില്‍ക്കുമ്പോള്‍ ബാക്ടീരിയ, ഫംഗസ് ഇവ നശിക്കും. ഒരാഴ്ച കഴിഞ്ഞാല്‍ കൊടി നടാം. ചാലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമുണ്ടാവണം. 3 വര്‍ഷം പ്രായമായ കൊടിവള്ളികളുടെ 1 മീറ്റര്‍ നീളമുള്ള 3-4 മുട്ടുകളുള്ള തലപ്പാണ് നടാനുപയോഗിക്കുന്നത്. ചുവട്ടിലെ മണ്ണ് നന്നായുറപ്പിക്കുന്നത് പെട്ടെന്ന് വേര് വരുന്നതിന് സഹായിക്കും. തണലും നല്‍കണം. ഇതിന് തെങ്ങോല ഉപയോഗിക്കാം. രാസവളങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. ആഴ്ചതോറും ചാണകത്തെളി/ഗോമൂത്രം നേര്‍പ്പിച്ചത് 2-3 മാസം വരെ നല്‍കുന്നത് നന്ന്. 2 ആഴ്ച കൂടുമ്പോള്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് തളിച്ചും ചുവട്ടിലൊഴിച്ചും കൊടുക്കണം. ശീമക്കൊന്നയിലയാണ് ഏറ്റവും പഥ്യമായ പച്ചില. മരുത് മരത്തിന്‍റെ ഇല ഉപയോഗിച്ച് പുതയിടുന്നതും നന്ന്. ഇത് രോഗസംക്രമണം കുറയ്ക്കും. വെറ്റിലയുടെ ഗുണം കൂട്ടും. സ്പ്രിംഗ്ളര്‍, ഡ്രിപ്പ് നന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ 2-3 നേരി കുടമുപയോഗിച്ച് ചുവട്ടിലും ഇലകളിലും നനയ്ക്കണം. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കുകയുമരുത്.
തൈകള്‍ നട്ട ഉടന്‍ താങ്ങുകാലുകള്‍ തയ്യാറാക്കാന്‍ തുടങ്ങാം. മുരിങ്ങയോ മുളയോ ഇതിനായുപയോഗിക്കാം. കാലുകള്‍ തമ്മില്‍ അര മീറ്റര്‍, ഒന്നര മീറ്റര്‍ ഉയരങ്ങളില്‍ കയര്‍ കൊണ്ട് പരസ്പരം ബന്ധിക്കണം. മുകളില്‍ മുളകൊണ്ടോ വാരികൊണ്ടോ ഇടപാകുകയും വേണം. കൊടികള്‍ താങ്ങുകാലുകളില്‍ പടര്‍ന്നുതുടങ്ങുമ്പോള്‍ 20 സെന്‍റീമീറ്റര്‍ അകലത്തില്‍ വാഴനാരുകൊണ്ട് കെട്ടിനിറുത്തണം. 3-4 മാസം പ്രായമാവുമ്പോള്‍ വെറ്റില നുള്ളിത്തുടങ്ങാം. ഈ സമയം കൊടികള്‍ക്ക് 2 മീറ്റര്‍ ഉയരമുണ്ടാവും. പുതിയ തലപ്പുകള്‍ പൊട്ടിത്തുടങ്ങും. വൈകുന്നേരങ്ങളിലാണ് വെറ്റില നുള്ളേണ്ടത്. ഒരാഴ്ചവരെ ദിവസവും വെറ്റില നുള്ളാം. പിന്നീട് 15 ദിവസമെങ്കിലും ഇടവേള നല്‍കണം. വെറ്റിലയില്‍ യാതൊരു രാസകീടനാശിനിയും തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അഥവാ വേണ്ടിവന്നാല്‍ തണ്ടുകളില്‍ മാത്രം തളിക്കുക. വിളവെടുത്തതിനുശേഷം മാത്രം 15 ദിവസത്തെ ഇടവളകളില്‍ മാത്രമേ പിന്നീട് വിളവെടുക്കാവൂ. ഇലപ്പുള്ളി രോഗം വന്നാല്‍ സ്യൂഡോമോണസ് 1 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുക. മീലിമുട്ടകളും ശല്‍ക്ക കീടങ്ങളും മറ്റുമാണ് പ്രധാന കീടങ്ങള്‍. ജൈവ കീടനാശഇനികള്‍ തളിക്കാം.
നന്നായി പരിപാലിക്കുന്ന തോട്ടങ്ങളാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാല്‍ ചെടികള്‍ക്ക് വളര്‍ച്ച മുരടിക്കും. ഇല വലിപ്പം കുറഞ്ഞാല്‍ ചെടികളെ തറയിലേക്ക് താഴ്ത്തിക്കൊണ്ടുവരണം. ചുവട്ടില്‍ നിന്നും താങ്ങുകാലുകളിലെ കെട്ടുകളഴിച്ച് ചുരുളകളാക്കി തറയില്‍ ഇടണം. തണ്ടുകളുടെ കൂമ്പ് ഒഴിവാക്കി ബാക്കി ഭാഗത്ത് മണ്ണിട്ട് മൂടുകയാമ് അടുത്തപടി. ഒരിഞ്ച് കനത്തില്‍ മണ്ണും വളവുമടങ്ങിയ മിശ്രിതമിട്ട് നനച്ചുകൊടുക്കണം.
നീര്‍വാര്‍ച്ചയുള്ള മണ്ണും നനയ്ക്കാനുള്ള വെള്ളവും എല്ലാത്തിനുമുപരി പണിയെടുക്കാനൊരു മനസ്സുമുണ്ടെങ്കില്‍ തെങ്ങിന്‍തോപ്പിലും മറ്റും ആദായകരമായി വളര്‍ത്താവുന്ന ഒന്നാണ് വെറ്റില. ഇടവിള കൃഷിയില്‍ നിന്നും പ്രധാന കൃഷിയോളം വരുമാനം തരുന്ന ഒന്ന്. മാര്‍ക്കറ്റിംഗിന് യാതൊരു തടസവും ഇല്ലാത്തതിനാലും ആവശ്യക്കാര്‍ വളരെയധികമായതിനാലും വെറ്റിലകൃഷിക്ക് നല്ല കാലമാണ് ഇനി വരാനുള്ളത്.
Leave a Reply