
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫലമാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാര്‍ബഡോസ് ചെറി എന്ന പേരിലും വെസ്റ്റ് ഇന്ത്യന്‍ ചെറി അറിയപ്പെടുന്നു. ജീവകം സി കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒരു ഫലമാണിത്. മാല്‍പീജിയേസ്യേ കുടുംബത്തില്‍ മാല്‍പീജിയ ഗ്ലാബ് എന്നതാണ് ശാസ്ത്രനാമം. മഴ ലഭിക്കുന്നതിനനുസരിച്ചാണ് ഇവ സാധാരണയായി പൂക്കുന്നതും കായ്കള്‍ ഉണ്ടാകുന്നതും. എന്നാല്‍ കുറച്ചൊക്കെ വരള്‍ച്ച പ്രതിരോധശേഷി ഉള്ളതായ ഫലവര്‍ഗ്ഗമാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. അഞ്ച് ഗ്രാം വരെയുള്ള ചെറിയ കായ്കളാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇവ പഴുക്കുമ്പോള്‍ ചിലത് മഞ്ഞയും ഓറഞ്ച് നിറത്തോട് കൂടിയതും, മറ്റ് ചിലത് ചുവന്ന് തുടുത്തതുമായിരിക്കും. മധുരവും പുളിപ്പും കലര്‍ന്ന രുചിയാണ് ഇതിനുള്ളത്. പഴങ്ങള്‍ കൂടുതല്‍ കാലം വയ്ക്കുമ്പോള്‍ നശിച്ചുപോകുന്നതുകൊണ്ട് പെട്ടെന്ന് തന്നെ ഇവ അച്ചാറിട്ടും മറ്റ് പാനീയങ്ങളില്‍ ചേര്‍ത്തും ഉപയോഗിക്കുവാന്‍ സാധിക്കും. കരളിന്റെ ആരോഗ്യത്തിനും രക്തയോട്ടം ഉണ്ടാകുവാനും വെസ്റ്റ് ഇന്ത്യന്‍ ചെറി നല്ലതാണ്. സൂര്യപ്രകാശം നല്ലരീതിയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് ഇവ നടുന്നതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ പോകുന്ന ഇതിന്റെ തൈകള്‍ ശാഖകളും ഉപശാഖകളുമായിട്ടാണ് വളരുന്നത്. വേരുപടലം കൂടുതലായി താഴോട്ടിറങ്ങാത്തതുകൊണ്ട് ഇടവിള കൃഷിയായും ഇത് നട്ടുവളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് പുളിപ്പ് ആറര മുതല്‍ ഏഴര വരെ ക്രമീകരിച്ച മണ്ണാണ് ഇവ നടുന്നതിനായി ഉത്തമം. വ്യാവസായിക അടിസ്ഥാനത്തില്‍ നടുമ്പോള്‍ 4.9 x 4.9 മീറ്റര്‍ അകലത്തില്‍ ഇവ നടാവുന്നതാണ്. ഒരു ഹെക്ടറില്‍ 420 തൈകള്‍ വരെ നടാം. ബി 15 എന്ന ഇനമാണ് ഇപ്പോള്‍ നടാനായി ഉപയോഗിക്കുന്നത്. വിത്ത് മുളപ്പിച്ചും കമ്പ് വേര് പിടിപ്പിച്ചും ഗ്രാഫ്റ്റിംഗ് നടത്തിയും തൈകള്‍ ഉണ്ടാക്കാം. വേരുപിടിച്ച കമ്പുകള്‍ നടുമ്പോള്‍ 15 കിലോഗ്രാം കമ്പോസ്റ്റ് അടിവളമായും 75 ഗ്രാം യൂറിയ 75 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 50 ഗ്രാം പൊട്ടാഷ് എന്നിവ ഒന്നാംവര്‍ഷവും ഇവയുടെ ഇരട്ടി രണ്ടാംവര്‍ഷവും കാലവര്‍ഷത്തിന് മുമ്പേ നല്‍കേണ്ടതാണ്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിളവെടുത്ത ശേഷം തൈകള്‍ വെട്ടിയൊരുക്കേണ്ടതാണ്.
Leave a Reply