സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍, മന്ത്രിമാര്‍ പച്ചക്കറി തൈകള്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തില്‍ രാവിലെ 11.00 മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, എ.കെ. ശശീന്ദ്രന്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, സജി ചെറിയാന്‍, വി. എന്‍. വാസവന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരും കൃഷി ഡയറക്ടര്‍ ടി.വി. സുബാഷ് ഐ.എ.എസ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ആരതി എല്‍.ആര്‍ ഐ.ഇ.എസ് എന്നിവരും പങ്കെടുത്തു. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഒരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. ഞങ്ങളും കൃഷിയിലേക്ക് എന്ന മുഖ്യ പദ്ധതിയുടെ ഭാഗമായാണ് പ്രസ്തുത കാമ്പയിന്‍ ഈ വര്‍ഷം ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണ സീസണ്‍ മുന്നില്‍കണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ്് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, വനിത ഗ്രൂപ്പുകള്‍ക്കും, സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ഉടനെ തന്നെ ലഭ്യമാക്കും. കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതുതന്നെയാണ് പദ്ധതി ലക്ഷ്യം. ചീര, വെണ്ട, പയര്‍, പാവല്‍, വഴുതന തുടങ്ങിയ 5 ഇനം വിത്തുകള്‍ അടങ്ങിയ പത്ത് രൂപ വില മതിക്കുന്ന വിത്ത് പാക്കറ്റുകളായിരിക്കും കര്‍ഷകര്‍ക്കായി കൃഷിഭവന്‍ മുഖാന്തരം വിതരണം ചെയ്യുക.
Saturday, 7th September 2024
Leave a Reply